പ്രഥമ മാനവ സാഹോദര്യദിനം

2019 ഫെബ്രുവരി 4-ന് അബുദാബിയില്‍ ഫ്രാന്‍സിസ് പാപ്പായുടേയും ഈജിപ്തിലെ വലിയ ഇമാം, ഷെയിക് അബ്ദുള്‍ അത്-തയ്യീബിന്റെയും സാന്നിദ്ധ്യത്തില്‍ ലോകത്തിലെ വിവിധ മതനേതാക്കള്‍ ചേര്‍ന്ന് ഒപ്പുവച്ച വിശ്വസഹോദര്യത്തിന്റെ പ്രഖ്യാപനത്തെ ആധാരമാക്കിയാണ് യുഎന്‍ മാനവസാഹോദര്യത്തിന്റെ അബുദാബി പ്രഖ്യാപനം നടന്നത്. അത് പഠിച്ചതിനുശേഷമാണ് ഫെബ്രുവരി 4, മാനവ സാഹോദര്യദിനമായി ആചരിക്കുവാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചതെന്ന് ഈജിപ്തിലെ വലിയ ഇമാമിന്റെ മുഖ്യ ഉപദേഷ്ടാവായിരുന്നതും ഇപ്പോള്‍ ഈജിപ്തിന്റെ പരമോന്നത നീതിപീഠത്തില്‍ ജഡ്ജായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന മഹമൂദ് അബ്ദുല്‍ സലേം വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഫെബ്രുവരി 4-ന് ലോകം മാനവ സാഹോദര്യദിനം ആഘോഷിക്കുമ്പോള്‍ ഐക്യരാഷ്ട്ര സഭയില്‍ ആ തീരുമാനം നടപ്പാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് അബുദാബി വിശ്വസാഹോദര്യ സമുന്നത കമ്മിറ്റിയിലെ അംഗമായ ജഡ്ജ്, മഹമൂദ് അബ്ദുല്‍ സലേം.വിശ്വസാഹോദര്യത്തിന്റെ സുവിശേഷം ഏറ്റുപറഞ്ഞു കൊണ്ട് 2020 ഒക്ടോബര്‍ 4-ന് ‘എല്ലാവരും സഹോദരങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ ഫ്രാന്‍സിസ് പാപ്പാ തന്റെ മൂന്നാമത്തെ ചാക്രികലേഖനം പ്രകാശനം ചെയ്ത അസ്സീസി പട്ടണത്തിലെ ചടങ്ങില്‍ ജഡ്ജ് സലേം സന്നിഹിതനായിരുന്നു.

സാഹോദര്യത്തിന്റെ വഴിയിലെ വലിയ കാല്‍വയ്പ്

എക്കാലവും മതത്തിന്റെ പേരിലുള്ള അക്രമപ്രവര്‍ത്തനങ്ങളെ അപലപിച്ചുകൊണ്ട് പാപ്പായും ഈജിപ്തിലെ ഇമാം ഷെയിഖ് അഹമ്മദ് അല്‍-തയ്യീബും അബുദാബിയില്‍ വിവിധ മതനേതാക്കളുടെയും എമിറേറ്റ് രാഷ്ട്രങ്ങളുടെ തലവന്മാരുടെയും സാന്നിദ്ധ്യത്തില്‍ പ്രകാശനം ചെയ്ത ലോകസമാധാനത്തിനും സാഹോദര്യജീവിതത്തിനുമുള്ള ഉടമ്പടി സമകാലീന രാഷ്ട്രീയസമൂഹത്തിന് വെളിച്ചമേകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അബുദാബിയില്‍ ഒപ്പുവച്ച വിശ്വസാഹോദര്യ പ്രഖ്യാപനത്തിന്റെ പ്രായോഗികമായ നടത്തിപ്പ് നിരീക്ഷിക്കുകയാണെങ്കില്‍ രാഷ്ട്രങ്ങള്‍ കൈകോര്‍ത്താല്‍ സാഹോദര്യത്തിന്റെ വഴികളില്‍ വലിയ കാല്‍വയ്പുകള്‍ നടത്താന്‍ സാധിക്കുമെന്ന് തെളിഞ്ഞുകഴിഞ്ഞുവെന്ന് അബദല്‍ സലേം അഭിപ്രായപ്പെട്ടു. നിരവധി രാഷ്ട്രങ്ങള്‍ അബുദാബി സാഹോദര്യരേഖ ചര്‍ച്ചയാക്കുവാനും സഹിഷ്ണുതയും സഹവര്‍ത്തിത്വവുമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്ന് ബോദ്ധ്യപ്പെടുവാനും ഇടയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരിയില്‍ ഉഴറിയ യാത്രികര്‍ക്കായി യുഎഇ -യില്‍ എമിറേറ്റ്‌സ് മാനവിക സഹായസമിതി സ്ഥാപിക്കുകയും കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും സഹാനുഭൂതിയോടെ സമീപിക്കുവാന്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നുണ്ടെന്നും ജഡ്ജ് സലേം വെളിപ്പെടുത്തി. മതവും വംശീയതയും ഉച്ചനീചത്വവുമല്ല, മാനവസഹോദര്യം ഒന്നുകൊണ്ടു മാത്രമേ എല്ലാവര്‍ക്കും കാലത്തിന്റെ വിപത്തായ കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയെ അതിജീവിക്കുവാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.