കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ – സന്ദേശം

  ലൂക്കാ: 24:13:27

  നാമിന്ന് നമ്മുടെ രക്ഷയുടെ അടയാളമായ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍ ആഘോഷിക്കുകയാണ്. കുരിശിന്റെ ഏറ്റവും പരിചിതമായ രൂപം ക്രൂശിതരൂപമാണ്. അവന്റെ മരണത്തെക്കാള്‍ പ്രശസ്തി ഉത്ഥാനത്തിനാണ് എന്ന് ദൈവശാസ്ത്രം പറയുമ്പോഴും വിശ്വാസിയുടെ ഹൃദയത്തെ ചൂഴ്ന്നുനില്‍ക്കുന്നത് ക്രൂശിതന്‍ എന്ന കരള് പിടയുന്ന സത്യമാണ്. അവന്റെ കുരിശിന്റെ വഴിയില്‍, സ്വന്തം ജീവിതത്തിലെ സകല സങ്കടകാഴ്ച്ചകളുടെയും നെടുച്ചേദം വായിച്ചെടുക്കാനാകും എന്നുള്ളത്‌കൊണ്ടാണ് ലോകം ക്രൂശിതനെ സ്‌നേഹിക്കുന്നത്.

  എന്താണ് കുരിശിന്റെ സന്ദേശം? ദൈവം മനുഷ്യനോട് അരുള്‍ചെയ്ത സ്‌നേഹത്തിന്റെയും ജ്ഞാനത്തിന്റെയും വചനമാണ് കുരിശ് (1 കൊറി 1:18-25). ലൗകീകര്‍ക്ക് ഈ സന്ദേശം മൗഢ്യമായി തോന്നാം. കുരിശിന്റെ വചനം യഹൂദര്‍ക്കും വിജാതീയര്‍ക്കും ഒന്നുപോലെ അസ്വീകാര്യമാണെന്ന് പൗലോസ്ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ജീവിതത്തില്‍ കുരിശുകള്‍ ഉണ്ടാകുമ്പോള്‍ അതിനെ എങ്ങനെയാണ് നാം കരുതുക. പഴി പറഞ്ഞും, പരിതപിച്ചും നമ്മള്‍ സമയം തള്ളിനീക്കുകയാണ്. ഇത് എനിക്കുള്ള നുകമാണ് എന്ന പ്രകാശം നമുക്ക് ലഭിച്ചാല്‍ കാര്യങ്ങള്‍ കുറെക്കൂടി എളുപ്പത്തിലാകും. വിളമ്പിയത് ഭക്ഷിക്കുക എന്ന ക്രിസ്തുവിന്റെ വചനത്തെ ഇതിനോട് ചേര്‍ത്തു വായിക്കുക. ചില കാര്യങ്ങള്‍ നിനക്കു വേണ്ടി മാത്രമായി കരുതിവയ്ക്കുന്നുവെങ്കില്‍ അതിനെ തട്ടിമാറ്റേണ്ടതുണ്ടോ.

  ദൈവത്തിന്റെ നീതിയെയും സ്‌നേഹത്തെയും ഇണക്കിച്ചേര്‍ക്കുന്ന കണ്ണിയാണ് കുരിശ്. ദൈവത്തിന്റെ നീതിയും, സ്‌നേഹവും, കാരുണ്യവും അവന്റെ മഹത്വം ഒരേസമയം വിളിച്ചറിയിക്കുന്ന അടയാളമാണ് കുരിശ്. ഏറെക്കാലം വഴിതെറ്റി നടന്നശേഷം മാനസാന്തരപ്പെട്ട് ദൈവികമാര്‍ഗ്ഗം തേടിയ ഒരു മനുഷ്യനെക്കുറിച്ച് സ്‌ക്രൂ ടേപ്പ് ലെറ്റേഴ്‌സ് എന്ന സി. എസ്. ലൂയിസിന്റെ വിഖ്യാതമായ ഇംഗ്ലീഷ് കഥയില്‍ പ്രതിപാദിക്കുന്നുണ്ട്. നന്മയുടെ പക്ഷം ചേര്‍ന്നുള്ള ആ മനുഷ്യന്റെ നടപ്പില്‍ പലര്‍ക്കും, വിശിഷ്യാ പിശാചിന് അസൂയ തോന്നി. അയാളെ പ്രലോഭനത്തിലൂടെ വീഴ്ത്താന്‍ ഒരു കുട്ടിപ്പിശാച് തന്റെ അമ്മാവനായിരുന്ന വലിയപിശാചിനോട് പ്രലോഭനമാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചയ്ക്കിടയില്‍ വലിയപിശാച് പറഞ്ഞു നാളിതുവരെ എനിക്ക് മനസ്സിലാകാത്ത ഒരു സത്യമേയുള്ളൂ. നികൃഷ്ടജീവികളായ ഈ മനുഷ്യരെ ദൈവം എന്തിനാണ് ഇത്രമേല്‍ സ്‌നേഹിക്കുന്നത്? ഏറെനാളത്തെ അധ്വാനം കൊണ്ട് നാം പടുത്തുയര്‍ത്തിയ തിന്മയുടെ കോട്ടകളെ ദൈവം തന്റെ സ്‌നേഹത്താല്‍ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കുന്നു. നെറികെട്ടവരും, തരംകിട്ടിയാല്‍ ദൈവത്തെ ദ്രോഹിക്കുന്നവരും ആയിട്ടും ദൈവം മനുഷ്യനെ സ്‌നേഹിച്ചുകൊണ്ടേയിരിക്കുന്നു. ഒരിക്കലും ആര്‍ക്കും ചുരുളഴിക്കാനാവാത്ത രഹസ്യം ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നു എന്നതാണ്.

  തന്റെ രക്ഷാകരപ്രവൃത്തിയില്‍ താന്‍ സ്‌നേഹിക്കുന്നവര്‍ക്ക്, താന്‍ തിരഞ്ഞെടുത്തവര്‍ക്ക് ദൈവം നല്‍കുന്ന പങ്കാളിത്തമാണ് കുരിശ്. അവന്റെ മുറിവുകളില്‍ അവന്‍ നമ്മെ ചേര്‍ത്ത്പിടിക്കുകയും നമ്മെ ഒളിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസത്തില്‍ വളരുന്ന ഓരോ ക്രിസ്ത്യാനിയും ലോകത്തിന് ഭോഷത്തമായി തോന്നുന്ന ദൈവികപദ്ധതിയായ കുരിശിന്റെ സന്ദേശം അനുദിനം കൂടുതല്‍ ഉള്‍ക്കൊള്ളുവാന്‍ പ്രാപ്തനാക്കുകയും സഹനത്തില്‍ തന്റെ നാഥനോട് ആത്മനിര്‍വൃതി കണ്ടെത്തുകയും ചെയ്യും. കുരിശിലാണ് യഥാര്‍ത്ഥ വിജയം എന്നത് വിശുദ്ധിയുടെ വിലയേറിയ തിരിച്ചറിവാണ്. മുപ്പത്തിമൂന്നാം വയസ്സില്‍ കുറ്റവാളിയെപ്പോലെ കുരിശില്‍ പിടഞ്ഞു മരിച്ചവന്റെ ജീവിതമാണ് ലോകത്തെ ഏറ്റവും വിജയിച്ച ജീവിതമെന്ന വിലയിരുത്തലാണ് വിശുദ്ധരെ കുരിശിന്റെ പ്രാണേതാക്കളായി മാറ്റിയത്.

  ക്രൂശിതനായ ക്രിസ്തുവാണ് നമ്മുടെ രക്ഷയുടെ അടയാളം. പഴയനിയമത്തില്‍ നമ്മള്‍ വായിക്കുന്നുണ്ട്, മോശ മരുഭൂമിയില്‍ ഉയര്‍ത്തിയ പിച്ചളസര്‍പ്പത്തെ നോക്കിയപ്പോള്‍ അവര്‍ മരണത്തില്‍ നിന്ന്  രക്ഷപെട്ടു എന്ന്. സഹനത്തിന്റെ തീച്ചൂളയില്‍ പിടയുന്ന ക്രൂശിതനെ ചൂണ്ടിക്കാട്ടി ശതാധിപന്‍ വിളിച്ചുപറയുന്നുണ്ട്. ഇവന്‍ സത്യമായും ദൈവപുത്രനാണ് (മാര്‍ക്കോസ് 15:29). സുവിശേഷകന്‍ ഇവിടെ സഹനത്തെ ദൈവികതയുടെ സാക്ഷ്യമായി അവതരിപ്പിക്കുകയാണ്. ആരോഗ്യത്തെയും ഐശ്വര്യത്തെയും മാത്രം ദൈവികതയുടെ ലക്ഷണമായി വ്യാഖ്യാനിക്കാനുള്ള പ്രലോഭനത്തെ സുവിശേഷകന്‍ തിരുത്തുകയാണ് ഇവിടെ. ഒരുവനിലെ ദൈവികത സമ്പൂര്‍ണ്ണമായി വെളിപ്പെടുന്നത് സഹനത്തിന്റെ തീവ്രനിമിഷങ്ങളിലാണ് എന്ന ദര്‍ശനം കാലികപ്രസക്തമാണ്.

  അര്‍ത്ഥമില്ലാത്ത ഒന്നല്ല കുരിശും സഹനങ്ങളും. സഹനത്തെ പൂര്‍ണ്ണമനസ്സോടെ സ്വീകരിച്ചാല്‍ നിനക്കു വേണ്ടിയല്ല, മറ്റുള്ളവര്‍ക്കു വേണ്ടി, നിന്റെ സഹോദരങ്ങള്‍ക്കു വേണ്ടി നീ സഹനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ അത് യഥാര്‍ത്ഥസ്‌നേഹത്തിന്റെ നിര്‍വചനം ആകുന്നു. മിശിഹാ നിത്യം പുരോഹിതനാണ്. മാമോദീസായിലൂടെ നാമും അവന്റെ രാജകീയ പൗരോഹിത്യത്തില്‍ പങ്കുചേര്‍ന്നവരാണ്. നമ്മള്‍ ബലിയര്‍പ്പിക്കാനായിട്ട് കടന്നുവരുമ്പോള്‍ നമ്മുടെ കുരിശുകളും, ജീവിതത്തിലെ സങ്കടങ്ങളും എല്ലാം മിശിഹായാകുന്ന പുരോഹിതനിലേക്ക് സമര്‍പ്പിക്കാം. ഓരോ മനുഷ്യജന്മവും ആന്തിമാര്‍ത്ഥത്തില്‍ ദൈവത്തിന് സ്വീകാര്യബലിയായി രൂപാന്തരപ്പെടാനുള്ള നിയോഗമാണ്. അപരന് വേണ്ടി ഉള്ളുനൊന്ത് ഒരിക്കല്‍ പോലും കരയാന്‍ കഴിയാത്തവര്‍ക്ക് ഒരിക്കലും സ്വീകാര്യബലിയര്‍പ്പിക്കാന്‍ ആവില്ല. സ്വന്തം ശരീരത്തിന്റെ ചോദനകളോട് ആത്മാവിന്റെ ശക്തികൊണ്ടു പൊരുതുന്ന സംഘര്‍ഷത്തിന്റെ ആത്മനൊമ്പരം അനുഭവിക്കാത്തവര്‍ക്ക് ഒരിക്കലും സമര്‍പ്പണത്തിന്റെ ആഴം ഗ്രഹിക്കാനാവില്ല.

  ഈ തിരുനാള്‍ ദിവസം നമുക്കും പ്രാര്‍ത്ഥിക്കാം. കുരിശാണ് രക്ഷ. കുരിശിലാണ് രക്ഷ. കുരിശേ നമിച്ചിടുന്നു. വിശുദ്ധ കുരിശിനാല്‍ നാമെല്ലാവരും മുദ്രിതരാവട്ടെ. ആമേന്‍.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.