യുദ്ധത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ കുട്ടികളെ സഹായിക്കുന്ന ഉക്രൈനിലെ കേന്ദ്രങ്ങള്‍

ഉക്രൈനിലെ ബുച്ചയിലെ ഒരു കെട്ടിടത്തില്‍, കടുംനിറങ്ങളാല്‍ പെയിന്റ് ചെയ്തിരിക്കുന്ന മുറികളിലൂടെ എട്ടു വയസുകാരി അന്ന ഓടിനടക്കുകയാണ്. ഒരു കൈ കൊണ്ട് അമ്മയെയും മറുകൈ കൊണ്ട് ടെഡി ബിയറിനെയും പിടിച്ചാണ് അവളുടെ നടത്തം.

യുദ്ധവും സംഘട്ടനങ്ങളും ഏല്‍പിച്ച ആഘാതങ്ങളേയും ദുരനുഭവങ്ങളേയും ഉള്‍ക്കൊള്ളാനും അതിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് മോചനം നേടാനും സഹായിക്കുന്നതിന് മാനസിക പിന്തുണ തേടുന്ന നിരവധി കുട്ടികളില്‍ ഒരാളാണ് അന്ന.

ആക്രമണത്തിന്റെ തുടക്കത്തില്‍ തന്നെ റഷ്യക്കാര്‍ കൈവശപ്പെടുത്തിയ പ്രദേശമാണ് ബുച്ച. അത് ഇപ്പോള്‍ ഒരു യുദ്ധക്കുറ്റ അന്വേഷണത്തിന്റെ കേന്ദ്രവുമാണ്. 2014-ല്‍ കിഴക്കന്‍ ഉക്രൈനിലെ പ്രദേശങ്ങള്‍ റഷ്യന്‍ പ്രോക്സി സേന പിടിച്ചെടുത്തപ്പോള്‍ ലുഹാന്‍സ്‌കിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള അന്നയുടെ കുടുംബം ബുച്ചയിലേക്ക് മാറിയതാണ്. വെറും എട്ട് വര്‍ഷങ്ങൾക്കു ശേഷം കുടുംബം ഒരിക്കല്‍ കൂടി പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.

തങ്ങള്‍ വീണ്ടും വീടും നാടും വിട്ട് ഒഴിയേണ്ടിവരുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് അന്നയുടെ അമ്മ വിക്ടോറിയ പറയുന്നത്. “ഫെബ്രുവരി 24-ന് ഉറങ്ങിക്കൊണ്ടിരുന്ന സമയത്താണ് പുറത്ത് വിചിത്രമായ ശബ്ദം കേട്ടത്. റഷ്യക്കാര്‍ നഗരം ആക്രമിച്ചതായി പെട്ടെന്ന് മനസിലായി. ഞങ്ങള്‍ ടെലിവിഷന്‍ ഓണാക്കി, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കി. ഉടന്‍ തന്നെ ഞങ്ങളുടെ സാധനങ്ങള്‍ പാക്ക് ചെയ്യാന്‍ തുടങ്ങി. വേഗം തന്നെ ഉറങ്ങിക്കൊണ്ടിരുന്ന മകള്‍ അന്നയെയും ഉണര്‍ത്തി. എന്താണ് സംഭവിക്കുന്നതെന്നും എവിടെ പോകുന്നുവെന്നും അവള്‍ ചോദിച്ചുകൊണ്ടിരുന്നു” – വിക്ടോറിയ പറഞ്ഞു.

പടിഞ്ഞാറന്‍ ഉക്രൈനിലെ കലുഷിലേക്കാണ് ഈ കുടുംബം പോയത്. ഏതാനും മാസങ്ങള്‍ വാടകയ്ക്ക് അവര്‍ അവിടെ താമസിച്ചു. പിന്നീട് സൈന്യം പിന്മാറിയപ്പോള്‍ കുടുംബം ബുച്ചയിലെ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ അധിനിവേശം ഏല്‍പിച്ച മാനസിക മുറിവുകള്‍ ഇപ്പോഴും അവരില്‍ അവശേഷിക്കുന്നു.

“ഇപ്പോള്‍ അവള്‍ വളരെ വികാരാധീനയാണ്. അവള്‍ ശബ്ദങ്ങളെ ഭയപ്പെടുന്നു. ഒരു ട്രെയിന്‍ പോകുന്നത് കേട്ടാല്‍ പോലും അവള്‍ ഉടന്‍ എന്റെ അടുത്തേക്ക് ഓടിയെത്തും. ഇടിമിന്നല്‍ കേള്‍ക്കുമ്പോള്‍ സ്‌ഫോടനങ്ങളാണെന്നു കരുതി ഉറക്കെ കരയും” – അന്നയെക്കുറിച്ച് വിക്ടോറിയ പറയുന്നു.

ഇക്കാരണത്താലാണ് വിക്ടോറിയ, അന്നയെ ബുച്ച സൈക്കോളജിക്കല്‍ സെന്ററിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അവിടെയുള്ള സൈക്കോ തെറാപ്പിസ്റ്റുകള്‍ കുട്ടികളെ പരിചരിക്കുന്നു. അവരുടെ മനസ് വീണ്ടെടുക്കാന്‍ ചിത്രരചനയിലും വിവിധ കളികളിലും അവരെ ഏര്‍പ്പെടുത്തുന്നു. വ്യക്തിഗതമായോ, കൂട്ടമായോ അവര്‍ക്ക് കൗണ്‍സിലിംഗുകളും കോച്ചിംഗുകളും നല്‍കുന്നു.

“അവള്‍ക്ക് വരയ്ക്കാന്‍ ഇഷ്ടമാണ്. മണിക്കൂറുകളോളം അവളുടെ ഡ്രോയിംഗുകളെ കുറിച്ച് സംസാരിക്കുകയും ചെയ്യും. അവള്‍ക്ക് അവളുടെ വികാരങ്ങള്‍ പേപ്പറില്‍ വരയ്ക്കാന്‍ കഴിയുന്നുണ്ട്. അതുകൊണ്ട് അവളുടെ നെഗറ്റീവ് വികാരങ്ങള്‍ കടലാസില്‍ ഉപേക്ഷിക്കാന്‍ ചിത്രരചന അവളെ സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു” – വിക്ടോറിയ പറയുന്നു.

അന്നക്ക് ഉണ്ടായതുപോലുള്ള ആഘാതങ്ങള്‍ യുദ്ധം അനുഭവിച്ചവരില്‍ സാധാരണമാണെന്ന് കേന്ദ്രത്തിലെ മനഃശാസ്ത്രജ്ഞരില്‍ ഒരാളായ നതാലിയ പറയുന്നു. “യുദ്ധഫലങ്ങള്‍ അനുഭവിക്കേണ്ടിവന്ന കുട്ടികള്‍ക്ക് സുരക്ഷിതത്വവും സ്വാതന്ത്രവും തോന്നുന്നില്ല, ഇത് ആഘാതത്തിന്റെ ലക്ഷണമാണ്. ചില കുട്ടികള്‍ക്ക് പ്രായം പിന്നോട്ടു പോകാം. ഉദാഹരണത്തിന്, അവര്‍ക്ക് ഏഴ് വയസുണ്ടെങ്കിലും മൂന്ന് വയസുള്ളതു പോലെ പെരുമാറിയേക്കാം. ചില കുട്ടികള്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നുണ്ട്. അവര്‍ കൂടുതല്‍ പ്രകോപിതരാകാം. ചില സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ ആക്രമണകാരികളാകാം” – നതാലിയ പറയുന്നു.

ഇത്തരം കേന്ദ്രങ്ങള്‍ക്ക് രാജ്യത്ത് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്. ഉക്രൈനിലുടനീളം പ്രവര്‍ത്തിക്കുന്ന വോയ്സ് ഓഫ് ചില്‍ഡ്രന്‍ എന്ന സംഘടനയും ഇക്കാര്യം ശരിവയ്ക്കുന്നു. ഉക്രൈനിലുടനീളമുള്ള ഓര്‍ഗനൈസേഷന്റെ ആറ് കേന്ദ്രങ്ങളില്‍ സെഷനുകള്‍ക്കായി വരുന്ന കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചതായി ചാരിറ്റിയിലെ സൈക്കോളജിസ്റ്റായ നതാലിയ മോസ്യുക്ക് പറയുന്നു.

“മാതാപിതാക്കള്‍ക്കും ചികിത്സ ലഭിക്കണമെന്ന് ഞാന്‍ കരുതുന്നു. പല മാതാപിതാക്കളും ആദ്യം തങ്ങളുടെ കുട്ടികളെക്കുറിച്ചാണ് ചിന്തിക്കുന്നത്, എന്നാല്‍ തങ്ങളെ കുറിച്ചും ചിന്തിക്കണം” – നതാലിയ കൂട്ടിച്ചേര്‍ത്തു.

കീർത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.