മെക്സിക്കൻ ജനതയുടെ മരിയഭക്തിയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചിത്രം റിലീസിന് ഒരുങ്ങുന്നു

മെക്സിക്കോയിലെ ജനങ്ങളുടെ ആഴമായ മരിയഭക്തിയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ “വിർജെൻ ഡി സാൻ ജുവാൻ, ക്വാട്രോ സിഗ്ലോസ് ഡി മിലഗ്രോസ്” എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ഫെബ്രുവരി രണ്ടിന് റിലീസ് ചെയ്യുന്ന ഈ ചിത്രം വേദനകളുടെയും പ്രതിസന്ധികളുടെയും ഇടയിലൂടെ കടന്നുപോകുന്ന ഒരു സാധുകുടുംബത്തിന്റെ മരിയഭക്തിയെ അടിസ്ഥാനപ്രമേയമാക്കി തയ്യാറാക്കിയിരിക്കുന്നതാണ്.

പാവപ്പെട്ട കുടുംബത്തിലെ ഇളയകുട്ടിയുടെ രോഗവും തുടർന്നുണ്ടാകുന്ന പ്രതിസന്ധികളും മരിയഭക്തിയും അവരുടെ വിശ്വാസവുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. സാൻ ജുവാൻ ഡി ലോസ് ലാഗോസിന്റെ കന്യകയുടെ ചിത്രത്തിന് വെറും 33 സെന്റീമീറ്റർ ഉയരമാണ് ഉള്ളത്. മെക്സിക്കൻ സംസ്ഥാനമായ മൈക്കോവാക്കിലെ പാറ്റ്സ്ക്വാരോയിൽ പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമ്മിച്ചതാണ് മാതാവിന്റെ ഈ രൂപം. 1623-ലാണ് മാതാവിന്റെ മദ്ധ്യസ്ഥതയിൽ ഇവിടെ നടന്ന ആദ്യ അത്ഭുതം സ്ഥിരീകരിക്കപ്പെടുന്നത്.

ഒരു സർക്കസ് കുടുംബത്തിലെ അംഗമായ ഒരു കൊച്ചുപെൺകുട്ടിക്ക് സർക്കസിനിടയിൽ പറ്റിയ പരിക്കിൽ നിന്നും മോചനം നൽകുകയും അവളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുകയും ചെയ്തത് മാതാവിന്റെ അത്ഭുതകരമായ മാദ്ധ്യസ്ഥത്തിലൂടെയാണ് എന്ന് വിശ്വസിക്കുന്നു. ഈ സംഭത്തെ തുടർന്നാണ് മെക്സിക്കോയിൽ മരിയഭക്തി കൂടുതൽ ബലപ്പെടുന്നത്. “വിർജെൻ ഡി സാൻ ജുവാൻ, ക്വാട്രോ സിഗ്ലോസ് ഡി മിലഗ്രോസ്” എന്ന ചിത്രവും ഇത്തരത്തിലുള്ള മരിയഭക്തിയെ ആധാരമാക്കി ഉള്ളതാണ്. ഫ്രാൻസിസ്കോ ജാവിയർ പെരെസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് നോ ഗോൺസാലസ് ആണ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.