മെയ് ഒന്നാം തീയതി ഒരു ഓർമ്മക്കുറിപ്പ്

1986 മെയ് ഒന്നാം തീയതി ആയിരുന്നു എന്റെ ആദ്യകുർബാന സ്വീകരണം. ഞങ്ങൾ 23 കുട്ടികൾ. എന്റെ സഹോദരിയുടെയും എന്റെയും കുർബാന സ്വീകരണം ഒരുമിച്ചായിരുന്നു. ലിസി ടീച്ചറാണ് ആദ്യകുർബാന സ്വീകരണത്തിന് ഞങ്ങളെ ഒരുക്കിയത്. പച്ചകെടാതെ സ്നേഹാദരവുകളോടെ ഇപ്പോഴും എന്റെ മനസിലുണ്ട് ആ വിശുദ്ധ കന്യാസ്ത്രീയുടെ ക്ലാസുകളും മാതൃകാജീവിതവും.

പാലാ രൂപതയിലുള്ള കുന്നോന്നിയായിരുന്നു എന്റെ ഇടവക. സ്നേഹവാത്സല്യനിധിയായ ജോർജ്ജ് പുതിയാപറമ്പിൽ അച്ചനാണ് എനിക്ക് ആദ്യമായി ഈശോയെ നാവിൽ തന്നത്. ആ ദിവ്യനിമിഷത്തിന്റെ പരിശുദ്ധിയിൽ കുറെ സമയം കണ്ണുകൾ അടച്ച് മൗനത്തിലാകാനും ഉപദേശിച്ചത് അച്ചനായിരുന്നു. ദിവ്യബലിയും – പ്രസംഗവും ഹൃദയസ്പർശിയായിരുന്നു.

പള്ളി നിറയെ ആളുകൾ. 23 കുട്ടികളുടെ ഫോട്ടോ എടുക്കാൻ ഒരേയൊരു ഫോട്ടോഗ്രാഫർ. ദേവാലയത്തിലെ നിശബ്ദതയും ചൈതന്യവും ഇന്നും മനസിലുണ്ട്. കുർബാന കഴിഞ്ഞ് ഞങ്ങൾ കുട്ടികൾക്കെല്ലാവർക്കും സ്കൂളിൽ കാപ്പിയുണ്ട്. ഞങ്ങളുടെ ബന്ധുമിത്രാദികളും പ്രിയപ്പെട്ടവരും ഞങ്ങൾക്കൊപ്പം സ്കൂളിൽ വന്നു. അവർക്ക് കാപ്പിയില്ലാഞ്ഞിട്ടും.

കാപ്പികുടി കഴിഞ്ഞ് ഫോട്ടോ എടുക്കുന്നതിന്റെ തിരക്ക്. അതിനിടയിലും 23 കുട്ടികൾ സ്നേഹത്തോടെ പരസ്പരം സൗഹൃദങ്ങൾ പങ്കുവച്ചു. വീടുകളിലേക്ക് പോകാൻപോലും കൂട്ടാക്കാതെ!

വീട്ടിൽ ചെന്നപ്പോൾ 10.45 ആയി.

കുർബാന സ്വീകരണത്തിന് ക്ഷണിക്കപ്പെട്ട അതിഥികൾ 60 പേർ. വളരെ ലളിതമായ ഭക്ഷണം – ലളിതമായ വസ്ത്രങ്ങളും ആഘോഷങ്ങളും. വലിയ സ്നേഹത്തോടെ കൊച്ചുകൊച്ചു സമ്മാനങ്ങൾ അവരെല്ലാവരും ഞങ്ങൾക്ക് നൽകി.

എന്തൊരാനന്ദമായിരുന്നെന്നോ? അവിടെനിന്ന് ആത്മീയതയുടെ പുത്തൻ ഉണർവ്വോടെ യാത്രചെയ്ത് പൗരോഹിത്യത്തിന്റെ വഴിയിൽ എത്തിയിരിക്കുന്നു. കിട്ടിയ ആത്മീയചൈതന്യം ഒട്ടും നഷ്ടപ്പെടുത്തിക്കളയാതെ ഞങ്ങളെ മുന്നോട്ടു നയിക്കാൻ – നല്ല അദ്ധ്യാപകർ – സി. മേഴ്സിറ്റ, സി. സാവിയോ, സി.അൽഫോൻസ്, സി. ലിസി എന്നിങ്ങനെ കുറെപ്പേരെ ദൈവം നൽകി. ഞങ്ങളുടെ ഹൃദയത്തിൽ നിന്നും ഒരിക്കലും ഈശോയെ നഷ്ടപ്പെടുത്തിക്കളയാതിരിക്കാൻ ബഹു. ജോസ് വള്ളോംപുരയിടത്തച്ചനെയും കർത്താവ് കനിഞ്ഞ് ഞങ്ങൾക്ക് നൽകി. നല്ല കുറെ കൂട്ടുകാരും…

ഇന്ന്, മെയ് 1 – എത്ര ദേവാലയങ്ങളിലാണ് ആദ്യകുർബാന സ്വീകരണം നടക്കുക –

ആദ്യകുർബാന സ്വീകരണത്തിന്റെ ഡ്രസ്, കല്യാണച്ചെറുക്കൻ വരുന്നതുപോലെ അലങ്കരിച്ച ബെൻസ് കാറിൽ കൊച്ചിനെ പള്ളിയിലേക്ക് കൊണ്ടുവരുന്നു.
മാതാപിതാക്കളുടെ വസ്ത്രാലങ്കാരം, ഭക്ഷണം – അതിന്റെ ആർഭാടം, അതിഥികൾ, ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ. മദ്യ- മാംസ സൽക്കാരം – വലിയ സമ്മാനങ്ങൾ!

പള്ളിയിൽ ദിവ്യബലിക്കിടയിൽ മുഴുവൻ ആൾക്കാരും പരസ്പരം സംസാരിക്കുന്നു.
എല്ലാവരുടെയും കയ്യിൽ മൊബൈൽ ക്യാമറ. മത്സരിച്ച് ഓരോരുത്തരും ഫോട്ടോ എടുക്കുന്നു.

ആത്മീയ അനുഭവം ലേശമില്ലാതെ – ആഘോഷം മാത്രം കണ്ട് അന്തം വിട്ട്നിൽക്കുന്ന പാവം കുഞ്ഞുങ്ങൾ! ആദ്യമായി ഈശോയെ സ്വീകരിച്ചിട്ട് ഒന്ന് കണ്ണടച്ചു പിടിക്കാൻ – നിശബ്ദതയിൽ ഈശോയോട് പ്രാർത്ഥിക്കാൻ കഴിയാത്ത കുട്ടികൾ!

ഇതാണ് ആധുനിക ആത്മീയത.

മൗനത്തെ എതിർക്കുന്ന നിശബ്ദതയെ തള്ളിപ്പറയുന്ന ആത്മീയത. ഫലമോ കുട്ടികളെല്ലാം ഹൈപ്പർ ആക്ടീവ്.

പണം – അത് സമ്പാദിക്കാൻ മാത്രമായുള്ള വിദ്യാഭ്യാസം. കുട്ടികൾ പഠിക്കേണ്ട കോഴ്സ് മാതാപിതാക്കൾ തിരഞ്ഞെടുക്കുന്നത് കുട്ടികളുടെ കൈകളിൽ കോടികൾ വരുമോ എന്നറിഞ്ഞതിനു ശേഷമാണ്. എന്നിട്ടോ? പഠനം പൂർത്തിയാക്കാൻ കഴിയാതെ മാനസികരോഗികളായി പാതിവഴിയിൽ തകർന്നടിയുന്ന ബാല്യവും കൗമാരവും! പണത്തിനു വേണ്ടിയുള്ള ഓട്ടത്തിൽ – സെക്സും മയക്കുമരുന്നുകളും ഈ പാവങ്ങളെ അടിമപ്പെടുത്തുമ്പോൾ നമുക്ക് നഷ്ടപെടുന്നത് ഒരു തലമുറയെ ആണ്.

നമ്മുടെ സമൂഹത്തിൽ അകാലമരണങ്ങൾ കൂടുകയാണ്: കുട്ടികൾ എത്ര പേരാണ് അകാലത്തില്‍ മരിച്ചുപോകുന്നത്? എത്ര കുട്ടികളാണ് മാരകരോഗങ്ങൾക്ക് അടിമപ്പെടുന്നത്? എന്നിട്ടെന്തേ നമ്മുടെ കണ്ണുകള്‍ ഇനിയും തുറക്കാത്തത്? ഇതിനെല്ലാം നാം ദൈവത്തെ പഴിചാരും. അവന് അത്രയേ ആയുസ് തമ്പുരാൻ കൊടുത്തൊള്ളു, എന്തു ചെയ്യാം? എന്നൊക്കെ പറഞ്ഞ് സ്വയം ആശ്വസിക്കും.

നല്ല മാതാപിതാക്കളും, നല്ല അദ്ധ്യാപകരും, നല്ല പുരോഹിതരും മാത്രം മതി ഈ തലമുറയെ രക്ഷിക്കാൻ. വിദ്യാഭ്യാസവും ആത്മീയതയും കച്ചവടമാകുമ്പോൾ പിന്നെ ആരോട് എന്തു പറയാൻ. ഒരു കൊച്ചിന് ഒരു വർഷം പഠിക്കാൻ ചിലവ് ഒരു ലക്ഷം രൂപ! പഠിച്ചിറങ്ങിയാലോ? ചിന്തിക്കുക. ആത്മീയതയും കച്ചവടമായാലോ?

തന്റെ വ്രതശുദ്ധിയാലും, ജീവിതക്രമങ്ങളാലും പ്രാർത്ഥനയോടെ ശാന്തമായി ജീവിക്കേണ്ട ആത്മീയഗുരുക്കൾ, തങ്ങൾ നടത്തുന്ന ആത്മീയവിരുന്നിന് തുക നിശ്ചയിക്കുമ്പോൾ, തന്റെ പേരും, രൂപവും അടങ്ങിയ ഫ്ലക്സ് ഇത്രയെണ്ണം ഇന്ന സ്ഥലങ്ങളിൽ സ്ഥാപിക്കണം എന്നു പറയുമ്പോൾ, പൂക്കളുടെ എണ്ണവും, സൗണ്ട് സിസ്റ്റത്തിന്റെ വാട്സും, ബസ്സിന്റെ മുകളിൽ കെട്ടിവയ്ക്കാനുള്ള ഫ്ലക്സിന്റ എണ്ണവും, വിൽക്കേണ്ട പുസ്തകങ്ങളുടെ കണക്കും പറയുമ്പോൾ ഇത് കച്ചവടത്തിന്റെ ആത്മീയതയാണ് എന്ന് തിരിച്ചറിയാൻ അബ്ദുൾ കലാമിന്റെ ബുദ്ധിയോ, വിവേകാനന്ദന്റെ സിദ്ധിയോ വേണ്ട! മറിച്ച് മിനിമം ശ്രദ്ധ മതി!

നിന്റെ വീട്ടിൽ പ്രാർത്ഥിക്കാൻ വന്നവൻ, നിന്റെ വീടിന്റെ ജനലാണ് പ്രശ്നമെന്നും, വീട്ടിലേക്ക് കയറുന്ന നടകൾ 6 എണ്ണമുണ്ട് 4 എണ്ണം മതിയെന്നുമൊക്കെ പറയുമ്പോൾ അവരെ ചുമക്കാൻ ആൾക്കാർ ഉള്ളിടത്തോളം കാലം യഥാർത്ഥ രക്ഷ, വിദൂരത്ത് തന്നെയാവും. സിദ്ധമാരുടെ കാലമാണ് ഇത്! സ്വയം ആളാകാൻ സ്വന്തം തന്ത്രങ്ങൾ മെനയുന്നവർ! നമുക്ക് വേണ്ടത് യഥാർത്ഥ ക്രിസ്തു പ്രഘോഷണമാണ്! യഥാർത്ഥ ക്രിസ്തു പ്രഘോഷകരെയാണ്! പ്രസംഗമല്ല- ജീവിതമാണ് യഥാർത്ഥ സാക്ഷ്യം.

ഉപരിപ്ലവമായ ശബ്ദകോലാഹലങ്ങൾ നിറഞ്ഞ ആത്മീയതയിൽ നിന്നും നിശബ്ദതയുടെ – ശാന്തതയുടെ – മൗനത്തിന്റെ ആത്മീയത സ്വന്തമാക്കാൻ സമയമായി! അടയാളങ്ങൾക്കല്ല ആഴമുള്ള ആത്മീയാനുഭവത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. മാറിച്ചിന്തിക്കേണ്ട സമയം സമാഗതമായി!

ഇല്ലായെങ്കിൽ മെയ് 1 ഇങ്ങനെ കടന്നുപൊയ്കൊണ്ടിരിക്കും! പാതിവഴിയിൽ പൊലിയുന്ന കുഞ്ഞുങ്ങളുടെ ജീവിതങ്ങൾക്ക് സാക്ഷ്യം വഹിച്ച് നമ്മളും! നിങ്ങളെ നിങ്ങളാക്കിയ, ആത്മീയാനുഷ്ഠാനങ്ങൾ ഇത്രയധികമില്ലാതിരുന്ന ഒരു നാളിൽ – മനുഷ്യർ എത്ര ശാന്തിയോടെ, സമാധാനത്തോടെ ജീവിച്ചു എന്ന് നാം മനസിലാക്കണം.

ഇന്നോ? ഓടിച്ചാടി നടക്കുകയാണ്. എന്തിനെന്നറിയാതെ. എങ്ങോട്ടെന്നറിയാതെ. ഇന്ന് നമ്മുടെ വീട്ടിൽ, ഇടവകയിൽ, ഞായറാഴ്ച വേദോപദേശത്തിനോ വിശ്വാസോത്സവത്തിനോ താല്പര്യത്തോടും സന്തോഷത്തോടും കൂടി പോകുന്ന എത്ര കുട്ടികളുണ്ട്?

കഴിഞ്ഞ മാസം കുട്ടികൾക്കായി നടത്തിയ ഒരു ധ്യാനത്തിൽ നരകത്തിന്റെ കാഴ്ചയും ഭീകരശബ്ദവും കേൾപ്പിച്ച് – ധ്യാനത്തിനു ശേഷം വീട്ടിൽ വന്ന് ഉറക്കമില്ലാതെ പേടിച്ചു കരയുന്ന കുട്ടികൾ! നമ്മൾ ഇത് എങ്ങോട്ട്?

രോഗിയായ അമ്മമാർ, വിവാഹം കഴിക്കാത്ത അമ്മമാർ, അപ്പനാര് എന്നറിയാത്ത കുട്ടികൾ, അനാഥരായ കുഞ്ഞുങ്ങൾ, അനാഥാലയങ്ങളും, വൃദ്ധസദനങ്ങളും!തുടങ്ങിയവ മുൻപെങ്ങും ഇല്ലാത്തവിധം വർദ്ധിക്കുന്ന ഒരു കാലഘട്ടം!  പുരോഗതിയുടെ ഭാഗമല്ല ഇതൊന്നും!

ജീവിതം അല്പകാലസ്ഥിതമാണ്. കുറെ സമ്പാദിച്ച് – സുഖിച്ചുജീവിച്ച് പിരിയാനല്ല ഇത്! മറിച്ച് മര്യാദയയോടെ, എളിമയോടെ മൗനത്തോടെ ജീവിക്കാം. കിട്ടിയ നിമിഷങ്ങളെല്ലാം വലിയ സൗഭാഗ്യമാണെന്നിരിക്കെ, ആരുടെയും പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ഉള്ളിലെ ക്രിസ്തുചൈതന്യത്തെ നമുക്ക് നശിപ്പിക്കാതിരിക്കാം.  അങ്ങനെയായാൽ ഈ മക്കൾ ഉണ്ടാക്കുന്ന ഒരു ലോകം നാളെ ഇവിടെയുണ്ടാകും. ജാതിയും, വർഗ്ഗവും, കൊലപാതകങ്ങളും, പെൺവാണിഭങ്ങളും ഇവിടെ ഉണ്ടാവുകയില്ല. നല്ല മനുഷ്യർ ഉണ്ടാകും. പരസ്പരം ആദരവുണ്ടാകും! ഭൂമി ശാന്തിയുള്ളതായി മാറും! ആൾദൈവങ്ങളുണ്ടാകില്ല. സിദ്ധന്മാരും ഉണ്ടാവില്ല. യഥാർത്ഥ ദൈവത്തെ തിരിച്ചറിയുന്ന നല്ല വിശ്വാസികളും വിശുദ്ധരും ഉണ്ടാവും.

ലാളിത്യത്തിന്റെ ആത്മീയതയിലേക്ക് വളരാം. ക്രിസ്തു സ്വാതന്ത്ര്യത്തിലേക്ക് അനേകരെ കൈപിടിച്ചുയർത്താം. നാളെ നിങ്ങളുടെ മക്കൾ രോഗമില്ലാതെ, അകാലമരണമില്ലാതെ, ആരോഗ്യത്തോടെ നല്ല ആത്മീയതയിൽ ഇവിടെ ജീവിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ആശുപത്രികളും, കോടികളുടെ പള്ളികളും, ഹൈടെക് വിദ്യ വില്പനാലയങ്ങളും, ഹോട്ടലുകളും, കെട്ടിപ്പൊക്കി പുരോഗമിക്കുന്നതിനെക്കാൾ – ലാളിത്യത്തോടെ, ജാടയില്ലാതെ ഈ മണ്ണിനോടും പ്രകൃതിയോടും ചേർന്ന് ജീവിക്കാം.

മെയ് – ഒന്നിന്റെ സ്വപനങ്ങൾ – യാഥാർത്യമാകട്ടെ എന്ന് പ്രാർത്ഥിക്കാം

ഫാ. സൈജു തുരുത്തിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.