“കത്തോലിക്കാ വിശ്വാസം സംരക്ഷിക്കാൻ ഞാനുണ്ട്”: സ്വവർഗ്ഗാനുരാഗികളുടെ മാർച്ചിനെ, കുരിശും ജപമാലയുമായി തടഞ്ഞ് പതിനഞ്ചുകാരൻ 

സ്വവർഗ്ഗാനുരാഗികളുടെ സംഘടനയുടെ നേതൃത്വത്തിൽ പോളണ്ടിൽ നടന്ന മാർച്ചിനെ, വിശ്വാസത്തിന്റെ പ്രതീകമായ ജപമാലയും കുരിശുമേന്തി തടഞ്ഞ പതിനഞ്ചു വയസുകാരന്റെ ചിത്രം ഏറ്റെടുത്ത് ആഗോള ക്രൈസ്തവസമൂഹം.

ഓഗസ്റ്റ് പത്തിന് നടന്ന എൽജിബിടി പ്രൈഡ് മാർച്ച് തടഞ്ഞുകൊണ്ടാണ് ജാക്കുബ് ബാരിയ എന്ന ബാലൻ തന്റെ വിശ്വാസത്തെ ഉയർത്തിപ്പിടിച്ചത്.

 

സ്വവർഗ്ഗാനുകൂലികളുടെയും പോലീസിന്റെയും മുന്നിൽ വലിയ കുരിശും ജപമാലയും കൈകളിൽ ഉയർത്തിപ്പിടിച്ചുകൊണ്ടു നിൽക്കുന്ന ബാലന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 1920-ൽ ബോൾഷെവിക്കുകളുമായുള്ള വാർസോ യുദ്ധത്തിൽ കുരിശുമായി മുന്നേറിയ അന്തരിച്ച ഫാ. ഇഗ്നസി സ്കൊറുപ്കോ എന്ന വൈദികന്റെ ജീവിതമാണ് ഇതിനു തന്നെ പ്രേരിപ്പിച്ചതെന്ന് ജാക്കുബ് വെളിപ്പെടുത്തി.

“കത്തോലിക്കാ വിശ്വാസത്തെ സംരക്ഷിക്കുവാൻ ഞാനുണ്ട്. നിങ്ങൾക്ക് എന്നെ ഇവിടെ നിന്നും നീക്കം ചെയ്യുവാൻ കഴിയില്ല” – എന്ന് പോലീസിനോട് വിളിച്ചുപറയുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. “മാതാവിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സ്വവർഗ്ഗാനുരാഗികളുടെ ഫ്ലാഗിന്റെ നിറം ചാർത്തിയപ്പോൾ മുതൽ ഏതു വിധേനയും ഇത്തരം തിന്മകളെ ഇല്ലാതാക്കണം എന്ന ചിന്ത തന്റെയുള്ളിൽ ഉണ്ടായിരുന്നു” – ജാക്കുബ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

മാർച്ചിനു മുന്നിൽ പരിശുദ്ധ അമ്മയോടും ദൈവത്തോടും പ്രാർത്ഥിച്ചുകൊണ്ട് നിന്നിരുന്നു. അപ്പോൾ പോലീസുകാർ അവിടെനിന്നും മാറുവാൻ ആവശ്യപ്പെട്ടു. എന്നാൽ, എനിക്ക് അവിടെ നിന്നും മാറുവാൻ കഴിയില്ലായെന്നും കാരണം, ഈ റാലിയിൽ പങ്കെടുക്കുന്നവർ എന്റെ കത്തോലിക്കാ വിശ്വാസത്തെ തകർക്കുന്നവരും പോളിഷ് പതാകയ്ക്കു പകരം തിന്മയുടെ പതാക ഉയർത്തുന്നവരുമാണെന്ന് ജാക്കുബ് തുറന്നടിക്കുകയായിരുന്നു. വൈകാതെ പോലീസ് അവിടെ നിന്നും ബലപ്രയോഗത്തിലൂടെ ജാക്കുബിനെ മാറ്റുകയായിരുന്നു. അപ്പോഴും ജാക്കുബ് തന്റെ കയ്യിൽ ജപമാലയും കുരിശും ഉയർത്തിപ്പിടിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.