അത് കല്യാണം ആയിരുന്നില്ല: ഒരു ആദ്യകുര്‍ബാന സ്വീകരണ ഓര്‍മ്മ

മിനു മഞ്ഞളി

പഠനമല്ലാതെ  മറ്റൊരു ജോലിയും തലയില്‍ ഏല്‍പ്പിക്കപ്പെടാത്ത സുവര്‍ണ്ണ ബാല്യ കാലം. ഒഴിവു സമയം എങ്ങനെ ചിലവഴിക്കും എന്നോര്‍ത്ത് ജനാലയില്‍ കൂടി അന്ന് പുലരിയില്‍ വിടര്‍ന്ന റോസാപ്പൂവിനെയും നോക്കിയിരുന്ന ഒരു പകല്‍ സമയം. പെട്ടെന്നാണ് പഴയ ആല്‍ബങ്ങള്‍ നോക്കാം എന്ന ചിന്ത ഉണ്ടായത്. ഉടനെ പോയി ആല്‍ബങ്ങള്‍ വച്ചിരുന്ന കവര്‍ എടുത്തു അടുക്കളയിലുള്ള അമ്മയുടെ അടുത്തേക്ക്‌ പോയി.

ഒരു ആല്‍ബം എടുത്ത്, ആദ്യത്തെ പേജ് മറിച്ച് നോക്കി. “ഓ, ഇത് ചേച്ചിയുടെ കല്ല്യാണ ആല്‍ബം ആണല്ലോ.”

ഒരു ഞെട്ടലോടെ അമ്മ എന്നെ നോക്കി. “കല്ല്യാണമോ?” ചേച്ചിയ്ക്ക് അന്ന് 11 വയസ് പ്രായം; എനിക്ക് ഏഴും.

“അതേ. അമ്മേ, ദാ ചേച്ചി വെള്ളയുടുപ്പൊക്കെ ഇട്ടു നില്‍ക്കുന്നു.” തെല്ലും സംശയമില്ലാതെ ഞാന്‍ തറപ്പിച്ചു പറഞ്ഞു. “ഇത് കല്യാണം തന്നെ.”

ഒരു ചെറു പുഞ്ചിരിയോടെ അമ്മ പറഞ്ഞു. “മോളെ അത് ചേച്ചിയുടെ ആദ്യ കുര്‍ബാനയുടെ ഫോട്ടോയാണ്. കല്യാണമല്ല.” വിശുദ്ധിയുടെ നിറം വെളുപ്പാണന്ന് അന്നേ മനസ്സില്‍ ഉറപ്പിച്ചു. അത് കൊണ്ടാണല്ലോ മാമ്മോദീസയ്ക്കും ആദ്യകുര്‍ബാനയ്ക്കും കല്ല്യാണത്തിനും എല്ലാം വെള്ള വസ്ത്രം ധരിക്കുന്നത്. അച്ചന്മാരും സിസ്റ്റര്‍മാരും വെള്ള വസ്ത്രം ധരിക്കുന്ന കാര്യവും എന്റെ മനസ്സില്‍ ഉണ്ടായിരുന്നു.

ഞാന്‍ അമ്മയുടെ അടുത്തേക്ക്‌ ചേര്‍ന്നു നിന്ന് ആകാംഷയോടെ ചോദിച്ചു. “എന്‍റെ ഈ വെള്ളയുടുപ്പു കല്ല്യാണം എന്നാ?”

എന്നെ  വാരിപ്പുണര്‍ന്നു കൊണ്ട് അമ്മ പറഞ്ഞു. “മോള്‍ക്ക്‌ ഈശോയെ സ്വീകരിക്കാന്‍ പ്രായമാകട്ടെ. തിരിച്ചറിവോടെ ഈശോയെ സ്നേഹിക്കാന്‍ പ്രാപ്തി വരട്ടെ. ചേച്ചിയെപ്പോലെ വെള്ളയുടുപ്പൊക്കെ ഇട്ടു നമുക്ക് ഈശോയെ സ്വീകരിക്കാട്ടോ. ഫോട്ടോയും എടുക്കാം.”

എനിക്കും ഒരുനാള്‍ അങ്ങനെ വെള്ളയുടുപ്പൊക്കെ ഇട്ടു, ഫോട്ടോയെല്ലാം എടുക്കാലോ! സന്തോഷമായി, തൃപ്തിയായി. അങ്ങനെ കാത്തിരിപ്പായി. എല്ലാരും എന്നെ കാണാന്‍ വരുന്നതും, സമ്മാനം തരുന്നതും, പള്ളിയിലേക്ക് ഞാന്‍ വെള്ളയുടുപ്പണിഞ്ഞു, തലയില്‍ കിരീടവും ചൂടി, മന്ദം മന്ദം ദേവാലയത്തിന്റെ പടികളിലൂടെ നടന്നു കയറുന്നതും എല്ലാം പിന്നീട് സ്വപ്നത്തിലെ സ്ഥിരം കാഴ്ചകളായി മാറി.

അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി. പള്ളിയില്‍ പല ആദ്യകുര്‍ബാന സ്വീകരണങ്ങളും നടന്നു. മറ്റൊരു വേനലവധിക്കാലം പറന്നെത്തി. എന്റെ സ്വപ്നത്തിനു നിറം പകരാന്‍ ഈശോ സ്വര്‍ഗ്ഗത്തിന്ന് അയച്ച ആ സുന്ദര വേനലവധിക്കാലം. പപ്പ മമ്മിയോടു പറയുന്നത് കേട്ടാണ് ഞാന്‍ അറിഞ്ഞത്. “മോള്‍ടെ ആദ്യകുര്‍ബാനസ്വീകരണം ഈ വര്‍ഷം നടത്തേണ്ടേ?” പപ്പയുടെ ചോദ്യം കേട്ട് മമ്മി തെല്ലും സംശയമില്ലാതെ പറഞ്ഞു. “വേണം. അവളു കൊറേ കാലമായി കാത്തിരിക്കുന്നതാ.” ഇത് കേട്ടപ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തോഷം!

പിന്നിടാണ് ഞാന്‍ അറിയുന്നത്. അങ്ങനെ വെള്ളയുടുപ്പു ഇട്ടു പോയാല്‍ മാത്രം ഈശോയെ സ്വീകരിക്കാന്‍ പറ്റില്ലാന്ന്. ഒരു മാസം ഒരുങ്ങി, മഠത്തില്‍ ക്ലാസ്സിനെല്ലാം പോയി, അടുത്ത മാസം ആവണം പോലും ആ ചടങ്ങ് നടക്കാന്‍! ഇതൊരു വലിയ സംഭവമാണെന്ന് അന്നാണ് എനിക്ക് മനസ്സിലായത്. അയല്‍പക്കത്തെ റോസ്മേരിയുടെയും സോനുന്റെയും കൂടെ കളിവീട് ഉണ്ടാക്കി കളിക്കാമെന്ന് ഏറ്റതും അമ്മവീട്ടില്‍ പോകണമെന്ന് ആഗ്രഹിച്ചതും എല്ലാം കാറ്റില്‍ പറന്നു പോയി. വേനലവധികാലത്തെ വിനോദങ്ങള്‍ക്ക് അവധി കൊടുത്ത് ഈശോയ്ക്കു വേണ്ടി ഒരുങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.

ആദ്യകുര്‍ബാനക്ലാസുകള്‍ ആരംഭിച്ചു. നമസ്ക്കാരങ്ങളും പല പ്രാര്‍ത്ഥനകളും ഉള്ള പുസ്തകങ്ങള്‍ ആദ്യ ദിവസം തന്നെ സിസ്റ്റര്‍ എല്ലാവര്‍ക്കും തന്നു. കൂടെ ഒരുപിടി ഉപദേശങ്ങളും. നാളെ മുതല്‍ എല്ലാ ദിവസവും എല്ലാവരും പള്ളിയില്‍ കുര്‍ബാനയ്ക്ക് വരണം. പള്ളിയുടെ ഏറ്റവും മുന്‍പിലായി മുട്ടുകുത്തണം. അങ്ങനെ ഈശോയോട് ചേര്‍ന്നു നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതത്തില്‍ ഈ മാസം ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങാന്‍ ലഭിക്കുന്ന അവസരം പിന്നീട് നിങ്ങള്‍ക്കൊരു മുതല്‍കൂട്ടായിരിക്കും… എന്നൊക്കെ സിസ്റ്റര്‍ ഓര്‍മിപ്പിച്ചു.

ഇതിനെല്ലാം പുറമേ ഞങ്ങള്‍ക്കെല്ലാം ഒരു പുതിയ പ്രാര്‍ത്ഥനയും ചൊല്ലുവാന്‍ പഠിപ്പിച്ചുതന്നു. സുകൃതജപം!!! ‘എന്‍റെ അമ്മേ, എന്‍റെ ആശ്രയമേ’ – ആദ്യമായി പഠിപ്പിച്ചു തന്നത് ആ സുകൃതജപം ആയിരുന്നു. ഉറങ്ങുന്ന സമയമൊഴികെ പറ്റാവുന്ന സമയത്തെല്ലാം ഇത് പ്രാര്‍ത്ഥിക്കാനും നിര്‍ദേശിച്ചു. വളരെ ചെറിയ പ്രാര്‍ത്ഥന. ഞങ്ങള്‍ക്കെല്ലാം അത് വളരെ ഇഷ്ടപ്പെട്ടു. അങ്ങനെ ആ ദിവസം കടന്നു പോയി.

വീട്ടില്‍ ചെന്ന് വിശേഷങ്ങള്‍ എല്ലാംപറഞ്ഞു. അപ്പൂപ്പന്‍റെ കൂടെ സൈക്കിളില്‍ പിറ്റേന്ന് മുതല്‍ കുര്‍ബാനയ്ക്ക് പോകാന്‍ അനുവാദവും കിട്ടി. ആദ്യമായാണ് ഞാന്‍ സൈക്കിള്‍ റോഡിലൂടെ ഓടിക്കുന്നത്. അപ്പൂപ്പന്‍ കൂടെഉള്ളത് ഒരു ആശ്വസമായി. വലിയ ഉത്സാഹത്തോടെ ഞാന്‍ നേരത്തെ എഴുന്നേറ്റു. നേരം വെളുക്കുന്നതിനു മുന്‍പേ പോയി, കോമാങ്ങ പെറുക്കേണ്ട കാലമായിരുന്നു അത്. എന്നാലും സാരമില്ല, ഈശോയ്ക്കുവേണ്ടിയല്ലേ എന്നോര്‍ത്ത് ഞാന്‍ പള്ളിയില്‍ പോകാന്‍ ഒരുങ്ങി. ചുവപ്പ് നിറമുള്ള അപ്പൂപ്പന്‍റെ സൈക്കിളിന്റെ നിറം മങ്ങി തുടങ്ങിയിരുന്നു. എന്നാലും അപ്പൂപ്പന്‍ അതില്‍ പോകുന്നത് കണ്ടാല്‍ ബെന്‍സിലിരിക്കുന്ന പ്രൌഡി ഉണ്ട്. എന്റേതു നല്ല പുതിയ ലേഡിബേര്‍ഡ് സൈക്കിള്‍ ആണ്. സത്യം പറയാലോ, ചേച്ചിയുടെ സൈക്കിള്‍ ആണ്. അവളുടെ മനസ്സില്‍ നന്മയുള്ളത് കൊണ്ട് എനിക്ക് ധൈര്യമായി ഓടിക്കാന്‍ തന്നു. അങ്ങനെ വളരെ വിജയകരമായി ആയി ഞങ്ങള്‍ ഓട്ടം പൂര്‍ത്തിയാക്കി കുര്‍ബാന കണ്ട് വന്നു.

സമയത്തിനു മുന്‍പേ പോയി ക്ലാസ്സിലെ ഒന്നാം നിരയില്‍ സീറ്റ്‌ പിടിക്കാന്‍  ഞാന്‍ മറന്നില്ല. പണ്ടേ അങ്ങനെയാണ്. ഒന്നാം നിരയില്‍ ഇരുന്നാല്‍ രണ്ടുണ്ട് ഗുണം. ഒന്ന്, ക്ലാസ്സ്‌ നമുക്ക് ഇഷ്ടമായെങ്കില്‍ നന്നായി ശ്രദ്ധിക്കാം. രണ്ട്, ക്ലാസ് ഇഷ്ടം ആയില്ലങ്കില്‍ വെറുതെ ഇരിക്കാം. സാധാരണ, ടീച്ചര്‍മാര്‍ ഒന്നാം നിര ശ്രദ്ധിക്കില്ല എന്നാണ് എന്റെ വിശ്വാസം. അതെല്ലാം അവിടെ നില്‍ക്കട്ടെ. ക്ലാസ്സ്‌ തുടങ്ങിയില്ലെങ്കിലും ആരും മിണ്ടുന്നില്ല. കലപില കൂട്ടുന്നില്ല. എല്ലാവരും ആ കൊച്ചു പ്രാര്‍ത്ഥന ചൊല്ലികൊണ്ട്‌ ആരാണ് ഈശോയെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുക എന്ന് മനസ്സില്‍ പന്തയം വച്ച പ്രതീതി ആയിരുന്നു. ഇന്റെര്‍വല്‍ സമയത്തും വീട്ടിലേക്ക് നടന്നു പോകുമ്പോഴും സംസാരിക്കരുത് എന്ന് സിസ്റ്റര്‍ പറഞ്ഞത് ആരും മറന്നില്ല. പല ദിവസങ്ങളും കൂടുതല്‍ സുകൃതജപങ്ങള്‍ ചൊല്ലുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ സിസ്റ്ററും ടീച്ചര്‍മാരും ശ്രദ്ധിച്ചതും ഞങ്ങള്‍ക്ക് കൂടുതല്‍ പ്രാര്‍ഥിക്കുവാന്‍ ഉന്മേഷം പകരുന്ന മധുരം നിറഞ്ഞ അനുഭവങ്ങള്‍ ആയിരുന്നു.

ഇന്ന് തിരക്കു മൂലം ആദ്യകുര്‍ബാന സ്വീകരണത്തിനൊരുക്കമായ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുന്ന കുഞ്ഞുങ്ങള്‍ നമുക്ക് മുന്‍പില്‍ വലിയൊരു വെല്ലുവിളി അല്ലേ ഉയര്‍ത്തുന്നത്. നമുക്ക് ചെയ്യാവുന്നത്, വീട്ടിലിരുന്നുകൊണ്ട് അവരെ ഒരുക്കുക എന്നതാണ്. ആത്മീയമായ ഏതൊരു ഒരുക്കവും ഒരുനാളും പാഴായിപോകുന്നിലല്ലോ.

കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ അതാ ആ ദിവസം വന്നെത്താറായിരിക്കുന്നു. ഞങ്ങളുടെ ദേവാലയവും നന്നായി ഒരുക്കാന്‍ എല്ലാവരും ശ്രദ്ധിച്ചു. തണ്ടെല്ലാം ഒടിച്ചു,  തൂവെള്ള പൂക്കള്‍ ബോക്കെയാക്കാന്‍ സിസ്റ്റര്‍മാര്‍ക്കൊപ്പം ഞാനും പങ്കുചേര്‍ന്നു. വലിയ ഉല്സാഹമായിരുന്നു അതിനെല്ലാം. അങ്ങനെ പൂക്കളെല്ലാം ഒരുക്കി പാത്രങ്ങളിലാക്കി. ഇനി അള്‍ത്താരയിലേക്ക്. പാത്രമെല്ലാം എടുത്തു തരൂ എന്നും പറഞ്ഞു ഒരു സിസ്റ്റര്‍ അകത്തേക്ക് നടന്നു. ഈശോയെ! മനസ്സില്‍ ഒരു പേടി. ആദ്യമായാണ് അള്‍ത്താരയിലേക്ക് കയറാന്‍ പോകുന്നത്. വേണോ? വീണ്ടും മനസ്സില്‍ ഒരു പേടി. സിസ്റ്റര്‍ ധൈര്യം തന്നു.” ഇങ്ങു വന്നോളു. കുമ്പസാരിച്ച് ഒരുങ്ങി നാളെ ഈശോയെ സ്വീകരിക്കാന്‍ പോകുകയല്ലേ.” വിശുദ്ധിയില്‍ ജീവിച്ച് ഈശോയെ സ്വീകരിക്കുമ്പോള്‍ നാമും ഒരു അള്‍ത്താരയായി മാറും എന്ന് എന്നെ പഠിപ്പിച്ചത് ആ സിസ്റ്റര്‍ ആണ്.

അന്ന് രാത്രി വൈകിയാണ് ഉറങ്ങിയത്. പലവിധ ചിന്തകളായിരുന്നു. നാളെ മുതല്‍ ഈശോയോടോപ്പമല്ലേ. ആദ്യമായി ഈശോയെ സ്വീകരിക്കുമ്പോള്‍ എങ്ങനെയാകും അനുഭവപ്പെടുക. അമ്മയും ചേച്ചിയും കുര്‍ബാന സ്വീകരിച്ചു വരുന്നത് കാണുമ്പോള്‍ കൊതിയോടെ നോക്കിയിരുന്നുണ്ട്. ആയിടയ്ക്കാണ്‌ കഞ്ചിക്കോട്ട് റാണി ചേച്ചി കുര്‍ബാന സ്വീകരിച്ചപ്പോള്‍ ദിവ്യകാരുണ്യം മാംസമായി മാറിയ ഫോട്ടോ ആരോ കൊണ്ട് വന്നു കാണിച്ചു തന്നതും. ദൈവമേ അങ്ങെനെയെങ്ങാനും എനിക്ക് സംഭവിക്കുമോ. വീട്ടിലാണെങ്കില്‍ ആകെ ബഹളം. എല്ലാ ബന്ധുക്കളും എത്തിയിട്ടുണ്ട്. പിറ്റേ ദിവസത്തേയ്ക്കുള്ള ഡ്രസ്സ്‌ എല്ലാം ഒതുക്കി വച്ചു നേരത്തെ കിടന്നുറങ്ങാന്‍ പറഞ്ഞു അമ്മ റൂമിലേക്ക്‌ വിട്ടത് ഓര്‍ക്കുന്നു. അങ്ങനെ ആ രാത്രിയും മറ്റൊരു പകലിനായി വഴിമാറികൊടുത്തു.

എല്ലാ ആത്മീയ ഒരുക്കത്തിന്റെയും അകമ്പടിയോടെ വെള്ളയുടുപ്പും കിരീടവുമായി ഞാനും എല്ലാവര്‍ക്കുമൊപ്പം ദേവാലയത്തിലേക്ക് നടന്നു. മനസ്സില്‍ പേടി ഉണ്ടെങ്കിലും അതൊന്നും മുഖത്തു കാണിക്കാതെ പപ്പയുടെയും മമ്മിയുടെയും കൂടെ ഞാന്‍ നടന്നടുത്തു, എന്‍റെ ഉണ്ണിശോയെ സ്വീകരിക്കാന്‍. പതിവില്ലാതെ ഒരു അനുഭവമായിരുന്നു അന്ന് പള്ളിയില്‍ വന്നപ്പോള്‍. ജനിച്ച നാള്‍ മുതല്‍ കാണാന്‍ തുടങ്ങിയതാണെങ്കിലും അന്നാ ദേവാലയം എനിക്കൊത്തിരി പ്രിയപ്പെട്ടതായി മാറി.

ഒടുവില്‍ ആ സമയം വന്നെത്തി! സിസ്റ്റര്‍ പറഞ്ഞു തന്നതെല്ലാം മനസ്സില്‍ ഓര്‍ത്ത്‌, പ്രാര്‍ത്ഥിച്ച്, കൈകൂപ്പി, ഞാന്‍ നാവു നീട്ടി. ഈശോയെ എന്നില്‍ കടന്ന് വരണമേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു. ഈശോ അതാ എന്നിലേക്ക്‌ കടന്നു വന്നിരിക്കുന്നു. ഫോട്ടോ എടുക്കുന്ന ചേട്ടനെയോ അച്ചനെയോ കൂടെ നില്‍ക്കുന്ന പപ്പയെയോ മമ്മിയെയോ ഒന്നും എനിക്കൊര്‍മയില്ല. ഞാനും എന്‍റെ ഈശോയും മാത്രം. പ്രാര്‍ത്ഥനാപൂര്‍വ്വം തിരികെ നടന്നു. വന്നു മുട്ടുമടക്കി കൈകള്‍ കൂപ്പി. എല്ലാ വിശുദ്ധിയോടും കൂടി സ്വീകരിച്ച ഈശോയോടു എന്താഗ്രഹവും ചോദിക്കാം, നടത്തി തരും എന്ന് പറഞ്ഞു തന്ന സിസ്റ്റര്‍ എന്നെ പലതും പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിച്ചു. ഈശോയെ എന്നും എന്നിക്കൊപ്പമുണ്ടാകണമേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ച ആ നിമിഷം, അന്നത്തെ ആ ദൈവിക സ്നേഹാനുഭവം ഒത്തിരി വിലപ്പെട്ടതായിരുന്നു.

കൊന്ത കൈയില്‍ പിടിച്ചു സുകൃത ജപം ചൊല്ലികൊണ്ട്‌ കടന്നു പോയ ആ വഴികള്‍ ഇന്നും ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. പിന്നീട് പല വേനലവധികാലത്തും ആ വഴിയില്‍ കൂടി നടന്നു പോയപ്പോഴും എന്തേ ഞാന്‍ ആ സുകൃതജപങ്ങളെ കൂട്ടുപിടിക്കാതിരുന്നത്?

ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ നാം ചെയ്ത ഒരുക്കങ്ങളിലേക്ക് നമുക്ക് ഒരു നിമിഷം ഓര്‍മയിലൂടെ സഞ്ചരിക്കാം. എത്രയോ ആത്മീയ ഒരുക്കതോടെയായിരുന്നു ഞാനും നീയും ഈശോയെ ആദ്യമായി സ്വീകരിച്ചത്. ആ ആത്മീയ ഒരുക്കത്തിന്‍റെ നൂറില്‍ ഒരംശം എങ്കിലും ഒരുങ്ങാന്‍ ഇന്ന് സാധിക്കുന്നുണ്ടോ? അന്ന് നാം അനുഭവിച്ച ആത്മീയ ആനന്ദവും ദൈവിക സ്നേഹവും ജീവതത്തില്‍ അനുഭവിക്കാന്‍ നമുക്കിന്നാകുന്നുണ്ടോ?

ആദ്യകുര്‍ബാന സ്വീകരണ ദിവസം നമുക്ക് ഓര്‍ക്കാം. അന്നത്തെ ആ ആത്മീയ അനുഭവം വീണ്ടെടുക്കാന്‍ നെഞ്ചുരുകി പ്രാര്‍ത്ഥിക്കാം.

നന്ദി, ആദ്യ കുര്‍ബാനയ്ക്ക് ഒരുക്കിയ സിസ്റ്റര്‍മാര്‍ക്ക്, അധ്യാപര്‍ക്ക്…

ഇരു വശങ്ങളിലും നിന്ന് അള്‍ത്താരയിലേയ്ക്ക് നയിച്ച മാതാപിതാക്കള്‍ക്ക്…

ആദ്യമായി ഈശോയെ നാവിലേയ്ക്കു വച്ചുതന്ന വൈദികന്…

മിനു മഞ്ഞളി  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.