വി. സെബസ്ത്യാനോസിന്റെ തിരുനാള്‍

ഈശോമിശിഹായില്‍ സ്‌നേഹം നിറഞ്ഞ സഹോദരങ്ങളെ,

വി. സെബസ്ത്യാനോസിന്റെ നാമഹേതുക തിരുനാളിന്റെ മംഗളങ്ങള്‍ ആദ്യമേ തന്നെ എല്ലാവര്‍ക്കും നേരുന്നു. തിരുനാളുകള്‍ പതിവാണ്. എന്നാല്‍ വിശുദ്ധരുടെ രക്തസാക്ഷിത്വം, അവരുടെ വേദസാക്ഷ്യമൊക്കെ നമ്മുടെ ജീവിതത്തിലേയ്ക്ക് ഓരോ തവണയും ഉള്‍ക്കൊള്ളേണ്ട പതിപ്പുകളാണ്. പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള മോചനത്തിനും മറ്റ് ഉദ്ദിഷ്ടകാര്യങ്ങള്‍ക്കുമായി നൂറ്റാണ്ടുകളായി കത്തോലിക്കാ വിശ്വാസികള്‍ വി. സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥ്യം തേടുന്നു. അത്ഭുതപ്രവര്‍ത്തകനായ വി. സെബസ്ത്യാനോസിനെ ചേര്‍ത്തുവയ്ക്കുമ്പോഴല്ല, ക്രിസ്തുസാക്ഷ്യത്തിനു വേണ്ടി രക്തസാക്ഷിയായ വി. സെബസ്ത്യാനോസിനെ ജീവിതത്തോട് ചേര്‍ത്തുവയ്ക്കുമ്പോഴാണ് സെബസ്ത്യാനോസ് എന്ന വേദസാക്ഷിയെ നാം യഥാര്‍ത്ഥത്തില്‍ വണങ്ങുന്നത്.

നമ്മുടെ ആഘോഷങ്ങള്‍ക്ക്/തിരുനാളുകള്‍ക്ക് അര്‍ത്ഥം കൈവരുന്നത് നാം അതിന്റെ അര്‍ത്ഥമറിഞ്ഞ് ചെയ്യുമ്പോഴാണ്. വി. സെബസ്ത്യാനോസിനെ വണങ്ങുമ്പോള്‍, വിശുദ്ധനെ വധിക്കുവാന്‍ ഉപയോഗിച്ച അമ്പുകളെ വണങ്ങുമ്പോള്‍, വിശുദ്ധന്റെ സ്വരൂപത്തെ നഗരവീഥിയില്‍ പ്രദക്ഷിണമായി നാം വഹിക്കുമ്പോള്‍, ഏറ്റുപറയേണ്ടതും ഏറ്റുപറയുന്നതും അത്ഭുതപ്രവര്‍ത്തകനായ വി.സെബസ്ത്യാനോസിനെയല്ല, പിന്നെയോ, വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിയായ സെബസ്ത്യാനോസിനെയാണ്.

സഹോദരങ്ങളെ, യേശുക്രിസ്തുവിനു വേണ്ടി രക്തസാക്ഷിയായ വി.സെബസ്ത്യാനോസിനെ വണങ്ങുമ്പോള്‍, വിശ്വാസത്തോടെ എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റെടുത്ത സഹനങ്ങള്‍, മുറിപ്പാടുകള്‍ എനിക്കുണ്ടോ, എനിക്കു വേണ്ടി, എന്റെ സഹോദരങ്ങള്‍ക്കു വേണ്ടി, സഭയ്ക്കു വേണ്ടി, സഭാസമൂഹത്തിനു വേണ്ടി… എങ്കില്‍ മാത്രമേ വിശുദ്ധന്റെ തിരുസ്വരൂപത്തെ വണങ്ങുമ്പോള്‍, അമ്പുകളെ വണങ്ങുമ്പോള്‍ അര്‍ത്ഥമുണ്ടാവുകയുള്ളൂ. നമ്മുടെ വിശ്വാസത്തിന്റെ മുറിപ്പാടുകളെ പരിശോധിക്കുക. അതുകൊണ്ടാണ് വി. ഫുള്‍ട്ടണ്‍ ജെ ഷീന്‍ ഇപ്രകാരം പറഞ്ഞുവയ്ക്കുന്നത്. യഥാര്‍ത്ഥ സഭ മുറിവേറ്റ സഭയാണ്. യഥാര്‍ത്ഥ ക്രിസ്തു മുറിവേറ്റ ക്രിസ്തുവാണ്. അപ്പോള്‍ യഥാര്‍ത്ഥ ക്രിസ്ത്യാനി മുറിയപ്പെടുന്ന ക്രിസ്ത്യാനി ആവണം.

ഒരു കാര്യം ചെയ്യുമ്പോള്‍ നമുക്കതിനെ രണ്ടു രീതിയില്‍ ചെയ്യുവാന്‍ സാധിക്കും. ഒന്ന്; സ്വന്തം കടമയായി കണ്ട്, രണ്ട്; എന്റെ സ്‌നേഹത്തെപ്രതി. നീ മുറിയപ്പെട്ടത്/മുറിവേറ്റത് ജീവിതപങ്കാളിയോടുള്ള നിന്റെ സ്‌നേഹത്തെ പ്രതിയാണെങ്കില്‍, നിന്റെ മക്കളോടുള്ള സ്നേഹത്തെ പ്രതിയാണെങ്കില്‍, നിന്റെ സഭയോടുള്ള സ്‌നേഹത്തെ പ്രതിയാണെങ്കില്‍ അതില്‍ നിന്നുണ്ടാവുന്ന മുറിവുകളെയും നീ സ്വീകരിക്കുക. എന്നാല്‍ നീ മുറിയപ്പെട്ടത് ഒരു കടമയായിട്ടാണെങ്കില്‍, അതില്‍ നിന്നുണ്ടായ മുറിവുകളെ പൂര്‍ണ്ണതയോടെ നീ സ്വീകരിക്കുകയില്ല. പലപ്പോഴും അതിന് നീ കണക്ക് പറയും. അപ്പോള്‍ ആ മുറിവുകളെ വിശുദ്ധന്റെ മുറിവുകളോട് ചേര്‍ത്തുവയ്ക്കാനും നിനക്ക് സാധിക്കില്ല.

മുറിയപ്പെടുക എന്നത് ലോകത്തിന്റെ മുമ്പില്‍ ഭോഷത്തമാണ്. ആ ഭോഷത്വം എനിക്കും നിങ്ങള്‍ക്കും സ്വീകരിക്കാനാവുന്നില്ലെങ്കില്‍ ഡയക്ലീഷന്‍ ചക്രവര്‍ത്തിയുടെ കല്‍പനപ്രകാരം വധിക്കപ്പെട്ട ‘അര്‍ദ്ധനഗ്ന മനുഷ്യനെ’ വണങ്ങാന്‍ എനിക്കും നിങ്ങള്‍ക്കും യോഗ്യതയില്ല. വി. മത്തായിയുടെ സുവിശേഷം 10:32 വാക്യത്തില്‍ ‘മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും.’ വീണ്ടും 10:38-ല്‍ നാം കാണുന്നു: ‘സ്വന്തം കുരിശുമെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്ക് യോഗ്യനല്ല.’ നീ കുര്‍ബാനയ്ക്ക് അണയുമ്പോള്‍ വിളിക്കപ്പെടുന്നത് കുര്‍ബാനയാവാ നാണ്. മുറിയപ്പെടുന്നത് വിശ്വാസത്തിന്റെ മുറിവുകളെ കുര്‍ബാനയിലേയ്ക്ക് നല്‍കാനാണ്.

നമ്മുടെ സഹനത്തിന്റെ മുറിവുകള്‍/കുരിശുകള്‍ ലോകത്തിനു മുമ്പില്‍ ഭോഷത്തമാണ്. എന്നാല്‍ വിശ്വാസത്തിനു മുമ്പില്‍ അത് അനുഗ്രഹത്തിന്റെ നീര്‍ച്ചാലുകളാണ്-വിശ്വാസത്തിന്റെ സാക്ഷ്യങ്ങളാണ്. വി. പൗലോസ് ശ്ലീഹാ തിമോത്തിയോസിന് എഴുതിയ 2-ാം ലേഖനം 1:8-ല്‍  പറയുന്നതുപോലെ, ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിച്ച് അവന്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നിങ്ങളും പങ്കുവഹിക്കുക. ക്രിസ്തുവനെ പ്രതി രക്തസാക്ഷിയായ വി.സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥ്യം നമുക്ക് ശക്തി പകരട്ടെ. ആമേന്‍.

റവ. ഫാ. റെയ്‌സണ്‍ കരിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.