ഏഷ്യന്‍ സഭയുടെ വികസനത്തിനായി അഞ്ചിന പദ്ധതിയുമായി കര്‍ദ്ദിനാള്‍ മവൂങ് ബോ

ഏഷ്യയിലെ കത്തോലിക്കാസഭയുടെ സാരഥ്യം ഏറ്റെടുത്ത മ്യാന്മാറിലെ കര്‍ദ്ദിനാള്‍ മവൂങ് ബോ കിഴക്കന്‍ ഭൂഖണ്ഡത്തിലെ കത്തോലിക്കാ സഭയുടെ വികസനത്തിനായി അഞ്ച് വികസന മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചു. ഫ്രാൻസിസ് പാപ്പായുടെ സഭാ നവീകരണ നടപടികളുടെ ചുവടു പിടിച്ചതാണ് കര്‍ദ്ദിനാള്‍ മവൂങ് ബോ പുതിയ പദ്ധതികൾ മുന്നോട്ടു വെച്ചത്.

1. ഏഷ്യയിലെ സഭയുടെ സുവിശേഷവത്ക്കരണം

ചരിത്രത്തിന്‍റെ ആദ്യസഹസ്രാബ്ദത്തില്‍ യൂറോപ്പിന്‍റെ സുവിശേഷവത്ക്കരണവും, തുടര്‍ന്ന് രണ്ടാം സഹസ്രാബ്ദത്തില്‍ ആഫ്രിക്ക ഭൂഖണ്ഡത്തിന്‍റെയും കൊളോനിയന്‍ ശക്തികളുടെയും സുവിശേഷവത്ക്കരണ കാലഘട്ടം ലോകം കാണുകയുണ്ടായി. ഇനി ഭൂമിയില്‍ ഏറ്റവും അധികം ജനസഞ്ചയം പാര്‍ക്കുന്ന ഏഷ്യഭൂഖണ്ഡത്തിന്‍റെ സുവിശേഷവത്ക്കരണം മൂന്നാം സഹസ്രാബ്ദത്തില്‍ യാഥാര്‍ത്ഥ്യമാകേണ്ടതാണ്.

2 സാമ്പത്തിക – പാരിസ്ഥിതിക നീതി

ഇന്നു ലോകത്തോടു പൊതുവെയും, പ്രത്യേകിച്ച് സഭാമക്കളോടും പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്നത് അടിയന്തിരവും അടിസ്ഥാനപരവുമായ മനുഷ്യകുലത്തിന്‍റെ ആവശ്യമായ സാമ്പത്തികവും പാരിസ്ഥിതികവുമായ നീതിയാണ്. പരിസ്ഥിതി വിനാശം മൂലമുണ്ടാകുന്ന കാലാവസ്ഥ കെടുതി, കൃഷിനാശം എന്നിവ സാമൂഹിക ജീവിതത്തിലും സാമ്പത്തിക മേഖലയിലും ഏറെ പ്രതിസന്ധികള്‍ ഇന്ന് ലോകത്തു സൃഷ്ടിക്കുന്നുണ്ട്. ഈ രണ്ടു സാമൂഹിക തകിടംമറിച്ചിലുകളെ വ്യക്തമാക്കുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ഫ്രാന്‍സിസ് പാപ്പായുടെ പ്രബോധനങ്ങള്‍ – “അങ്ങേയ്ക്കു സ്തുതി!” (Laudato Si’), “സുവിശേഷാനന്ദം” (Evangelii Gaudium) എന്നിവ ഏഷ്യന്‍ സഭയുടെ സാമ്പത്തിക, പാരിസ്ഥിതിക സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താനുള്ള രൂപരേഖയായി സ്വീകരിക്കണമെന്ന് കര്‍ദ്ദിനാള്‍ മവൂങ് ബോ നിര്‍ദ്ദേശിക്കുന്നു.

3. തദ്ദേശീയ സമൂഹങ്ങളുടെ അവകാശങ്ങള്‍

ഏഷ്യാഭൂഖണ്ഡത്തിലെ ക്രൈസ്തവര്‍ ബഹുഭൂരിപക്ഷവും വ്യത്യസ്ത തദ്ദേശ ജനസമൂഹങ്ങളില്‍പ്പെട്ടവരാണ് എന്ന നിരീക്ഷണം കര്‍ദ്ദിനാള്‍ മവൂങ് ബോ മുന്നോട്ടു വയ്ക്കുന്നുണ്ട്. എന്നാല്‍ ഇന്നിന്‍റെ കമ്പോള-സാമ്പത്തിക വ്യവസ്ഥിതിയും ആഗോളവത്ക്കരണവും ബഹുഭൂരിപക്ഷം പാവങ്ങളുള്ള തദ്ദേശജനതയുടെ ജീവിതത്തെ ഉലയ്ക്കുകയും, അവര്‍ അനീതിക്കും ചൂഷണത്തിനും വിധേയരാക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ മവൂങ് ബോ പ്രസ്താവിച്ചു. അതിനാല്‍ ചിലപ്പോള്‍ ദളിതരെന്നും മറ്റു ചിലപ്പോള്‍ പിന്നോക്കക്കാരെന്നും വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശജനതയുടെ വികസനവും വളര്‍ച്ചയും ഏറെ അടയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ ബോ വ്യക്തമാക്കി.

4. പാവങ്ങള്‍, വിവിധ മതക്കാര്‍, സംസ്ക്കാരങ്ങള്‍ എന്നിവയുമായുള്ള സംവാദം

ബഹുഭൂരിപക്ഷം പാവങ്ങളുള്ള ഭൂഖണ്ഡങ്ങളില്‍ ഒന്നാണ് ഏഷ്യ. ഒപ്പം അതിലുള്ള സാംസ്ക്കാരിക മത വൈവിധ്യങ്ങള്‍ മറ്റൊരു ഭൂഖണ്ഡവുമായി തുലനം ചെയ്യാനാവാത്തതുമാണ്. അതിനാല്‍ ഒരു മൊസൈക്ക് ചിത്രണംപോലെ വൈവിധ്യങ്ങളുള്ള വ്യത്യസ്ത സമൂഹങ്ങള്‍ തമ്മിലുള്ള സംവാദവും, അതു വളര്‍ത്താന്‍ സാദ്ധ്യതയുള്ള ഐക്യദാര്‍ഢ്യവും സാഹോദര്യവുമാണ് നാലാമത്തെ ശ്രദ്ധേയമായ വികസന മാര്‍ഗ്ഗമായി കര്‍ദ്ദിനാള്‍ ബോ വിവക്ഷിക്കുന്നത്.

5. രാഷ്ട്രങ്ങളും മത-രാഷ്ട്രീയ സമൂഹങ്ങളും തമ്മിലുള്ള അനുരഞ്ജന ശ്രമങ്ങള്‍

അങ്ങുമിങ്ങും ഇനിയും നടമാടുന്ന സംഘര്‍ഷങ്ങളും രൂക്ഷമായ കലാപങ്ങളും ഏഷ്യയിലെ സാമൂഹിക ജീവിതത്തെ മലീമസമാക്കുന്നുണ്ട്. വളര്‍ന്നുവരുന്ന വിദ്വേഷത്തിന്‍റെയും വര്‍ഗ്ഗീയതയുടെയും സംസ്കാരത്തിന് മറുമരുന്നാകണം സഭ, എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ആശയമാണ് കര്‍ദ്ദിനാള്‍ ബോ ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ സമൂഹങ്ങള്‍ തമ്മിലുള്ള അനുരഞ്ജനത്തിനും സമാധാനത്തിനുമുള്ള പോംവഴിയായി ചൂണ്ടിക്കാട്ടുന്നത്.

വിമോചകനായ ക്രിസ്തുവിന്‍റെ സ്നേഹപ്രകാശം പങ്കുവയ്ക്കാന്‍ വിമോചകനും കരുണാര്‍ദ്രനുമായ ദൈവത്തിന്‍റെ സജീവസ്നേഹം 2019 നവവത്സരത്തിന്‍റെ ഉദയത്തില്‍ സഹോദരങ്ങളുമായി പങ്കുവയ്ക്കുന്ന ആശംസയോടെയാണ് കര്‍ദ്ദിനാള്‍ മവൂങ് ബോ തന്‍റെ അഞ്ചിന പദ്ധതി പ്രസിദ്ധപ്പെടുത്തിയത്.

.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.