മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ പോലും കഴിയാതെ വേദനയാല്‍ നീറുന്ന നൈജീരിയയിലെ അമ്മമാര്‍

വടക്കുകിഴക്കന്‍ നൈജീരിയയിലെ ഒരു ആശുപത്രിക്കിടക്കയില്‍ ഫാത്തി ഉസ്മാന്‍ എന്ന യുവതിയുടെ അഞ്ചു വയസുകാരന്‍ മകന്‍ ഏതാണ്ട് നിര്‍ജ്ജീവനായി കിടക്കുകയാണ്. ആരോഗ്യം തീര്‍ത്തും മോശമായ അവസ്ഥയിലുള്ള അവന് ശ്വസിക്കാന്‍ പോലും നല്ല ബുദ്ധിമുട്ടുണ്ട്. അവന്റെ നനുത്ത കവിളില്‍ ഇടയ്ക്കിടെ ഈച്ച വന്നുപോകുന്നു.

വടക്കുകിഴക്കന്‍ നൈജീരിയയില്‍ ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള കലാപം സൃഷ്ടിച്ച വന്‍ മാനുഷിക പ്രതിസന്ധിയില്‍ കുടുങ്ങിയ ദശലക്ഷക്കണക്കിന് ആളുകളില്‍ ഒരു കുടുംബമാണിത്. ഉക്രൈനിലെയും മറ്റിടങ്ങളിലെയും പ്രതിസന്ധികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ആഗോള സഹായ ഏജന്‍സികളുടെയും യുഎന്നിന്റെയും പിന്തുണ നൈജീരിയന്‍ ഗവണ്‍മെന്റിന് കിട്ടാതാവുകയും ഫണ്ട് കുറയുന്നതുമാണ് ജനങ്ങളുടെ പട്ടിണിക്ക് കാരണമെന്ന് ഇവിടുത്തെ സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു.

ദുര്‍ബലരായ ദശലക്ഷക്കണക്കിന് നൈജീരിയക്കാരുടെ അവസാന ആശ്രയമാണ് കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്കായുള്ള ക്യാമ്പുകള്‍. എന്നാല്‍ കലാപത്തിന്റെ അനന്തരഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട ബോര്‍ണോ സംസ്ഥാനം കഴിഞ്ഞ വര്‍ഷം അത്തരം ക്യാമ്പുകളെല്ലാം അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. അവയെ ചേരികള്‍ എന്ന് ലേബല്‍ ചെയ്ത് ഓരോ കുടുംബത്തിനും തുച്ഛമായ തുക നല്‍കി, അവരെ അവിടം വിട്ട് പോകാന്‍ നിര്‍ബന്ധിച്ചു.

പോഷകാഹാരക്കുറവ് എന്ന പ്രതിസന്ധിയും രാജ്യത്തെ ബാധിച്ചിരിക്കുന്നു. 2022-ല്‍ വടക്കുകിഴക്കന്‍ നൈജീരിയയില്‍ അഞ്ച് വയസിനു താഴെയുള്ള 1.74 ദശലക്ഷം കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുമെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 20% വര്‍ദ്ധനവാണത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ 5,000 പേര്‍ മരിക്കാനിടയുണ്ടെന്നും പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. കോളറ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതും തീവ്രവാദികളുടെ ആക്രമണം കാരണം കൃഷി തടസപ്പെട്ടതും പോഷകാഹാരക്കുറവിന്റെ വര്‍ദ്ധനവ് വഷളാക്കിയിരിക്കുന്നു.

ഫാത്തി ഉസ്മാന്റെ മകന് അഞ്ചാംപനിയും വയറിളക്കവുമാണ് ബാധിച്ചിരിക്കുന്നത്. “അവന് നല്‍കാന്‍ എനിക്ക് കുറച്ച് മരുന്നുകള്‍ ലഭിച്ചു. പക്ഷേ അവന്റെ അവസ്ഥ മെച്ചപ്പെട്ടില്ല. 37 ദിവസമായി അവന് വയറിളക്കം തുടങ്ങിയിട്ട്” – ഫാത്തി പറയുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്, വടക്കുകിഴക്കന്‍ നൈജീരിയയിലെ യോബെ സംസ്ഥാനത്തിലെ പ്രധാന നഗരമായ ഡമതുരുവിലെ ആശുപത്രിയിലേക്ക് കിലോമീറ്ററുകള്‍ നടന്ന്, അവള്‍ തന്റെ മകനെ എത്തിച്ചുവെങ്കിലും കുട്ടിയുടെ ആരോഗ്യം ഇതുവരെ മെച്ചപ്പെട്ടിട്ടില്ല.

“ഇവിടെ വരുന്ന മിക്ക കേസുകളും ഗുരുതരമാണ്. തീവ്രമായ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ദിവസവും നിരവധി കുട്ടികളെ ചികിത്സക്കായി ഇവിടെ എത്തിക്കുന്നു. അവരില്‍ പലരുടേയും സ്ഥിതി അതീവഗുരുതരവുമാണ്” – സെന്ററിന്റെ കോര്‍ഡിനേറ്റര്‍ ഡോ. ജാഫെത് ഉഡോക്വു പറഞ്ഞു. ഭക്ഷണലഭ്യതയുടെ വര്‍ദ്ധനവ് ഉണ്ടായില്ലെങ്കില്‍ നിരവധി കുട്ടികള്‍ മരിക്കുകയോ, വികലാംഗരാകുകയോ ചെയ്യുമെന്ന് സഹായപ്രവര്‍ത്തകന്‍ ജോണ്‍ മുക്കിസ പറയുന്നു.

ഈ പ്രതിസന്ധിക്കു മുമ്പ് ഫാത്തിയുടെ അഞ്ച് കുട്ടികള്‍ മരിച്ചിരുന്നു. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നാല് പേരില്‍ ഒരാളാണ് ഈ കുട്ടി. യോബെയിലെ മൈനോ എന്ന ചെറുപട്ടണത്തില്‍ തീവ്രവാദി ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ബോക്കോ ഹറാമിന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപെട്ട ഫാത്തി, അഞ്ച് വര്‍ഷം മുമ്പ് കുടിയിറക്കപ്പെട്ട ആളുകള്‍ക്കുള്ള ക്യാമ്പിലേക്ക് മാറിയതാണ്. “ഞങ്ങള്‍ക്ക് ഞങ്ങളുടെ വീട്ടുസാധനങ്ങള്‍ പോലും എടുക്കാന്‍ കഴിഞ്ഞില്ല; ഭക്ഷണം പോലും” – ഫാത്തി പറയുന്നു.

ഭക്ഷണത്തിനു പകരമായി കീറിയ വസ്ത്രങ്ങള്‍ തയ്ച്ചുനല്‍കിയാണ് അവള്‍ ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നത്. എന്നാല്‍ അയല്‍വാസികളും കലാപത്തിന്റെ ഇരകളാണ്. പ്രധാനമായും ഏജന്‍സികളില്‍ നിന്നും സര്‍ക്കാരില്‍ നിന്നുമുള്ള സഹായങ്ങളെ ആശ്രയിച്ചാണ് അവരെല്ലാം വീടുകള്‍ വിട്ട് പലായനം ചെയ്തത്.

2015-ല്‍ അധികാരമേറ്റതു മുതല്‍, പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ സര്‍ക്കാര്‍, രാജ്യത്തെ മാനുഷികദുരന്തം വേണ്ടവിധത്തില്‍ നേരിടുമെന്ന് ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതില്‍ വലിയ തോതില്‍ പരാജയപ്പെട്ടു. എന്നിട്ടും, വടക്കുകിഴക്കന്‍ മേഖലയിലെ ആയിരക്കണക്കിന് തീവ്രവാദികള്‍ സ്വമേധയാ കീഴടങ്ങിയെന്നും ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ കാര്യമായ വിജയം നേടിയെന്നുമെല്ലാമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

“ഞങ്ങളുടെ ഗ്രാമം ആക്രമിക്കപ്പെട്ടതു മുതല്‍ ഒരുപാട് ദുരന്തങ്ങള്‍ ഞങ്ങള്‍ നേരിട്ടിട്ടുണ്ട്. ഞങ്ങളുടെ കുട്ടികള്‍ രോഗങ്ങളാല്‍ മരിക്കുന്നു. ഞങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള ഇടപെടല്‍ ഇനിയും ഉണ്ടായില്ലെങ്കില്‍ ദുരന്തം ഇനിയും തുടരും” – ഫാത്തി ഉള്‍പ്പെടെ നൈജീരിയയില്‍ വിവിധ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നവര്‍ പറയുന്നു.

കീർത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.