മാമ്മോദീസ വഴിയായി ലഭിക്കുന്ന പതിനഞ്ചു കൃപകൾ 

മരണത്തിന്റെ രാജ്യത്തു നിന്ന് ജീവനിലേക്കുള്ള മാർഗമാണ് മാമ്മോദീസ, സഭയിലേക്കുള്ള കവാടവും ദൈവവുമായുള്ള ശ്വാശ്വത സംസർഗത്തിന്റെ ആരംഭവുമാണത്. മാമ്മോദീസയെന്ന കൂദാശ വഴി കൃപകളുടെ ഒരു ആത്മീയ ഭണ്ഡാരത്തിലേക്കു ഓരോ വിശ്വാസിയും കടന്നു വരുകയാണ്, ഇവ യഥാകാലം നമ്മൾ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണം. ഇടയ്ക്കിടെ നമ്മൾ ജ്ഞാനസ്നാനം സ്വീകരിച്ച ദിവസങ്ങൾ ഓർമ്മിക്കുകയും ദൈവത്തിന്റെ അനന്തകൃപകൾക്കു നന്ദി പറയുകയും ചെയ്യണം.! വിശുദ്ധ മാമ്മോദീസ വഴി നമുക്കു ലഭിക്കുന്ന വലിയ കൃപകൾ നമുക്കു മനസ്സിലാക്കാം.

1. ദൈവ പിതാവിന്റെ മകൻ/മകൾ എന്ന സ്ഥാനം —    വിശുദ്ധ മാമ്മോദീസയിലൂടെ മനുഷ്യൻ ദൈവത്തിന്റെ പുത്രനോ/പുത്രിയോ ആയിത്തീരുന്നു.  ഈ യാഥാർത്യം ആഴത്തിൽ മനസ്സിലാക്കി സ്വർഗ്ഗസ്ഥനായ പിതാവേ എന്ന ജപം ഇടയ്ക്കിടെ ചൊല്ലുക. ദൈവ പിതാവിന്റെ പിതൃത്വത്തിൽ സന്തോഷിക്കുക, ആശ്രയിക്കുക.

2. യേശു ക്രിസ്തുവിനെ സഹോദരനായി ലഭിക്കുന്നു.  — ജ്ഞാനസ്നാനത്തിലൂടെ ഈശോ നമ്മുടെ സഹോദരനാകുന്നു. ഈ സഹോദരന് നമ്മെ നയിക്കാൻ ശക്തിയും കഴിവും ഉള്ള വ്യക്തിയാണ്. അതിനാൽ യേശു നാമജപത്തിലൂടെ ഈ സഹോദരനെ അനുഗമിക്കുക .

3. പരിശുദ്ധാത്മാവിനെ സുഹൃത്തായി ലഭിക്കുന്നു. — ദൈവാത്മാവ് നമ്മളെ നിരന്തരം നയിക്കുകയും ഒരു ഉത്തമ സുഹൃത്തായി നമ്മുടെ കൂടെ ചരിക്കുകയും ചെയ്യും. അതിനാൽ നമ്മുടെ ഉള്ളിൽ വസിക്കുന്ന ദൈവാത്മാവിന്റെ നീമന്ത്രണങ്ങളെ നമുക്കു  തിരിച്ചറിയാം പരിപോഷിപ്പിക്കാം.

4. വിശ്വാസം — ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തീയ വിശ്വാസത്തിന്റെ ഭണ്ഡാരത്തിലേക്കു ഒരു വ്യക്തി പ്രവേശിക്കുന്നു. ഈ വിശ്വാസദീപം അനുനിമിഷം വളരേണ്ട ഒന്നാണ്. ദൈവത്തെ കൂടുതൽ അറിയാനുള്ള ദാഹം ഒരിക്കലും നമ്മിൽ നിന്നു വിട്ടു പോകാതെ  ജാഗരൂകതയോടെ നമുക്കു വ്യാപരിക്കാം.

5. പ്രത്യാശ — വിശുദ്ധ സ്നാനത്തിലൂടെ ദൈവവുമായുള്ള ആഴമായ ഒരു ആത്മബന്ധത്തിലേക്കു ഒരുവൻ  പ്രവേശിക്കുന്നു. ഈ പ്രത്യാശയാണ് ക്ലേശങ്ങളുടെയും സഹനങ്ങളുടെയും മധ്യേ പിടിച്ചു നിൽക്കാൻ വിശ്വാസിയെ പ്രാപ്തനാക്കുന്നത്. യേശുവേ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു എന്ന സുകൃതജപം നമ്മുടെ അധരങ്ങളിൽ ഇടവിടാതെ ഉരുവിടാം.

6. ഉപവി— ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കാൻ മാമ്മോദീസ എന്ന കൂദാശ വഴി ഒരുവൻ പ്രത്യേകമായി പ്രാപ്തനാകുന്നു. യേശു കുരിശിൽ മരിക്കുമ്പോൾ അണപൊട്ടിയൊഴുകിയ  ദൈവസ്നേഹത്തിൽ ഒരുവൻ  പങ്കുചേരുന്നതാണ് മാമ്മോദീസ.

7. നീതി — തന്നോടു തന്നെയും ദൈവത്തോടും നീതിയിൽ ജീവിക്കാൻ വി.സ്നാനം നമ്മെ പ്രാപ്തരാക്കുന്നു. 

8. ആത്മസംയമനം — മാമ്മോദീസ വഴി ആത്മസംയമനം പരിശീലിക്കാനുള്ള സവിശേഷമായ ക്ഷണം ആണ് ഓരോ അർത്ഥിക്കും ലഭിക്കുക.

9. വിവേകം — വിശുദ്ധ സ്നാനത്തിലൂടെ  പരിശുദ്ധാത്മാവിന്റെ പ്രത്യേക വരദാനമായ വിവേകം ഒരു വ്യക്തിക്കു ലഭിക്കുന്നു .വിവേകപൂർണ്ണമായ പ്രവർത്തിക്കു തീരുമാനത്തിനു മൂന്നു പടികളാണുള്ളത് :1) ചിന്തിക്കുക, 2) തീരുമാനിക്കുക, 3) പ്രവർത്തിക്കുക.  ഈ ദാനം മാമ്മോദീസാ ജലം വീണ ഒരു വിശ്വാസി എന്ന നിലയിൽ നമ്മൾ ഉജ്ജ്വലിപ്പിക്കണം.

10. സ്ഥൈര്യം —തിന്മയെ ക്ഷമയോടെ കീഴടക്കാനും ക്രിസ്തുവിനെ അനുകരിക്കാനും ജ്ഞാനസ്നാനം ഒരുവനെ പ്രാപ്തനാക്കുന്നു.  ഒരു വ്യക്തിയുടെ ആത്മീയ ഉന്നമതിക്കും മറ്റുള്ള ആത്മാക്കളുടെ രക്ഷയ്ക്കും  അചഞ്ചലമായ ആത്മധീരത  അത്യാവശ്യമാണ്. ജ്ഞാനസ്നാനം രക്തസാക്ഷിത്വത്തിലേക്കുള്ള ക്ഷണമായതിനാൽ സഹനങ്ങളുടെ നടുവിൽ സഹിക്കാൻ മാമ്മോദീസ നമ്മെ പ്രാപ്തരാക്കുന്നു!

11. ദൈവകൃപയിൽ ഭാഗഭാഗിത്വം ലഭിക്കുന്നു — മാമ്മോദീസാ സ്വീകരണത്തിലൂടെ  ദൈവകൃപയ്ക്കു നമ്മുടെ ജീവിതത്തിൽ പ്രവേശിക്കാൻ പ്രവേശന കവാടം നമ്മൾ തുറന്നുകൊടുക്കുന്നു. ക്രിസ്തീയ ജീവിതം ദൈവകൃപയിലുള്ള വളർച്ചയായതിനാൽ കൃപ നിറഞ്ഞ പരിശുദ്ധ മറിയത്തിന്റെ സഹായം ആത്മീയ യാത്രയിൽ കൂട്ടിനുണ്ടാവണം.

12. സഭയുടെ അംഗമാകുന്നു.  — സഭ ക്രിസ്തുവിന്റെ മൗതീക ശരീരമാകുന്നു. ജ്ഞാനസ്നാനത്തിലുടെ  ഒരം വ്യക്തി ക്രിസ്തുവിന്റെ ഈ മൗതീക ശരീരത്തിൽ ഒരു അവയവമായിത്തീരുന്നു.

13. പിശാചിനെ ബഹിഷ്ക്കരിക്കാൻ പ്രാപ്തനാക്കുന്നു .— മാമ്മോദീസാ യിലൂടെ പിശാചിനെയും അവന്റെ ആഡംബരങ്ങളെയും വിശ്വാസി ത്യജിക്കുന്നു. ഈ ത്യജിക്കൽ ജീവിതത്തിലുടനീളം വിശ്വാസി തുടരണം.

14. ലോകത്തിന്റെ പ്രകാശമാക്കുന്നു.  — ജ്ഞാനസ്നാനവസരത്തിൽ കത്തിച്ച തിരി നൽകി കാർമ്മികൻ അർത്ഥിയെ വലിയ ഒരു ഉത്തരവാദിത്വം ഭരമേൽപിക്കുന്നു. നിത്യപ്രകാശമായ യേശുവിൽ നിന്നു പ്രകാശം സ്വീകരിച്ചു ലോകത്തിൽ സ്വയം പ്രകാശമാവുകയാണ് ഓരോ ക്രിസ്തു ശിഷ്യന്റയും കടമ.

15. സ്വർഗ്ഗത്തീനവകാശികളാകുന്നു.— മാമ്മോദീസാ വിശുദ്ധിയിലേക്കുള്ള വിളിയാണ്. ക്രിസ്തുവിനെ അനുകരിച്ച് വിശുദ്ധിയിൽ പുരോഗമിക്കുന്ന ക്രിസ്തു ശിഷ്യന്റെ ലക്ഷ്യം ഒരു വിശുദ്ധനാവുകയാണ്, അതായത് സ്വർഗ്ഗത്തിലെത്തി ചേരുക എന്നത്. സ്വർഗ്ഗത്തിൽ നമ്മുടെ പേര് എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുക. അതിനാൽ മാമ്മോദീസാ സ്വർഗ്ഗത്തിനു ചേർന്ന ഒരു ജീവിതം ഭൂമിയിൽ ജീവിക്കാൻ വിശ്വസിയെ ആഹ്വാനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.