ലാ സാലെറ്റ് മാതാവിന്റെ തിരുനാൾ

പത്തൊൻപതാം നൂറ്റാണ്ടിലെ മരിയൻ പ്രത്യക്ഷീകരണങ്ങളിൽ പ്രധാന്യമർഹിക്കുന്ന ഒന്നാണ് ലാ സാലെറ്റ് മാതാവിന്റെ പ്രത്യക്ഷീകരണം. 1846 സെപ്‌റ്റംബർ 19-ന്‌ ഒരു സുവർണ്ണ ശനിയാഴ്ച ഉച്ചതിരിഞ്ഞ്‌, ഫ്രഞ്ച് ആൽപ്‌സിലെ ഉയർന്ന പ്രദേശമായ ലാ സാലെറ്റിലെ പുൽമേടുകളിൽ ആടുകളെ മേയിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് മുന്നില്‍ സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. സമുദ്രനിരപ്പിൽ നിന്ന് 5,400 അടി ഉയരത്തിലാണ് ഈ മരിയൻ പ്രത്യക്ഷീകരണ സ്ഥലം സ്ഥിതിചെയ്യുന്നത്. 11 വയസ്സുള്ള മാക്സിം ഗിറാഡിനോയും 14 വയസ്സുള്ള മെലാനി കാൽവാട്ടിനോയും ആയിരുന്നു ആ കുട്ടികൾ.

കരഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീയെ കണ്ടപ്പോൾ കുട്ടികൾ അടുത്തെത്തി. അവരെ കണ്ടപ്പോൾ, “സ്ത്രീ” എഴുന്നേറ്റു നിന്ന് ഫ്രഞ്ച് ഭാഷയിലും പ്രാദേശികഭാഷയിലും അവരോടു സംസാരിച്ചു. അതിനുശേഷം ആ സ്ത്രീ കുത്തനെയുള്ള പാതയിലൂടെ നടന്നുപോയി. കുട്ടികൾ പറയുന്നതനുസരിച്ച്, സ്ത്രീയുടെ കഴുത്തിൽ അണിഞ്ഞിരുന്ന കുരിശിൽ നിന്നും ഒരു പ്രകാശം പുറപ്പെട്ടിരുന്നു. ഈ സംഭവം നാട്ടിലെങ്ങും പെട്ടന്നു പരക്കുകയും തീർത്ഥാടകർ അങ്ങോട്ട് പ്രവഹിക്കുകയും ചെയ്തു.

ക്രിസ്തുവിലേയ്ക്ക് എല്ലാവരും തിരിയുക എന്നതാണ് ലാ സലെറ്റെയുടെ ദർശനങ്ങളുടെ കേന്ദ്രസന്ദേശം. പ്രാർത്ഥന, ഞായറാഴ്ച കുർബാന, നോമ്പുകാല പരിത്യാഗം, ഞായറാഴ്ച ആചരണം എന്നിവയെക്കുറിച്ച് മാതാവ് സംസാരിച്ചു. 1789-ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ ഫലമായി ഫ്രാൻസിലെ വിശ്വാസജീവിതത്തിൽ ഇടിവു സംഭവിച്ചിരുന്നു. 1800-കളുടെ മധ്യത്തിൽ വിശുദ്ധ കുർബാനയിലും പ്രാർത്ഥനയിലും പങ്കെടുന്നവരുടെ എണ്ണത്തിൽ ഗണ്യമായി കുറവും സംഭവിച്ചിരുന്നു.

കുട്ടികളുടെ വിവരണമനുസരിച്ച്, ആഴ്ചയുടെ ഏഴാം ദിവസം വിശ്രമദിനമായി മാനിക്കാനും ദൈവനാമത്തെ ബഹുമാനിക്കാനും കന്യക ആളുകളെ ക്ഷണിച്ചു. വരാനിരിക്കുന്ന ദൈവകോപത്തെക്കുറിച്ച് അവൾ ദുഃഖത്തോടെ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച്, വലിയൊരു ഭക്ഷ്യക്ഷാമം വരുന്നതായും അറിയിച്ചു.
അവസാനമായി പരിശുദ്ധ മറിയം ഇപ്രകാരം പറഞ്ഞു: “എന്നിരുന്നാലും, ആളുകൾ അനുതപിച്ചാൽ കല്ലുകളും പാറകളും ഗോതമ്പിന്റെ കൂമ്പാരങ്ങളായി മാറും. എന്റെ മക്കളേ, നിങ്ങൾ ഇത് എല്ലാവർക്കുമായി അറിയിക്കണം.”

പിന്നീട് 1846–1847 വർഷത്തിനിടയിൽ ശീതകാലത്തിനു തൊട്ടുമുമ്പായി യൂറോപ്പിൽ പ്രത്യേകിച്ച്, ഫ്രാൻസിലും അയർലണ്ടിലുമായി വലിയൊരു ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ കന്യക നൽകിയ ഈ സന്ദേശത്തെ യൂറോപ്പിലെ ജനങ്ങൾ കൂടുതൽ ഭക്തിയോടും ഗൗരവത്തോടും കൂടെ ശ്രദ്ധിക്കാൻ തുടങ്ങി.

അഞ്ചുവർഷത്തെ അന്വേഷണത്തിനുശേഷം ഗ്രെനോബിളിലെ ബിഷപ്പ് ഫിലിബർട്ട് ഡി ബ്രൂയിലാർഡ് ഈ മരിയൻ പ്രത്യക്ഷത്തിന്റെ ആധികാരികത അംഗീകരിച്ചു. “ഇത് സത്യത്തിന്റെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്നു” എന്ന് അദ്ദേഹം പറഞ്ഞു. 1865-ൽ ഒരു പള്ളി പണിയാൻ അദ്ദേഹം അനുമതി നൽകി. 1879-ൽ ലിയോ പന്ത്രണ്ടാമൻ മാർപാപ്പ അതിനെ ഒരു ബസിലിക്കയുടെ തലത്തിലേയ്ക്ക് ഉയർത്തി. 1852-ൽ മിഷനറീസ് ഓഫ് ലാ സാലെറ്റും 1872-ൽ സഹോദരിമാരുടെ ഒരു സഭയും സ്ഥാപിതമായി. വി. ജോൺ വിയാനി തുടക്കത്തിൽ ഈ പ്രത്യക്ഷീകരണം അംഗീകരിക്കാൻ മടിച്ചുവെങ്കിലും പിന്നീട്‌ അതിന്റെ തീവ്ര പിന്തുണക്കാരനായി.

ലാ സാലെറ്റ് മാതാവിന്റെ സന്ദേശങ്ങൾ യൂറോപ്പ്, ക്രൈസ്തവ ഇതര രാജ്യങ്ങളായി മാറുന്ന ഈ കാലത്ത് വളരെ പ്രസക്തമാണ്. ഫ്രാൻസിലെ കത്തോലിക്കരിൽ 5 % പേർ മാത്രമേ ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നുള്ളൂ. 2004-ൽ ഫ്രാൻസ്, എല്ലാ മതചിഹ്നങ്ങളുടെയും ഉപയോഗം സ്കൂളുകളിൽ നിരോധിച്ചു. ഫ്രാൻസിലെ പള്ളികൾ നശിപ്പിക്കപ്പെടുന്നതും തിരുസ്വരൂപങ്ങൾ തകർക്കുന്നതും പതിവായി. “സഭയുടെ മൂത്ത മകൾ” എന്നറിയപ്പെടുന്ന ഫ്രാൻസ്, മതേതരത്വത്തിന്റെ പേരിൽ ക്രിസ്തുവിനെ മറക്കുമ്പോൾ സഭയാകുന്ന അവന്റെ മണവാട്ടി അനുഭവിക്കുന്ന വേദന വലുതാണ്.

ഓരോ വ്യക്തിയും ധാർമ്മികജീവിതം നയിക്കാനും ദൈവഹിതം പിന്തുടരാനും അതുവഴി തിരുസഭാമാതാവിനെ സ്നേഹിക്കുവാനും ലാ സാലെറ്റ് മാതാവ് നമ്മെ ക്ഷണിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽMCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.