ചരിത്രസ്മരണയില്‍ ഇന്ന് ലോക തൊഴിലാളിദിനം

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓര്‍മ്മപ്പെടുത്തി മെയ് ഒന്നിന് ലോകമെമ്പാടും തൊഴിലാളിദിനം ആഘോഷിക്കുന്നു. ലോകത്ത് ഔദ്യോഗികമായി തൊഴിലാളിദിനം ആചരിക്കാന്‍ തുടങ്ങി ഏകദേശം 35 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയില്‍ മെയ് ദിനവും അന്താരാഷ്ട്ര തൊഴിലാളിദിനവും കടന്നുവന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഈ ദിവസം പൊതു അവധിയുമാണ്.

137 വര്‍ഷം മുമ്പ്, ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്ക് ജോലിചെയ്യുന്നതിന് സമയപരിധി ഉണ്ടായിരുന്നില്ല. അവര്‍ക്കായി നിയമങ്ങളും ചട്ടങ്ങളും ഉണ്ടായിരുന്നില്ല. തൊഴിലാളികളെ 15 മണിക്കൂറോ, അതില്‍ കൂടുതലോ തുടര്‍ച്ചയായി ജോലിചെയ്യിപ്പിച്ചു. അവധി ദിവസങ്ങളിലും ഒരു ക്രമീകരണവും ഉണ്ടായിരുന്നില്ല. ഇക്കാരണത്താല്‍, 1886 മെയ് ഒന്നിന് ആയിരക്കണക്കിനു തൊഴിലാളികള്‍ ഐക്യത്തോടെ അമേരിക്കയിലെ ചിക്കാഗോ നഗരത്തില്‍ പ്രകടനം നടത്തി. ജോലിസമയം എട്ടു മണിക്കൂറായി നിജപ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനുപുറമെ ആഴ്ചയില്‍ ഒരുദിവസം അവധിയും അവര്‍ ആവശ്യപ്പെട്ടു.

ചിക്കാഗോ പ്രസ്ഥാനം അമേരിക്കയില്‍ ശക്തിപ്പെടാന്‍ തുടങ്ങി. 1886 മെയ് നാലിന് പ്രക്ഷോഭകര്‍ ലോക്കല്‍ പൊലീസിനെ ലക്ഷ്യമിട്ട് ബോംബ് എറിഞ്ഞു. പൊലീസ് നടത്തിയ തിരിച്ചടിയില്‍ നാലു തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇതോടൊപ്പം പൊലീസ് വെടിവയ്‌പ്പിൽ നൂറോളം തൊഴിലാളികള്‍ക്കു പരിക്കേറ്റു. ഇതൊക്കെയാണെങ്കിലും സമരം ശക്തമായി തുടര്‍ന്നു. ഇതിന് മൂന്നുവര്‍ഷത്തിനു ശേഷം, 1889 ല്‍ പാരീസില്‍ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സില്‍ മെയ് ഒന്ന് ജീവന്‍ ബലിയര്‍പ്പിച്ച തൊഴിലാളികളുടെ ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആദ്യമായി ഔദ്യോഗികമായി തൊഴിലാളിദിനം നിലവില്‍വന്നു.

ഇന്ത്യയില്‍, ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്‍ 1923 മെയ് ഒന്നിന് ചെന്നൈയില്‍ തൊഴിലാളിദിനം ആചരിക്കാന്‍ തുടങ്ങി. ഇടതുപക്ഷവും സോഷ്യലിസ്റ്റ് പാര്‍ട്ടികളുമാണ് അന്ന് അതിന് നേതൃത്വം നല്‍കിയത്. അന്നുതന്നെ തൊഴിലാളികളുടെ ഐക്യദാര്‍ഢ്യത്തിന്റെയും സമരത്തിന്റെയും പ്രതീകമായി ആദ്യമായി ചുവന്ന നിറത്തിലുള്ള പതാക ഉപയോഗിച്ചു. അതിനുശേഷം എല്ലാ വര്‍ഷവും ഇന്ത്യയില്‍ ഈ ദിനം ആചരിക്കുന്നു. ഈ ദിനത്തില്‍, പ്രത്യേകിച്ച് തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും അവര്‍ക്കെതിരെയുള്ള ചൂഷണം തടയാനും ശബ്ദമുയര്‍ത്തുന്നു.

ഇന്ന് ലോകമെമ്പാടും നിയമപരമായി തൊഴിലാളികള്‍ക്ക് ഒരു ദിവസം എട്ടുമണിക്കൂര്‍ ജോലി നിശ്ചയിച്ചിരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ കാരണമായി കണക്കാക്കപ്പെടുന്നത് ചിക്കാഗോ പ്രസ്ഥാനമാണ്. ആഴ്ചയില്‍ ഒരുദിവസത്തെ അവധി തുടങ്ങിയതും ഈ പ്രസ്ഥാനത്തിന്റെ സംഭാവനയായി കണക്കാക്കുന്നു. എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന്റെ ചരിത്രമാണ് മെയ് ദിനത്തിന്റേത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.