കാലിഫോർണിയയിലെ 249 വർഷം പഴക്കമുള്ള പള്ളി തീപിടുത്തത്തിൽ നശിച്ചു

കാലിഫോർണിയയിലെ 249 വർഷം പഴക്കമുള്ള സാൻ ഗബ്രിയേൽ ദൈവാലയം ജൂലൈ 11 -ന് ഉണ്ടായ തീപിടുത്തത്തിൽ നശിച്ചു. മേൽക്കൂരയുൾപ്പെടെയുള്ള മിക്ക ഭാഗങ്ങളും കത്തിനശിച്ചു. പുലർച്ചെ നാലുമണിയോടെയാണ് തീ പിടിത്തമുണ്ടായത്. വലിയ ചരിത്ര പ്രധാന്യമുള്ള പള്ളിയായിരുന്നു ഇത്.

അഗ്നിശമനാ സേനാംഗങ്ങൾ പള്ളിയിൽ പ്രവേശിച്ച് തീ അണയ്ക്കാൻ ശ്രമിച്ചുവെങ്കിലും മേൽക്കൂരയും മറ്റ് വസ്തുക്കളും മുകളിൽ നിന്നും വീഴാൻ തുടങ്ങിയത് അവരെ തടസപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സാൻ ഗബ്രിയേൽ ഫയർ ക്യാപ്റ്റൻ പോൾ നെഗ്രേറ്റ് പറഞ്ഞു.

250-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നവീകരണം നടത്തിയിരുന്നു. സ്പാനിഷ് കോളനിവൽക്കരണ കാലഘട്ടത്തിൽ കാലിഫോർണിയയിൽ സ്ഥാപിച്ച പള്ളിയാണിത്. കൊറോണ വ്യാപനത്തെത്തുടർന്ന് അടച്ചിട്ടിരുന്ന പള്ളി വീണ്ടും തുറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. “ചരിത്രപ്രാധാന്യമുള്ള ഇത്തരമൊരു സ്ഥലം കത്തിയെരിയുന്നത് വളരെ സങ്കടകരമാണ്. കാരണം ഈ സ്ഥലം ഞങ്ങൾക്ക് വളരെയധികം പ്രിയപ്പെട്ടതായിരുന്നു.” -ഇടവകാംഗമായ സെലീന ക്യുസാഡ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.