നമ്മുടെ കർത്താവായ ഈശോമിശിഹായുടെ രൂപാന്തരീകരണ തിരുനാൾ

ഫാ. സാജന്‍ ജോസഫ്‌

താബോർ മലയിൽ ദൈവസാന്നിധ്യം ദർശിച്ച നിമിഷം യേശുവിന്റെ മുഖം സൂര്യനെപ്പോലെ പ്രകാശിച്ചു. വസ്ത്രങ്ങൾ മഞ്ഞുപോലെ വെണ്മയുള്ളതായി മാറി. രൂപാന്തരീകരണത്തിന്റെ ദൃശ്യങ്ങൾ പത്രോസിലും യാക്കോബിലും യോഹന്നാനിലും ഭയമുളവാക്കി. മുഖം കുനിച്ച് നിലത്തേയ്ക്ക് പതിച്ചു അവർ. ദൈവത്തിന്റെ നിരന്തരസാന്നിധ്യം കവിഞ്ഞൊഴുകുന്ന ഒരു ഉറവയാണ് മലമുകൾ.

ഇടയ്ക്കെങ്കിലും ജീവിതത്തിന്റെ തിരക്കുകളും ഓട്ടങ്ങളും മാറ്റിവച്ച് മലമുകളിൽ തനിച്ചിരിക്കാൻ നാം സമയം കണ്ടെത്തണം. ജീവിതത്തിൽ എപ്പോഴെങ്കിലും തനിച്ചായിപ്പോയെന്നു തോന്നുമ്പോൾ, ഒറ്റപ്പെടൽ നമ്മെ കാർന്നുതിന്നുമ്പോൾ, കുറവുകൾ ജീവിതത്തെ വരിഞ്ഞുമുറുക്കുമ്പോൾ, വേദനകളും അപമാനങ്ങളും തിരസ്ക്കരണങ്ങളും ചാട്ടുളിപോലെ അകാരണമായി വന്നു പതിക്കുമ്പോൾ. പ്രതിസന്ധികളുടെ മുമ്പിൽ നിസ്സഹായനായി പകച്ചുനില്‍ക്കുമ്പോൾ, തുടർ പരാജയങ്ങൾ നമ്മെ കടുത്ത നിരാശയിലേയ്ക്ക് തള്ളിയിടുമ്പോൾ, സ്നേഹിതരും ബന്ധുക്കളും ഉറ്റമിത്രങ്ങളും അകന്നുപോകുമ്പോൾ, ശാപവാക്കുകളും ശകാരങ്ങളും കുറ്റപ്പെടുത്തലുകളും കുത്തിമുറിപ്പെടുത്തുമ്പോൾ, നമ്മുടെ മുമ്പിൽ പ്രതീക്ഷയുടെ എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെടുമ്പോൾ ഓർക്കുക… നമ്മെ പൂർണ്ണമായും രൂപാന്തരപ്പെടുത്തുന്ന ഒരിടമുണ്ട് ഈ ലോകത്തിൽ. ഒരിക്കലും നമ്മെ കുറ്റപ്പെടുത്തുകയോ, ശകാരിക്കുകയോ, ഒരു നോട്ടം കൊണ്ടുപോലും നമ്മിൽ വിരസത ഉളവാക്കുകയോ ചെയ്യാത്ത ഒരേയൊരിടം. അതാണ് പരമ പരിശുദ്ധിയുടെ നിറസാന്നിധ്യം നിലനില്‍ക്കുന്ന പരിശുദ്ധ സക്രാരി എന്ന മലമുകൾ.

ആ ദൈവസാന്നിധ്യത്തിനു മുമ്പിൽ നാം സ്വയം വിട്ടുകൊടുക്കുമ്പോൾ നമ്മിലും രൂപമാറ്റം സംഭവിക്കും. നമ്മിലെ ബലഹീനതകളും കുറവുകളും അപരാധങ്ങളും തെറ്റുകുറ്റങ്ങളും നമ്മിൽ നിന്നും എന്നന്നേയ്ക്കുമായി അകന്നുപോകുന്ന ഇടം. ദൈവസാന്നിധ്യം എന്നും കുടികൊള്ളുന്ന ആ മലമുകളിലേയ്ക്ക് നമുക്കും സധൈര്യം കടന്നുചെല്ലാം. മറ്റൊരു യേശുവായി രൂപാന്തരപ്പെടാം.

ഫാ. സാജൻ ജോസഫ്‌ നെട്ടപ്പൊങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.