അമ്പുകളേറ്റു മുറിഞ്ഞവൻ; ഗദപ്രഹരത്തിൽ മരിച്ചവൻ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

സൈന്യത്തിൽ ചേരുവാൻ ആ യുവാവിന് ഒട്ടും താല്‍പര്യമില്ലായിരുന്നു. എന്നാൽ, ക്രൈസ്തവ വിശ്വാസികളായ സൈനികർ ബാഹ്യപ്രേരണകൾക്കു വഴങ്ങി വിശ്വാസം ഉപേക്ഷിക്കുവാൻ ഒരുമ്പെടുന്നു എന്നു കണ്ടപ്പോൾ എങ്ങനെയെങ്കിലും അവർക്ക് വിശ്വാസം പകർന്നുകൊടുക്കണമെന്ന് അയാൾ തീരുമാനിക്കുകയായിരുന്നു.

അങ്ങനെ അദ്ദേഹവും സൈനികനായി. അദ്ദേഹത്തിന്റെ സാമീപ്യം സൈനികർക്കെല്ലാം ഏറെ പ്രചോദനമായിരുന്നു. വിശ്വാസം ഉപേക്ഷിക്കാൻ തീരുമാനിച്ച യുവസൈനികരായ മാർക്കസും മാർസെലിനും ക്രിസ്തുവിനുവേണ്ടി പ്രാണൻ വെടിയാൻ വരെ സന്നദ്ധത പ്രകടിപ്പിച്ചു.

സൈനികർക്കിടയിലെ പ്രാർത്ഥനാകൂട്ടായ്മകളെക്കുറിച്ച് ചക്രവർത്തി അറിഞ്ഞു. ക്രിസ്തുമത വിശ്വാസത്തിന് എതിരായ അദ്ദേഹം രോഷാകുലനായി. സൈനികരിൽ ചിലരെ ക്രൂരമായി വധിച്ചു. ഇതിനിടയിലാണ് അവർക്ക് പ്രചോദനം പകർന്നുനൽകുന്നത് തന്റെ ഏറ്റവും വിശ്വസ്തനായ സൈനികനാണെന്ന വിവരം ചക്രവർത്തി അറിയുന്നത്. അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി അമ്പെയ്തു കൊല്ലുവാനായിരുന്നു ചക്രവർത്തിയുടെ കല്ലേൽ പിളർക്കുന്ന കല്പന.

ശരവർഷത്തിൽ ധമനികളിൽ നിന്ന് രക്തം കുതിച്ചൊഴുകിയപ്പോൾ അദ്ദേഹം ക്രിസ്തുവിനെ മഹത്വപ്പെടുത്തി. അദ്ദേഹം മരിച്ചെന്ന് ഉറപ്പു വരുത്തി പീഡിതർ പിൻവാങ്ങി. ചേതനയറ്റ ശരീരം സംസ്ക്കരിക്കാൻ വന്നത് ഐറിൻ എന്ന വിധവയായിരുന്നു. അവളാണ് തിരിച്ചറിഞ്ഞത്, അമ്പുകളേറ്റ ആ ഉടലിൽ പ്രാണൻ അവശേഷിക്കുന്നുണ്ടെന്ന്‌. ക്രിസ്തുവിന്റെ വിശ്വസ്ത പടയാളിയെ അവൾ സ്നേഹാദരവുകളോടെ ശുശ്രൂഷിച്ചു.

ഇരുകാലിൽ നിലയുറപ്പിക്കാൻ ശക്തി ലഭിച്ചപ്പോൾ ചക്രവർത്തി കടന്നുപോകുന്ന വഴിയിൽ അദ്ദേഹം വിലങ്ങനെ നിന്ന് വിളിച്ചു പറഞ്ഞു: “അല്ലയോ ചക്രവർത്തി, എനിക്ക് നിങ്ങളെ ഭയമില്ല. ഞാൻ ഭയക്കുന്നത് എന്നെ സ്നേഹിക്കുന്ന ക്രിസ്തുവിനെ മാത്രമാണ്. നിങ്ങൾ മാനസാന്തരപ്പെട്ട് അവന്റെ വഴിയേ സഞ്ചരിക്കൂ…”

രോഷാകുലനായ ചക്രവർത്തി അദ്ദേഹത്തെ ഗദ കൊണ്ട് അടിച്ചുകൊല്ലാൻ ആജ്ഞാപിച്ചു. ക്രിസ്തുവിനെ മഹത്വപ്പെടുത്തിക്കൊണ്ട് ചോരയിൽ കുതിർന്ന് അദ്ദേഹം പ്രാണൻ വെടിഞ്ഞു. മരണപ്പെട്ട് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ലൂസീന എന്ന സ്ത്രീയ്ക്ക് അദ്ദേഹം പ്രത്യക്ഷപ്പെട്ടു. തന്റെ ശരീരം ഉപേക്ഷിക്കപ്പെട്ട സ്ഥലം വെളിപ്പെടുത്തിക്കൊടുത്തു. ഏറെ ഭവ്യതയോടെ അവൾ ആ ശരീരം സംസ്ക്കരിച്ചു.

ഡയോക്ലീഷ്യൻ ചക്രവർത്തി നിഷ്ക്കരുണം കൊന്നിട്ടും ഇന്നും ജീവിക്കുന്ന പുണ്യാത്മാവാണ് വി. സെബസ്ത്യാനോസ്. “ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ. മറിച്ച്‌, ആത്മാവിനെയും ശരീരത്തെയും നരകത്തിന് ഇരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍” (മത്തായി 10:28) എന്ന ക്രിസ്തുമൊഴികൾക്ക് ജീവൻ നൽകിയ പുണ്യാത്മാവാണ്  വി. സെബസത്യാനോസ്.

ആ വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ എത്രമാത്രം നമ്മൾ ആഴപ്പെട്ടു എന്ന് ചിന്തിക്കുന്നത് ഉചിതമാണ്. വി. സെബസ്ത്യാനോസിന്റെ തിരുനാൾ മംഗളങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.