സ്ത്രീപൗരോഹിത്യം കത്തോലിക്കാ സഭയിൽ അനുവദനീയമല്ല: വത്തിക്കാൻ

കത്തോലിക്കാ സഭയിൽ സ്ത്രീകൾക്ക് പൗരോഹിത്യം നൽകുന്നത് കുറ്റകരമാണെന്ന് പൊന്തിഫിക്കൽ കൗണ്‍സില്‍ ഫോർ ലെജിസ്ലേറ്റീവ് ടെക്ട്സ് സെക്രട്ടറി മോൺസിഞ്ഞോര്‍ ജുവാൻ ഇഗ്നസിയോ അരിയേറ്റ. ലത്തീൻ നിയമസംഹിതയുടെ ശിക്ഷണനടപടികളെക്കുറിച്ച് പ്രതിപാദിക്കുന്ന ആറാമതു പുസ്തകത്തിന്റെ പരിഷ്ക്കരിച്ച പതിപ്പ് ജൂൺ ഒന്നിന് ഫ്രാൻസിസ് മാർപാപ്പ പാഷിത്തെ ഗ്രേജെം ദേയി (Pascite Gregem Dei) എന്ന അപ്പസ്തോലിക പ്രമാണരേഖയിലൂടെ പുറത്തിറക്കി. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയപ്പോഴാണ് സ്പാനിഷ് ബിഷപ്പ് ഇത് സൂചിപ്പിച്ചത്.

സഭയുടെ വിശ്വാസ തിരുസംഘത്തിന്റെ 2007 ഡിസംബർ 19-ലെ ഡിക്രിയെയും സാക്രമെന്തോരും സാങ്ത്തിത്താത്തിസ് തൂത്തെലാ (Sacramentorum Sanctitatis Tutela) എന്ന ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ 2001-ലെ സ്വയാധികാര അപ്പസ്തോലികലേഖനം (Apostolic Letter Issued ‘Motu Proprio’) വഴി പുറത്തിറക്കിയ നിയമങ്ങൾ ഭേദഗതി വരുത്തി ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ വിശ്വാസ തിരുസംഘം പുറത്തിറക്കിയ നിയമങ്ങളെയും (art. 5) അടിസ്ഥാനമാക്കി നടത്തിയ ഈ ഭേദഗതിയാണ് കാനൻ നിയമസംഹിതയിൽ കൂട്ടിച്ചേർത്തത്.

സ്ത്രീകൾക്ക് പൗരോഹിത്യം നൽകാൻ സഭയ്ക്ക് അനുവാദമില്ലെന്നും ഈ പഠനം വിശ്വാസികൾ ഉറപ്പായി സ്വീകരിക്കുകയും മുറുകെപ്പിടിക്കുകയും ചെയ്യേണ്ട ഒന്നാണെന്നും 1994-ൽ തന്നെ ഓർദിനാസിയോ സാച്ചെർദോത്താലിസ് (Ordinatio Sacerdotalis) എന്ന അപ്പസ്തോലിക ലേഖനം വഴി ജോൺപോൾ രണ്ടാമൻ മാർപാപ്പ വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് 2010-ൽ വിശ്വാസ തിരുസംഘത്തിനു മാത്രം കൈകാര്യം ചെയ്യാനാവുന്ന അതിഗുരുതരമായ തെറ്റുകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

വിശ്വാസത്തിനും പരിശുദ്ധ കുർബാന, കുമ്പസാരം, പൗരോഹിത്യം എന്നീ കൂദാശകൾക്കും സന്മാർഗ്ഗത്തിനും എതിരായ അതീവ ഗൗരവമേറിയ തെറ്റുകൾ ഏവയെന്നും അവ കൈകാര്യം ചെയ്യാൻ വിശ്വാസ തിരുസംഘത്തിനു മാത്രമേ അധികാരമുള്ളൂവെന്നും 2001, 2010 എന്നീ വർഷങ്ങളിലായി വത്തിക്കാൻ പുറപ്പെടുവിച്ച സാക്രമെന്തോരും സാങ്ത്തിത്താത്തിസ് തൂത്തെലാ (Sacramentorum Sanctitatis Tutela) എന്ന സ്വയാധികാര അപ്പസ്തോലിക ലേഖനത്തിലൂടെയും അതിന്റെ ഭേദഗതികളിലൂടെയും വ്യക്തമാക്കിയിരുന്നു.

സ്ത്രീകൾക്ക് പൗരോഹിത്യം നൽകുന്നത് കുറ്റമാണെന്നത് അതിലെ ഒരു നിയമം മാത്രമാണ്. വൈദികരോ സമർപ്പിത സമൂഹാംഗങ്ങളോ സഭയിൽ ഏതെങ്കിലും ഔദ്യോഗിക ശുശ്രൂഷ നിർവ്വഹിക്കുന്നതോ പദവി വഹിക്കുന്നതോ ആയ വിശ്വാസിയോ പ്രായപൂർത്തിയാകാത്തവർക്കെതിരായുള്ള ലൈംഗിക അതിക്രമങ്ങൾ ചെയ്യുമ്പോൾ നേരിടേണ്ട, നിലവിൽ പ്രാബല്യത്തിലിരിക്കുന്ന ശിക്ഷണനടപടികളും ഈ ഭേദഗതിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

നിയമം ലംഘിച്ചുകൊണ്ട് ഏതെങ്കിലും സ്ത്രീ പൗരോഹിത്യം സ്വീകരിക്കാൻ ശ്രമിക്കുകയോ, ഏതെങ്കിലും സ്ത്രീയ്ക്ക് പൗരോഹിത്യം നൽകാൻ ആരെങ്കിലും ശ്രമിക്കുകയോ ചെയ്താൽ നിയമപ്രകാരം അവർ സഭയിൽ നിന്ന് പുറത്താക്കപ്പെടുകയും അനുബന്ധമായ മറ്റു ശിക്ഷാനടപടികൾ നേരിടേണ്ടിവരികയും ചെയ്യും.  ഇത്തരം തെറ്റുകളെ സഭ ഗുരുതരമായ കുറ്റമായി കണക്കാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.