വിശ്വാസികൾക്കായി സഞ്ചരിക്കുന്ന അൾത്താര ഒരുക്കി ഫിലിപ്പീൻസ് വൈദികൻ

    ലോക് ഡൗണിനെ തുടർന്ന് പള്ളികളും മറ്റും അടച്ചു. വിശുദ്ധ കുർബാന അർപ്പിക്കുവാൻ അവസരം ലഭിക്കാതെ വിഷമിച്ച വിശ്വാസികൾക്ക് ആശ്വാസമാവുകയാണ് ഫിലിപ്പീൻസ് വൈദികന്റെ സഞ്ചരിക്കുന്ന അൾത്താര. ക്യുസോൺ സിറ്റിയിലെ ഹോളി ഫാമിലി ഇടവക വികാരിയായ ഫാ. റൊണാൾഡ് റോബർട്ടോ എന്ന വൈദികനാണു വിശ്വാസികളുടെ ആഗ്രഹത്തെ മാനിച്ചു വ്യത്യസ്ത ആശയം നടപ്പിലാക്കിയിരിക്കുന്നത്. പിക് അപ്പ് വാനിൽ അൾത്താര ക്രമീകരിച്ചു കൊണ്ടാണ് അദ്ദേഹം വിശ്വാസീ സമൂഹത്തിന്റെ അരികിലേക്ക് എത്തിയത്.

    പൊതുജന പങ്കാളിത്വത്തോടെയുള്ള വിശുദ്ധ കുർബാന താത്കാലികമായി നിർത്തലാക്കിയത് മുതൽ ആണ് പിക്ക് അപ്പ് വാനിൽ അൾത്താര ഒരുക്കി അദ്ദേഹം തന്റെ പൗരോഹിത്യകടമ തുടരുന്നതിനു തീരുമാനിച്ചത്. അന്ന് മുതൽ ‘ട്രക്ക് നി കുറ’ എന്ന പേരിൽ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ സമൂഹമധ്യത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ഇടവക വികാരിയുടെ ട്രക്ക്’ എന്നാണ് ‘ട്രക്ക് നി കുറ’യുടെ അർത്ഥം. കൂദാശകൾക്കായുള്ള വിശ്വാസികളുടെ നിരന്തരമായ ആവശ്യമാണ് തന്നെ ഇത്തരത്തിൽ ഒരു ആശയം രൂപീകരിക്കുവാൻ പ്രേരിപ്പിച്ചതെന്നു ഫാ. റൊണാൾഡ് റോബർട്ടോ വെളിപ്പെടുത്തുന്നു.

    സോഷ്യൽ മീഡിയയിലൂടെ ഓരോ ദിവസവും വിശുദ്ധ കുർബാന അർപ്പിക്കുന്ന സ്ഥലവും തീയതിയും ഫാ. റൊണാൾഡ് വിശ്വാസികളെ അറിയിക്കും. ആ സമയത്ത് അവിടെയുള്ള സ്ഥലവാസികൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി അകലം പാലിച്ചു എത്തും. വിശുദ്ധ കുർബാനയ്‌ക്കായി ഉപയോഗിക്കുന്ന വിശുദ്ധ വസ്തുക്കൾ നിരന്തരം അണുവിമുക്തമാക്കുവാൻ അദ്ദേഹം ശ്രദ്ധിക്കാറും ഉണ്ട്. താൻ ചെയ്യുന്നത് തന്റെ പൗരോഹിത്യ കടമയുടെ ഭാഗമാണെന്നും ഒരുമിച്ച് വിശുദ്ധ കുർബാന അർപ്പിക്കുന്ന ഒരു ഫിലിപ്പിനോ കുടുംബ സമ്പ്രദായം പുതുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ഫാ. റൊണാൾഡ് വ്യക്തമാക്കി.

    “ഈ ഒരു യാത്രയിൽ ഉടനീളം വിശുദ്ധ കുർബാനയ്‌ക്കായി ദാഹിക്കുന്ന ആളുകളെയാണ് തനിക്കു കണ്ടെത്താൻ കഴിഞ്ഞത്. ക്രിസ്ത്യാനികൾക്ക് കൂദാശകളിൽ നിന്ന് അകന്നു നിൽക്കുവാൻ കഴിയില്ല. അത് അവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്” അദ്ദേഹം പറയുന്നു. ഇപ്പോൾ താത്കാലികമായ ലോക് ഡൗൺ ഇളവുകൾ മണിലാൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മതപരമായ കൂടിച്ചേരലുകൾ അനുവദിച്ചിട്ടില്ല. ഈ ഒരു സാഹചര്യത്തിൽ പിക്കപ്പ് ട്രാക് ആശയം കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയും എന്നാണ് ഫാ. റൊണാൾഡിന്റെ പ്രതീക്ഷ.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.