‘നിശ്ശബ്ദതയുടെ പരിശുദ്ധ അമ്മ’യുടെ തിരുനാൾ: ചരിത്രവും പ്രാർഥനയും

‘നിശ്ശബ്ദതയുടെ പരിശുദ്ധ അമ്മ’യുടെ തിരുനാൾ ദിനം ആഗസ്റ്റ് ഒന്നിന് സാർവത്രികസഭ ആചരിക്കുകയാണ്. ചുണ്ടിൽ വിരൽവച്ചുകൊണ്ട് നിശ്ശബ്ദതയെ ധ്യാനിക്കാനും എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചുകൊണ്ട് ആയിരിക്കാനും നമ്മെ ഓർമ്മിപ്പിക്കുന്ന പരിശുദ്ധ അമ്മയെയാണ് ഈ ദിനത്തിൽ പ്രത്യേകമായി നാം വണങ്ങുന്നത്. നിശ്ശബ്ദത, പ്രാർഥന, ധ്യാനം എന്നീ മൂന്നു കാര്യങ്ങൾ ജീവിതത്തിൽ പകർത്താനായി ഈ തിരുനാൾ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഒരു നിമിഷം നാം നിശ്ശബ്ദത പാലിച്ചാൽ നമുക്കു ചുറ്റുമുള്ളതും നമ്മുടെ ജീവിതത്തിൽ അനിവാര്യമായതും കണ്ടെത്താൻ സാധിക്കുമെന്ന് ഈ ദിനത്തിനോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. കരുണ ജനിക്കുന്നത് ധ്യാനത്തിൽ നിന്നാണ്. കൽക്കട്ടയിലെ വി. മദർ തെരേസയുടെ ജീവിതവും ഇതുതന്നെയാണ് നമ്മെ പഠിപ്പിക്കുന്നത്. “നിശ്ശബ്ദതയുടെ ഫലം പ്രാർഥനയാണ്, പ്രാർഥനയുടെ ഫലം വിശ്വാസമാണ്, വിശ്വാസത്തിന്റെ ഫലം സ്നേഹമാണ്, സ്നേഹത്തിന്റെ ഫലം സേവനമാണ്, സേവനത്തിന്റെ ഫലം സമാധാനമാണ്” – എന്ന് വി. മദർ തെരേസ പറയുന്നു.

നിശ്ശബ്ദത ഒരു സമ്മാനമാണെന്ന് പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തിൽ പലസമയത്തും അമ്മ മൗനം പാലിച്ചു. ആ നിശ്ശബ്ദത ഒരു വലിയ ധ്യാനമായിരുന്നു, പ്രാർഥനയായിരുന്നു. അതിനാൽത്തന്നെ ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികളുണ്ടായാലും നിശ്ശബ്ദത എന്ന ധ്യാനത്തിൽ നാം നിലകൊള്ളണം. അതിലൂടെ മാത്രമേ നമുക്ക് സമാധാനം കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന് പരിശുദ്ധ അമ്മ തന്റെ ജീവിതത്തിലൂടെ ഓർമ്മിപ്പിക്കുന്നു.

നിശ്ശബ്ദതയുടെ പരിശുദ്ധ അമ്മ: ചരിത്രം

ചുണ്ടിൽ വിരൽവച്ചുനിൽക്കുന്ന പരിശുദ്ധ അമ്മയാണ് ‘അവർ ലേഡി ഓഫ് സൈലൻസ്’ അഥവാ ‘നിശ്ശബ്ദതയുടെ പരിശുദ്ധ അമ്മ.’ പരമ്പരാഗത ബൈസന്റയിൻ ശൈലിയിൽ രൂപകല്പന ചെയ്തിരിക്കുന്ന ചിത്രമാണിത്. ഇറ്റലിയിലെ ബെനഡിക്ടൻ സന്യാസിനീ സഭയിലെ സമർപ്പിതരാണ് ഒൻപതുമാസത്തെ നിരന്തരമായ കഠിനാധ്വാനത്തിനുശേഷം ഈ ചിത്രം വരച്ചിരിക്കുന്നത്. പരദൂഷണത്തിൽ നിന്നും കിംവദന്തിയിലും നിന്നും അകന്നുനിൽക്കാൻ മുന്നറിയിപ്പ് നൽകുന്നതുപോലെയാണ് ഈ ചിത്രം നിലകൊള്ളുന്നത്. ആന്തരികനിശ്ശബ്ദതയിലേക്ക് നമ്മെ ക്ഷണിക്കുന്ന ഈ ചിത്രം ശബ്ദമുള്ള സമൂഹത്തിനുവേണ്ടിയുള്ള നിശ്ശബ്ദതയുടെ ഒരു പ്രവചനമാണ്. ഭാവിലോകത്തിനുള്ള ഒരു പ്രവചനമായി കണക്കാക്കാവുന്നതാണ് നിശ്ശബ്ദതയുടെ പ്രസക്തി എടുത്തുകാണിക്കുന്ന ഈ ചിത്രം.

ഫാ. എമിലിയാനോ ആന്റനോച്ചി എന്ന ഫ്രാൻസിസ്കൻ സന്യാസിയാണ് ഈ ചിത്രം ലോകത്തിനു മുൻപിൽ കൊണ്ടുവന്നത്. അദ്ദേഹം ആദ്യമായി ഇത് കണ്ടപ്പോൾ നിശ്ശബ്ദതയ്ക്കും ധ്യാനത്തിനും ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് പരിശുദ്ധ അമ്മ വിശ്വാസികളെ പ്രത്യേകമായി ഓർമ്മിപ്പിക്കുന്നതായി തോന്നി. പിന്നീട് അദ്ദേഹം നിശ്ശബ്ദതയിലൂന്നിയ ധ്യാനപരിപാടികൾ നയിച്ചു. അതിനിടയിൽ മാർപാപ്പയെ അദ്ദേഹം ഈ ചിത്രം കാണിച്ചു. അദ്ദേഹത്തിന് ഈ ചിത്രം ഇഷ്ടപ്പെടുകയും എല്ലാ ദിവസവും പ്രഭാതത്തിൽ പാപ്പാ എത്തിച്ചേരുന്ന അപ്പസ്തോലിക കൊട്ടാരത്തിന്റെ മൂന്നാമത്തെ ഗാലറിയുടെ സമീപത്തുള്ള ലിഫ്റ്റിനടുത്ത് ഈ ചിത്രത്തിന്റെ പകർപ്പ് സൂക്ഷിക്കുകയും ചെയ്തു. പിന്നീട് നിശ്ശബ്ദതയുടെ പരിശുദ്ധ അമ്മയ്ക്കായി ഒരു ദേവാലയം നിർമ്മിക്കാനാവശ്യമായ എല്ലാ പിന്തുണയും പാപ്പാ ഫാ. ആന്റനോച്ചിക്കു നൽകി. 2016 ജൂൺ 15-ന് ഫ്രാൻസിസ് മാർപ്പാപ്പ അവർ ലേഡി ഓഫ് സൈലെൻസിന്റെ ഐക്കണിനെ ആശീർവദിച്ചു. ‘മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കരുത്’ എന്ന സന്ദേശവും ചിത്രത്തിന്റെ പിൻഭാഗത്ത് അദ്ദേഹം എഴുതിച്ചേർത്തു.

ഇറ്റലിയിലെ ആവാസനോയിലാണ് ലോകത്തിലെ ആദ്യത്തെ അവർ ലേഡി ഓഫ് സൈലൻസ് ദേവാലയം സ്ഥിതിചെയ്യുന്നത്. തിരുനാൾദിനമായ ആഗസ്റ്റ് ഒന്നിന് പ്രത്യേക പ്രാർഥനയും വിശുദ്ധ ബലിയർപ്പണവും ഇവിടെ നടക്കും. വിശുദ്ധ ബലിയർപ്പണത്തിനും ആരാധനാക്രമങ്ങൾക്കും അനുമതി നൽകുന്ന സഭയുടെ പ്രിഫെക്ട് ആയ കർദിനാൾ റോബർട്ട് സാറ 2020 നവംബർ ഒന്നിനാണ് ഇറ്റലിയിലെ ഈ ദേവാലയത്തിലെ ആരാധനാക്രമങ്ങൾക്ക് അംഗീകാരം നൽകിയത്.

നിശ്ശബ്ദതയുടെ പരിശുദ്ധ അമ്മയോട് പ്രത്യേകമായി ഒരു പ്രാർഥനയുമുണ്ട്. ഈ പ്രാർഥന ചൊല്ലുന്നവർക്ക് നിശ്ശബ്ദതയുടെ അമ്മ 12 ഗുണങ്ങൾ നൽകുന്നു. നിശ്ശബ്ദത, ശ്രദ്ധ, വിനയം, ആനന്ദം, മറ്റുള്ളവരെ ശ്രദ്ധിക്കാനുള്ള കൃപ, ക്ഷമ, സന്തുലിതാവസ്ഥ, വിധേയത്വം, സ്ഥിരത, പരിശുദ്ധി, വിശ്വാസം, കരുണ എന്നിവയാണ് അമ്മ നൽകുന്ന വരദാനങ്ങൾ.

നിശ്ശബ്ദതയുടെ പരിശുദ്ധ അമ്മയോടുള്ള സമർപ്പണ പ്രാർത്ഥന

ഓ പരിശുദ്ധ അമ്മേ, മൗനത്തിന്റെ മാതാവേ, എന്റെ ജീവിതം ഞാൻ അങ്ങേയ്ക്കായി സമർപ്പിക്കുന്നു. എനിക്കുവേണ്ടി മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത അമ്മയുടെ മകനായ യേശുവിന്റെ ഹൃദയം എന്റെ ഹൃദയത്തിലും പതിപ്പിക്കേണമേ.

മംഗളവർത്ത നൽകപ്പെട്ടപ്പോൾ ‘ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ നിറവേറട്ടെ’ എന്ന് ദൈവഹിതത്തിന് അനുസരണത്തിന്റെ മറുപടി നൽകിയ അമ്മേ, കാനായിലെ കല്യാണവിരുന്നിൽ ‘അവൻ പറയുന്നതുപോലെ ചെയ്യുക’ എന്ന് പറഞ്ഞുകൊടുത്തതുപോലെ കർത്താവായ യേശു പറയുന്നതെല്ലാം ചെയ്യാൻ എന്നെയും പഠിപ്പിക്കേണമേ. യേശുവുമായി ഐക്യപ്പെടുന്നതിന്റെ ഏറ്റവും വലിയ മാതൃക കുരിശിൻചുവട്ടിൽ ‘അമ്മ കാണിച്ചുതന്നുവല്ലോ. നിശ്ശബ്ദതയുടെ പരിശുദ്ധ അമ്മേ, എന്റെ ദൈവവിളിയിൽ സ്ഥിരതയും ആത്മാർഥമായ പരിവർത്തനത്തിന്റെ കൃപയും എനിക്ക് എല്ലാ ദിവസവും നൽകേണമേ.

പരിശുദ്ധ അമ്മേ, സ്വർഗത്തിന്റെ സൗന്ദര്യമേ, ‘ഭയപ്പെടേണ്ട, നീ എന്റെ മകനാണ്/ മകളാണ്, സ്വർഗസ്ഥനായ പിതാവ് നിന്നെ സ്നേഹിക്കുന്നു’ എന്ന വാക്കുകള്‍ എന്റെ ഹൃദയത്തിൽ എല്ലായ്പ്പോഴും മുഴങ്ങാൻ അനുഗ്രഹിക്കണമേ. പരിശുദ്ധ മറിയമേ, ആത്മാക്കളുടെ അമ്മേ, സ്വർഗത്തിനും ഭൂമിക്കുമിടയിൽ മാധ്യസ്ഥം വഹിക്കുന്ന അമ്മേ, മാലാഖമാരോടും വിശുദ്ധരോടുമൊപ്പം ഭൂമിയിൽ ദൈവരാജ്യം പണിയാൻ എന്നെയും നയിക്കേണമേ. അതുവഴി പരിശുദ്ധ ത്രിത്വത്തിന്റെ നിരന്തരമായ സാന്നിധ്യം എന്റെ ഉള്ളിലും വസിക്കട്ടെ. സ്വർഗീയ ജറുസലേമിന്റെ ശാശ്വതസമാധാനവും സന്തോഷവും എനിക്ക് തന്നരുളേണമേ, ആമ്മേൻ.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.