താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം തിരിച്ചു പിടിച്ച ദിവസം ജനിച്ച കുട്ടിക്ക് അമ്മ എഴുതുന്ന കത്ത്

20 വര്‍ഷത്തിനുശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ്, നാറ്റോ സൈനികര്‍ പിന്‍വാങ്ങുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് 2021 മെയ് മാസത്തില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തു. നഗരം തോറും, താലിബാന്‍ ദ്രുതഗതിയിലുള്ള മുന്നേറ്റം നടത്തി. 1990-കളുടെ അവസാനം മുതല്‍ അവരുടെ കൈയ്യിലില്ലാതിരുന്ന പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു. 2021 ഓഗസ്റ്റ് 15 ന് രാവിലെ, റിപ്പബ്ലിക് സര്‍ക്കാര്‍ തകരുകയും താലിബാന്‍ തലസ്ഥാനത്തേക്ക് എത്തുകയും ചെയ്തു.

കഴിഞ്ഞ താലിബാന്‍ ഭരണകാലത്ത് ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൂട്ടക്കൊല ചെയ്യപ്പെടുകയും ചെയ്ത ന്യൂനപക്ഷത്തിന്റെ ഭാഗമായ ഒരു ഹസാര സ്ത്രീ, ഇതേ ദിവസം, കാബൂളിലെ ആശുപത്രിയില്‍ പ്രസവിച്ചു. താലിബാന്‍ ഭരണം ഒരു വര്‍ഷം പിന്നിട്ട അവസരത്തില്‍, അവര്‍ തന്റെ ഒരു വയസുള്ള മകന് ഒരു കത്തെഴുതി. അതിങ്ങനെയായിരുന്നു…

പ്രിയപ്പെട്ട മകനേ,

2021 ആഗസ്റ്റ് 15-ന് രാവിലെയാണ് നീ കാബൂളില്‍ ജനിച്ചത്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയ ദിവസവും നമ്മുടെ രാജ്യം തകര്‍ന്ന ദിവസവും അതായിരുന്നു. അന്ന് അതിരാവിലെ, ഏകദേശം അഞ്ചുമണിക്ക്, ഞാനും നിന്റെ അച്ഛനും വീട്ടില്‍ നിന്ന് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. നഗരം നിശബ്ദമായിരുന്നു. പക്ഷേ ആ നിശ്ചലതയ്ക്ക് എന്തോ പ്രത്യേകതയുണ്ടായിരുന്നു. കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത പോലെയായിരുന്നു അത്.

ഞങ്ങള്‍ ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍, രാജ്യത്തിന്റെ വലിയൊരു ഭാഗം താലിബാന്‍ കൈയടക്കിയതായി വാര്‍ത്തകളില്‍ നിന്നും നിന്റെ പിതാവില്‍ നിന്നും ഞാന്‍ അറിഞ്ഞു. നീ ജനിച്ച ദിവസം കാബൂള്‍ വീഴുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഞങ്ങള്‍ പോകുന്ന വഴി, നിന്റെ പിതാവിന് ഒരു അടിയന്തിര കോള്‍ വന്നു. കാബൂളിലെ റിപ്പബ്ലിക് ഗവണ്‍മെന്റില്‍ അദ്ദേഹത്തിന് അടുത്തിടെ ഒരു പുതിയ സ്ഥാനം ലഭിച്ചിരുന്നു. താലിബാന്‍ നഗരത്തിലേക്ക് മുന്നേറിയതോടെ, മുന്‍നിരയില്‍ അദ്ദേഹത്തെ ആവശ്യമായിരുന്നു. അതിനാല്‍ അദ്ദേഹം എന്നെ ഒറ്റയ്ക്ക് ഹോസ്പിറ്റലില്‍ ഇറക്കി. എത്രയും വേഗം നമ്മുടെ അടുത്തേക്ക് മടങ്ങിയെത്തുമെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് ഭയമായിരുന്നു. പക്ഷേ അദ്ദേഹത്തിന് പോകണമെന്ന് എനിക്കറിയാമായിരുന്നു,

നിന്റെ ജനനത്തിനു തൊട്ടുമുമ്പുള്ള ആഴ്ചകളില്‍ രാജ്യത്തുടനീളം താലിബാന്‍ മുന്നേറുന്നത് കണ്ടപ്പോള്‍, ഞാന്‍ എന്നോടുതന്നെ ചോദിച്ചു, ഞങ്ങള്‍ എങ്ങനെ ജീവിക്കും? ജനിക്കാന്‍ പോകുന്ന എന്റെ കുഞ്ഞും മറ്റ് രണ്ട് മക്കളും അവരുടെ ഏറ്റവും മോശം ദിവസങ്ങള്‍ അനുഭവിക്കാന്‍ പോകുന്നുവോ എന്ന്.

ഹസാര വിഭാഗത്തില്‍ പെട്ട നമുക്ക് ഈ നാട്ടില്‍ താമസിക്കാന്‍ ഒരിടമില്ലാതാകുമെന്നും ഓടിപ്പോകാന്‍ ഒരിടവുമില്ലെന്നും ഞാന്‍ ഭയപ്പെട്ടു. ഹസാരാസ് ആയതിനാല്‍, പഴയ പഷ്തൂണ്‍ രാജാക്കന്മാരുടെ കാലം മുതല്‍ ഇന്നുവരെ നമ്മള്‍ വിവേചനത്തിന് വിധേയരായിട്ടുണ്ട്. എല്ലായിടത്തും നമ്മളോട് വിവേചനം ഉണ്ടായിരുന്നു, സര്‍ക്കാരിലും സമൂഹത്തിലും. സ്ഫോടനങ്ങളും കൂട്ടക്കൊലകളും ഉള്‍പ്പെടെ നമ്മുടെ കമ്മ്യൂണിറ്റികള്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വിധേയരായവരാണ്. തീവ്രവാദ ഗ്രൂപ്പുകളുടെ ലക്ഷ്യവും പലപ്പോഴും നമ്മളായിരുന്നു. താലിബാന്റെ മുമ്പത്തെ ഭരണത്തിന്‍ കീഴില്‍ ആയിരക്കണക്കിന് ഹസാരകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു.

ഗര്‍ഭത്തിന്റെ അവസാന ആഴ്ചകളില്‍, ഞാന്‍ അത്യധികം ഉത്കണ്ഠയിലായിരുന്നു. ഇനി എന്താണ് സംഭവിക്കുക എന്ന് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. നിനക്കും നിന്റെ സഹോദരങ്ങള്‍ക്കും വിവേചനം നേരിടേണ്ടി വന്നേക്കാം. നിന്റെ സഹോദരിക്ക് ഒരു സ്ത്രീയെന്ന നിലയില്‍ വിദ്യാഭ്യാസമോ അവസരങ്ങളോ ലഭിക്കാതിരിക്കാം. നിങ്ങളുടെ സുരക്ഷയെക്കുറിച്ചും ഞാന്‍ വിഷമിച്ചു. ചില സമയങ്ങളില്‍, ഞാന്‍ നിന്റെ അമ്മയാകാന്‍ പോകുകയാണെന്ന് പോലും ഞാന്‍ മറന്നു.

താലിബാന്‍ ഇവിടെ ശക്തി പ്രാപിച്ചിരുന്നില്ലെങ്കില്‍ നീ സുരക്ഷിതമായ ഒരു ലോകത്തിലേക്ക്, പ്രത്യാശ നിറഞ്ഞ ഭാവിയോടെ ജനിക്കുമായിരുന്നു. 2015 ലും 2018 ലും ഞാന്‍ നിന്റെ സഹോദരനും സഹോദരിക്കും ജന്മം നല്‍കിയപ്പോള്‍ ഞാനും അവരും എത്രത്തോളം സുരക്ഷിതരായിരുന്നു എന്ന് ഞാനോര്‍ക്കുന്നു. അന്ന്, ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് എനിക്ക് വിഷമിക്കേണ്ടി വന്നിട്ടില്ല. എനിക്ക് എപ്പോഴും സുരക്ഷിതത്വബോധം ഉണ്ടായിരുന്നു.

നിന്റെ സഹോദരനും സഹോദരിയും ജനിച്ചത് കാബൂളിലെ ഏറ്റവും മികച്ച ആശുപത്രിയിലാണ്. അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രിയില്‍. റിപ്പബ്ലിക് ഭരണകാലത്ത് ഞങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. ശാരീരികമായും മാനസികമായും ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാ പരിചരണവും ലഭിച്ചിരുന്നു. ആ സമയങ്ങളില്‍, ഒരു സ്ത്രീയെന്ന നിലയില്‍ സ്വതന്ത്രമായി സഞ്ചരിച്ചിരുന്നതും ഞാന്‍ ഓര്‍ക്കുന്നു, നിങ്ങളുടെ സഹോദരനും സഹോദരിയും എന്റെ ഉള്ളില്‍ വളരുന്നത് കാണുകയും അനുഭവിക്കുകയും ചെയ്തിരുന്നു.

പക്ഷേ നിന്റെ കാര്യത്തില്‍ അത് വ്യത്യസ്തമായിരുന്നു. നമുക്ക് ചുറ്റുമുള്ള ലോകം ഏത് നിമിഷവും തകര്‍ന്നുവീഴുമെന്ന് ഞാന്‍ ഭയപ്പെട്ടു. ഭയാനകമായ ലോകത്തേയ്ക്കാണ് ഞാന്‍ നിന്നെ കൊണ്ടുവരുന്നതെന്ന് ഞാന്‍ ആശങ്കാകുലയായിരുന്നു. ഈ രാജ്യം വിട്ട് എങ്ങനെ രക്ഷപെടാം എന്നതിനെക്കുറിച്ചും ഞാന്‍ ആലോചിച്ചു. പ്രത്യേകിച്ചും നിന്റെ അച്ഛനും ഞാനും ഞങ്ങളുടെ ജീവിതത്തില്‍ ചെയ്തതെല്ലാം – രാഷ്ട്രീയം, പത്രപ്രവര്‍ത്തനം, സാമൂഹ്യപ്രവര്‍ത്തനം എന്നിവയിലെ ഞങ്ങളുടെ കരിയര്‍ എല്ലാം ഇവിടെ അപകടകരമായിരുന്നു.

നിന്റെ ജനനത്തിനു തൊട്ടുമുമ്പുള്ള മാസത്തില്‍ ഞാന്‍ നിന്റെ അച്ഛനുമായി ഒരുപാട് വഴക്കിട്ടു. എല്ലാ ദിവസവും, നമുക്ക് ഇവിടെ നിന്ന് പോകണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ അത്ര എളുപ്പത്തിലും വേഗത്തിലും വീഴില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അവസാനം വരെ അദ്ദേഹം അങ്ങനെയാണ് ചിന്തിച്ചുകൊണ്ടിരുന്നത്.

അഫ്ഗാനിസ്ഥാനിലെ കാര്യങ്ങള്‍ ഓരോ ദിവസവും കൂടുതല്‍ അനിശ്ചിതത്വത്തിലായതിനാല്‍ ഞങ്ങള്‍ സിസേറിയന്‍ ചെയ്യാന്‍ ഏര്‍പ്പാട് ചെയ്തു. ഞാന്‍ വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് പോകേണ്ട സമയവും നീ ഈ ലോകത്തേക്ക് വരേണ്ട സമയവും ഞങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്തു.

നീ ജനിച്ച ദിവസം, ആശുപത്രിയില്‍ പോലും എല്ലാവരും അസ്വസ്ഥരായിരുന്നു. എനിക്ക് ചുറ്റുമുള്ള എല്ലാവരും – നഴ്സുമാര്‍, ഡോക്ടര്‍മാര്‍, മറ്റ് രോഗികള്‍ -ഭയപ്പാടിലായിരുന്നു. കാബൂളിന്റെ തകര്‍ച്ചയെക്കുറിച്ചും താലിബാന്‍ ഭരത്തിലേറുന്നതിനെക്കുറിച്ചുമായിരുന്നു എല്ലാവരുടേയും സംസാരം. ആശുപത്രി അടച്ചുപൂട്ടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും ഞാന്‍ കേട്ടു. മിക്ക ജീവനക്കാരും പലായനം ചെയ്യാന്‍ പദ്ധതിയിടുകയായിരുന്നു.

ഡോക്ടര്‍മാരും നഴ്സുമാരും അസ്വസ്ഥതപ്പെടുന്നത് കണ്ട് എനിക്ക് നിന്നെ സുരക്ഷിതമായി ലഭിക്കുമോ? താലിബാന്‍ ആശുപത്രിയില്‍ കയറി വെടിയുതിര്‍ക്കുമോ? ഞാന്‍ എങ്ങനെ രക്ഷപ്പെടും? നിന്റെ പിതാവ് സുരക്ഷിതനാണോ, നമ്മള്‍ എങ്ങനെ സുരക്ഷിതമായി ആശുപത്രിയില്‍ നിന്ന് പോകും എന്നെല്ലാമായിരുന്നു ആ സമയങ്ങളിലെ എന്റെ ചിന്ത.

നിന്റെ മുത്തശ്ശിമാര്‍ക്കൊപ്പം വീട്ടില്‍ തിരിച്ചെത്തിയ നിന്റെ ഏഴ് വയസ്സുള്ള സഹോദരനെയും നാല് വയസ്സുള്ള സഹോദരിയെയും കുറിച്ച് ഞാന്‍ ചിന്തിച്ചു. നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്ന സമയത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചു.

എന്നാല്‍ ആ നിമിഷങ്ങളെല്ലാം പെട്ടെന്ന് കടന്നുപോയി. ഏകദേശം 7.45 ന് നീ ജനിച്ചു. പിറ്റേന്ന് വൈകുന്നേരം 3 മണി വരെ നമ്മള്‍ അവിടെ താമസിച്ചു. അപ്പോഴേക്കും, താലിബാന്‍ കാബൂള്‍ ഏറ്റെടുത്തു. എങ്ങനെ വീട്ടിലെത്തുമെന്ന ആശങ്കയില്‍ ചില ഡോക്ടര്‍മാര്‍ കരയുകയായിരുന്നു. നിങ്ങളുടെ അമ്മായി എന്നോടൊപ്പം ഉണ്ടായിരുന്നു. നിന്റെ അച്ഛനെ ഓര്‍ത്ത് ഞാന്‍ വിഷമിച്ചു. അദ്ദേഹം എവിടെയാണെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹം സുഖമായിരിക്കുന്നുവെന്ന് നിങ്ങളുടെ അമ്മായി എനിക്ക് ഉറപ്പുനല്‍കി.

ഒടുവില്‍ ഞാന്‍ നിങ്ങളുടെ പിതാവുമായി ആശയവിനിമയം നടത്തി. അദ്ദേഹം സുഖമായിരിക്കുന്നതായി അറിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിങ്ങളുടെ അച്ഛനും അമ്മാവനും അമ്മായിയും മുത്തശ്ശിമാരും എന്നെ പരമാവധി പിന്തുണച്ചു. വാര്‍ത്തകള്‍ നോക്കുകയോ താലിബാനെക്കുറിച്ച് സംസാരിക്കുകയോ ചെയ്യരുതെന്ന് അവര്‍ എന്നോട് പറഞ്ഞു. എന്നാല്‍ ഞാന്‍ ഇതിനകം മാനസികമായി തകര്‍ന്നിരുന്നു. എനിക്ക് നിന്നെ മുലയൂട്ടാന്‍ പോലും കഴിഞ്ഞില്ല.

ഹസാര കുടുംബങ്ങളെ കണ്ടെത്തി അവര്‍ വധിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. വാതിലില്‍ ആരെങ്കിലും മുട്ടുമ്പോള്‍ എനിക്ക് ഭയം തോന്നി. ഞാന്‍ ഒരുപാട് പേടിസ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട്. നമ്മുടെ അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹോദരിമാര്‍, സഹോദരങ്ങള്‍ എല്ലാവരും വിവിധ ഇടങ്ങളിലേക്ക് പലായനം ചെയ്തു തുടങ്ങി. രാജ്യം വിടാന്‍ വിസ ലഭിക്കാത്തതിനാല്‍, നമ്മള്‍ വ്യത്യസ്ത വീടുകളില്‍ താമസിച്ചു. നമ്മുടെ കുടുംബത്തിന് ഒരിക്കലും സുരക്ഷിതത്വം തോന്നിയില്ല.

താലിബാന്‍ ആദ്യമായി അധികാരമേറ്റപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാനിലേക്ക് പോയ കുടിയേറ്റക്കാരാണ്് ഞാനും നിങ്ങളുടെ അച്ഛനും. കാരണം അന്ന് ഏതൊരു ഹസാരയും താലിബാന്‍ പട്രോളിംഗിനിടെ തെരുവില്‍ കൊല്ലപ്പെട്ടു. നമ്മുടെ കമ്മ്യൂണിറ്റികളെ ലക്ഷ്യമിട്ടുള്ള സ്ഫോടനങ്ങള്‍ പതിവായിരുന്നു. സ്ഥിതിഗതികള്‍ സാധാരണ നിലയിലായപ്പോള്‍ ഞങ്ങള്‍ മടങ്ങിയെത്തി. പിന്നീട് ഏറെ പ്രതീക്ഷയോടെ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ കമ്മ്യൂണിറ്റികളുമായി ചേര്‍ന്ന് പഠിക്കുകയും പ്രവര്‍ത്തിക്കുകയും ശ്രമിക്കുകയും ചെയ്തു. എന്നാല്‍ താലിബാന്‍ ഇപ്പോള്‍ വീണ്ടും എത്തിയിരിക്കുന്നു.

പക്ഷേ ഇത്തവണ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഞങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ തന്നെയാണ്. താലിബാന്‍ ഇപ്പോഴും ഇവിടെയുണ്ട്. നമ്മുടെ ഭാവി ഇപ്പോഴും ഇരുണ്ടതാണ്. ഞങ്ങള്‍ ഇപ്പോഴും മറ്റെവിടേയ്‌ക്കെങ്കിലും പോകുന്നതിനെക്കുറിച്ച് എല്ലാ ദിവസവും ചിന്തിക്കുന്നു, അതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. നിനക്കും നിന്റെ സഹോദരങ്ങള്‍ക്കും ഈ ലോകത്ത് എല്ലാ അവസരങ്ങളും ഉണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണത്.

നീ ജനിച്ച് ആറ് മാസത്തോളം എനിക്ക് മാനസികമായി വളരെയധികം ബലഹീനത അനുഭവപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കൂടുതല്‍ ശക്തയായി. ഞാന്‍ നിന്നെയും നിന്റെ സഹോദരങ്ങളെയും നന്നായി നോക്കുന്നു. നിങ്ങളെ സുരക്ഷിതമായി വളര്‍ത്താനും ഈ രാജ്യം വിട്ടുപോകാനും എനിക്ക് ധൈര്യമുണ്ടെങ്കില്‍ മാത്രമേ കഴിയൂ എന്ന് ഞാന്‍ മനസിലാക്കി. നിങ്ങളെ സുരക്ഷിതരാക്കാന്‍ സാധ്യമായ ഏത് വഴിയും ഞാന്‍ കണ്ടെത്തും. ഉറപ്പ്…

കീർത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.