പ്രളയക്കെടുതികള്‍ക്കെതിരെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാന്‍ ഫിയാത്ത് മിഷന്‍ പ്രാര്‍ത്ഥനാ പെട്ടകം

രാജ്യമെമ്പാടും പ്രത്യേകിച്ച്, കേരളജനത അനുഭവിക്കുന്ന പ്രളയദുരിതങ്ങള്‍ക്കെതിരെ കരങ്ങളുയര്‍ത്തി, കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുവാന്‍ ഫിയാത്ത് മിഷന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ പെട്ടകം തുറന്നു.

തൃശ്ശൂര്‍ പുത്തന്‍പള്ളിക്കു സമീപമുള്ള മാതാ നികേതനില്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെയാണ് മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാന്‍ ഒരുമിച്ചു കൂടുന്നത്.
‘ഈ എളിയവന്‍ നിലവിളിച്ചു; കര്‍ത്താവ് കേട്ടു. എല്ലാ കഷ്ടതകളില്‍ നിന്നും അവനെ രക്ഷിക്കുകയും ചെയ്തു’ (സങ്കീ. 34:6).

കേരളജനത വീണ്ടുമൊരിക്കല്‍ കൂടി കടന്നുപോകുന്ന ഈ ദുരിതങ്ങളില്‍ നിന്ന് മോചിപ്പിക്കുവാന്‍ സകലത്തിന്റെയും അതിനാഥനായ യേശുനാഥനില്‍ ശരണമര്‍പ്പിക്കാന്‍ ഈ കൂട്ടായ്മാ പ്രാര്‍ത്ഥനകള്‍ ഏവരെയും സഹായിക്കും, ആശ്വാസമേകും.

തൃശ്ശൂര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായമെത്രാന്‍ ടോണി നീലങ്കാവില്‍ തുടങ്ങിയ പിതാക്കന്മാരുടെ ആനുഗ്രഹാശിസ്സുകളോടെ ഈ കഴിഞ്ഞ ആഗസ്റ്റ് 11-ാം തീയതി ഞായറാഴ്ചയാണ് പ്രാര്‍ത്ഥനായജ്ഞം ആരംഭിച്ചത്.

വൈദികര്‍, സന്യസ്തര്‍, അത്മായര്‍, സംഘടനകള്‍, കരിസ്മാറ്റിക് പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, കുടുംബസമ്മേളന യൂണിറ്റുകള്‍ തുടങ്ങി എല്ലാ വിശ്വാസികള്‍ക്കും ഈ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്ത് കര്‍ത്താവിന്റെ കരുണയ്ക്കായി പ്രാര്‍ത്ഥിക്കാം.
പ്രളയജലത്തിനു മേല്‍ ഉയര്‍ന്നുനിന്ന നോഹയുടെ പെട്ടകം പോലെ നമ്മുടെ കൂട്ടായ പ്രാര്‍ത്ഥനകളും നിലവിളികളും ഉയര്‍ത്തി പ്രകൃതിനാഥനില്‍ നിന്ന് കാരുണ്യം ചൊരിയപ്പെടാനുള്ള വലിയ അവസരമാണ് ഫിയാത്ത് മിഷന്‍ ഒരുക്കിയിരിക്കുന്നത്.
പ്രളയം, മണ്ണൊലിപ്പ്, കൊടുങ്കാറ്റ്, വെള്ളക്കെട്ട് തുടങ്ങി നമ്മുടെ നാടിന്റെ ദുരിതപൂര്‍ണ്ണമായ അവസ്ഥയില്‍ നിന്ന് മോചനം ലഭിക്കാന്‍ ഹൃദയപൂര്‍വ്വം, പ്രാര്‍ത്ഥനാപൂര്‍വ്വം ഒന്നിക്കാം… വിശ്വാസത്തോടെ അണിചേരാം…

പ്രാര്‍ത്ഥനാവശ്യങ്ങള്‍ക്ക് വിളിക്കുക: 7510353035