‘എന്റെ കുഞ്ഞ് കഷ്ടപ്പെടുന്ന കാഴ്ച എനിക്ക് സഹിക്കാന്‍ കഴിയില്ല’! പകര്‍ച്ചവ്യാധിയില്‍ വലഞ്ഞ് പാക്കിസ്ഥാന്‍ ജനത

‘എന്റെ കുഞ്ഞ് കഷ്ടപ്പെടുന്ന കാഴ്ച എനിക്ക് സഹിക്കാന്‍ കഴിയില്ല’. പത്തുമാസം പ്രായമുള്ള സയീദ് അഹമ്മദിനെ തന്റെ കൈകളില്‍ കിടത്തി നൂര്‍ സാദി എന്ന യുവതി പറയുന്നു. പാക്കിസ്ഥാനിലെ മാരകമായ വെള്ളപ്പൊക്കത്തില്‍ സ്വന്തം വീട് നഷ്ടപ്പെട്ട് ആഴ്ചകള്‍ക്ക് ശേഷം, നൂര്‍ ഇപ്പോള്‍ മകനെയോര്‍ത്താണ് ഭയപ്പെടുന്നത്. ‘ഞങ്ങള്‍ ദരിദ്രരാണ്. ഞങ്ങള്‍ അവനെക്കുറിച്ച് ശരിക്കും ആശങ്കാകുലരാണ്’. അവള്‍ പറയുന്നു. മലേറിയ ബാധിച്ച് ഗുരുതരമായ അവസ്ഥയിലാണ് സയീദ് ഇപ്പോള്‍. അടിയന്തരമായി അവന് രക്തമാറ്റം ആവശ്യമാണെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയത്തിനു ശേഷം മലേറിയ, ഡെങ്കി, വയറിളക്കം എന്നീ രോഗങ്ങൾ വ്യാപകമായിരിക്കുകയാണ്. ഇപ്പോള്‍ ഇരട്ടഭാരം നേരിടുന്ന ആയിരങ്ങളില്‍ ഒന്നാണ് നൂറിന്റെ കുടുംബം. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ പലതും വെള്ളക്കെട്ടുകള്‍ക്ക് സമീപം തുറസ്സായ സ്ഥലത്താണ് താമസിക്കുന്നതെന്നതും അസുഖങ്ങള്‍ അതിവേഗം വ്യാപിക്കാന്‍ ഇടയാക്കുന്നു.

തട്ട ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് നൂറും സയിദും മറ്റ് അനേകം അമ്മമാരും കുഞ്ഞുങ്ങളും ഇപ്പോള്‍. ഈ വാര്‍ഡിലെ മിക്കവാറും എല്ലാ രോഗികളും ചെറിയ കുട്ടികളാണ്. മിക്കവാറും എല്ലാവരും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണെന്ന് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. അഷ്ഫാക്ക് അഹമ്മദ് പറയുന്നു. മലേറിയ പ്രതിരോധ മരുന്നുകളുടെ രൂക്ഷമായ ക്ഷാമം നേരിടുന്നുണ്ടെന്നും ഓരോ മിനിറ്റിലും പുതിയ രോഗികള്‍ എത്തുന്നതായും ഡോക്ടര്‍ അഹമ്മദ് പറയുന്നു.

എല്ലാവര്‍ക്കും ആശുപത്രിയിലെത്താനും കഴിയില്ല. ലക്ഷക്കണക്കിന് വെള്ളപ്പൊക്ക അഭയാര്‍ത്ഥികളുടെ ആവാസകേന്ദ്രമായി മാറിയ പ്രവിശ്യയിലെ ദാംദാമ പ്രദേശത്തെ ഒരു ക്യാമ്പില്‍ ഭൂരിഭാഗം ആളുകളും രോഗികളാണ്. പക്ഷേ അരമണിക്കൂറിലധികം യാത്ര ചെയ്താലേ ആശുപത്രിയില്‍ എത്താനാകൂ. വഴിമധ്യേ മിക്കയിടത്തും വെള്ളക്കെട്ടുകളുമാണ്. അതുകൊണ്ടു തന്നെ യാത്ര ചെയ്ത് ആശുപത്രിയിലെത്തുക എന്നത് ഏറെ ദുഷ്‌കരമാണ്. ജലനിരപ്പ് താഴാന്‍ മാസങ്ങളെടുക്കുമെന്ന് അധികൃതര്‍ പറയുന്നു.

തീര്‍ത്തും ദുര്‍ബലമായ താത്കാലിക ടെന്റുകളില്‍ കഴിയുന്ന ആളുകളില്‍ ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും പ്രായമായവരും എല്ലാമുണ്ട്. ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയോര്‍ത്ത് വിഷമിക്കുന്ന ഗര്‍ഭിണികളും അസുഖം ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് ഒരു തുള്ളി പാലു പോലും കൊടുക്കാനാകാത്ത അമ്മമാരും വിവിധ അസുഖങ്ങളാല്‍ ക്ലേശിക്കുന്ന ആളുകളുമെല്ലാമാണ് അവിടെയുള്ളത്.

‘ഞങ്ങളുടെ വീട് ഒലിച്ചുപോയി, ഞങ്ങള്‍ക്ക് ഒന്നുമില്ല. അധികാരികളില്‍ നിന്ന് ഞങ്ങള്‍ക്ക് ഭക്ഷണ സഹായമോ ടെന്റോ ലഭിച്ചിട്ടില്ല’. റാഷിദ എന്ന സ്ത്രീ പറയുന്നു. സമാന കഥകള്‍ പങ്കുവെച്ച മറ്റുള്ളവര്‍ പറയുന്നത് തങ്ങള്‍ തീര്‍ത്തും ഉപേക്ഷിക്കപ്പെട്ടതായി തോന്നുന്നു എന്നാണ്.

ടെന്റുകളുടെ ദൗര്‍ലഭ്യമുണ്ടെന്ന് സമ്മതിച്ചെങ്കിലും കഴിയുന്നത്ര പ്രദേശങ്ങളിലേക്ക് ഭക്ഷ്യസഹായം അയച്ചുകൊണ്ടിരിക്കുകയാണെന്ന് തട്ടയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഡോ. ഗസന്‍ഫര്‍ ഖാദ്രി പറഞ്ഞു.

കീർത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.