നമ്മുടെയുള്ളിലെ നന്മയെ കണ്ടെത്തുന്നത് പ്രധാനപ്പെട്ടതാകുവാൻ ഏതാനും കാരണങ്ങൾ

    നമ്മുടെ കഴിവുകളും ഗുണങ്ങളും കണ്ടെത്തുക, തിരിച്ചറിയുക എന്നത് നമ്മെ സംബന്ധിച്ച് എത്രത്തോളം പ്രധാനപ്പെട്ട ഒരു കാര്യമാണ്. നമ്മുടെ വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും മാറ്റങ്ങൾ ചെലുത്തുവാൻ കഴിയണമെങ്കിൽ നാം ആരെന്നുള്ള, നമ്മുടെയുഉള്ളിൽ എന്താണെന്നുള്ള തിരിച്ചറിവ് നമുക്ക് ഉണ്ടായിരിക്കണം.

    സ്വയം തിരിച്ചറിയുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഞാൻ അതാണ്.. എന്നിൽ ഈ കഴിവുകളുണ്ട്.. എന്ന് എല്ലാവരോടും പറഞ്ഞുകൊണ്ട് നടക്കുക എന്നല്ല. മറിച്ച്, സാഹചര്യങ്ങൾകൾക്ക് അനുസൃതം പക്വതയോടെ പെരുമാറുവാൻ കഴിയുന്നുണ്ടോ എന്നതാണ് നാം കണ്ടെത്തേണ്ടത്. നമ്മുടെയുള്ളിലെ കഴിവുകൾ, നന്മകൾ കണ്ടെത്തേണ്ടത് പ്രധാനപ്പെട്ടതാകുന്നതിന് ഏതാനും കാരണങ്ങൾ ഇതാ…

    1. നാം ആരെന്ന ബോധ്യത്തിലേയ്ക്ക് നയിക്കും

    നമ്മുടെയുള്ളിലെ നന്മകളും കഴിവുകളും തിരിച്ചറിയുന്നത് നമ്മൾ യഥാർത്ഥത്തിൽ ആരാണെന്നതിനെക്കുറിച്ച് ഒരു ബോധ്യത്തിലേയ്ക്ക് നമ്മെ നയിക്കും. നമ്മുടെ ശരി-തെറ്റുകൾ, ആശയങ്ങൾ, ചിന്തകൾ ഇവയൊക്കെ നമ്മുടെയുള്ളിൽ രൂപപ്പെട്ടിരിക്കുന്ന നന്മയുടെ മൂല്യങ്ങളെയും കഴിവുകളെയും ആശ്രയിച്ചാണിരിക്കുന്നത്. അതിനാൽ തന്നെ മറ്റുള്ളവർ നമ്മുടെ ആശയങ്ങളെ ചോദ്യം ചെയ്യുമ്പോൾ അതിനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുവാനും നമ്മുടെ വ്യക്തിത്വത്തെ ഇല്ലായ്മ ചെയ്യുന്ന, തകർക്കുന്ന ആരോപണങ്ങളെ ഒഴിവാക്കുവാനും സഹായിക്കും.

    ഈ ലോകത്തിൽ നമ്മുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുവാൻ ഒരായിരം ആളുകളുണ്ടാകും. എന്നാൽ നാം എന്താണെന്ന് മനസിലാക്കുവാനും നമ്മുടെയുള്ളിലെ നന്മയെ കണ്ടെത്തുവാനും നമുക്ക് മാത്രമേ കഴിയൂ.

    2. നെഗറ്റിവ് ചിന്തകളെ മറികടക്കാം

    ‘എന്നെ ഒന്നിനും കൊള്ളില്ല, എനിക്ക് ഒരു കഴിവും ഇല്ല…’ ഈ ചിന്തകൾക്ക് ഒരാളെ ഇല്ലാതാക്കുവാനുള്ള കഴിവുണ്ട്. ഇത്തരം നെഗറ്റിവ് ചിന്തകളെ അതിജീവിക്കുവാനുള്ള ഏകമാർഗ്ഗമാണ് നമ്മുടെയുള്ളിലെ നന്മകളെയും കഴിവുകളെയും കണ്ടെത്തുകയെന്നത്. നമ്മുടെ പോസിറ്റീവ് വശങ്ങളെക്കുറിച്ച് ബോധ്യമുണ്ടെങ്കിൽ പിന്നെ ഒരു നെഗറ്റീവ് ചിന്തയ്ക്കും നമ്മെ കീഴ്പ്പെടുത്തുവാൻ കഴിയുകയില്ല. മാത്രവുമല്ല, നമ്മുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കുന്നതിനും സമൂഹത്തെ അഭിമുഖീകരിക്കുന്നതിനും ഈ തിരിച്ചറിവ് നമ്മെ സഹായിക്കും.

    3. നന്മയുള്ള ഹൃദയങ്ങളിൽ നിന്നേ നന്മ പ്രവഹിക്കുകയുള്ളൂ

    ഒരാളെ നല്ലവനോ ചീത്തയോ ആക്കുന്നത് അവന്റെ ഉള്ളിലുള്ള കാര്യങ്ങളാണ്. നന്മയുള്ളവർക്ക് മാത്രമേ മറ്റുള്ളവരിലെ നല്ലത്തു കണ്ടെത്തുവാനും കഴിയുകയുള്ളൂ. ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന വലിയ ഒരു പ്രശ്‌നമാണ് നന്മയെ കണ്ടെത്താൻ പരാജയപ്പെടുന്നു എന്നത്. എല്ലായിടത്തും കുറവുകളും കുറ്റങ്ങളും മാത്രം കണ്ടെത്തുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

    ഒരാൾക്ക് അയാളുടെയുള്ളിലെ നന്മയെ കണ്ടെത്തിയാണ് ശീലമെങ്കിൽ ഒരിക്കലും അയാൾ തന്റെ അപ്പുറത്തിരിക്കുന്ന സഹോദരന്റെ/ സഹോദരിയുടെ കുറവുകളിലേയ്ക്ക് നോക്കുകയില്ല. മറിച്ച്, കുറവുകൾക്കിടയിലും പ്രസരിക്കുന്ന നന്മയെ ആയിരിക്കും അത്തരമൊരാൾ കണ്ടെത്തുക. ഇത് അയാൾക്കു ചുറ്റും ഒരു പോസിറ്റീവ് സ്വഭാവമുള്ള സമൂഹത്തെ വാർത്തെടുക്കുവാൻ സഹായിക്കും.

    4. പ്രശ്‍നസാഹചര്യങ്ങളെ ഉചിതമായി കൈകാര്യം ചെയ്യാൻ കഴിയും

    എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന ചിന്തയാണ് ഒരാളെ ഭരിക്കുന്നതെങ്കിൽ ആ വ്യക്തിയെക്കൊണ്ട് ഒന്നിനും കൊള്ളില്ല. ഒരു നിർജ്ജീവാവസ്ഥയിലായിരിക്കും അയാൾ. എന്നാൽ, തന്റെ കഴിവുകളെക്കുറിച്ച് ഉത്തമബോധ്യം ഉള്ള ഒരുവന് താൻ ആയിരിക്കുന്ന സമൂഹം ഒരു പ്രശ്‌നം നേരിടുമ്പോൾ തന്നാലാകുംവിധം ആ പ്രശ്‌നത്തെ കൈകാര്യം ചെയ്യുവാൻ കഴിയും.