വി. കുർബാനയുടെ മാര്‍പാപ്പാ എന്നറിയപ്പെടുന്ന വി. പത്താം പീയൂസ്

വി. പത്താം പീയൂസ്, ഇറ്റലിയില്‍ വെനീസിനു സമീപം റീസേ എന്ന ചെറുപട്ടണത്തില്‍ ഒരു ദരിദ്രകുടുംബത്തിലെ പത്തുമക്കളില്‍ രണ്ടാമനായി 1835-ല്‍ പിറന്നു. ജോസഫ് സാര്‍ത്തോ എന്നായിരുന്നു അദ്ദേഹത്തിന്റെ ജ്ഞാനസ്‌നാന നാമം.

ഗ്രാമര്‍ സ്‌കൂളിലെ പഠനം പൂര്‍ത്തിയാക്കിയശേഷം അദ്ദേഹം സെമിനാരിയില്‍ ചേര്‍ന്നു. പഠനകാലാവധിയില്‍ അല്പം ഇളവു കിട്ടിയതുകൊണ്ട് ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ വൈദികപദമേറ്റു. തുടര്‍ന്ന് തൊമ്പോളോ ഇടവകയില്‍ സഹവൈദികനായി നിയമിക്കപ്പെട്ടു. അന്ന് തൊമ്പോളോ ഇടവകയുടെ സ്ഥിതി ഏറ്റവും പരിതാപകരമായിരുന്നു. എങ്കിലും കര്‍മ്മഭൂമി വിട്ടുപോകാന്‍ തുനിയാതെ ശുഭാപ്തിവിശ്വാസത്തോടെ പ്രവര്‍ത്തനനിരതനായി. അദ്ദേഹത്തിന്റെ നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇടവകയില്‍ നവചൈതന്യം ദൃശ്യമായിത്തുടങ്ങി.

എല്ലാം കണ്ടറിഞ്ഞ മാര്‍പാപ്പ, ജോസഫ് സാര്‍ത്തോയെ 1884-ല്‍ മാന്ത്വാ രൂപതയുടെ മെത്രാനായി നിയമിച്ചു. അദ്ദേഹം സാര്‍ത്തോ രൂപതയിലെ എല്ലാ ഇടവകകളും ഇടയ്ക്കിടെ സന്ദര്‍ശിക്കുകയും ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തുകൊണ്ടിരുന്നു. തന്റെ ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരുന്ന ആ സമൂഹത്തിന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിട്ടു കണ്ടറിയുന്നതിന് അങ്ങനെ അദ്ദേഹത്തിനു കഴിഞ്ഞു. അഗതികളെയും രോഗികളെയും അദ്ദേഹം തികഞ്ഞ സഹാനുഭൂതിയോടു കൂടി പരിഗണിച്ചു.

വിശുദ്ധിയും വിനയവും പ്രേഷിതചൈതന്യവും ഒത്തിണങ്ങിയ സാര്‍ത്തോയെ പതിമൂന്നാം ലെയോ മാര്‍പാപ്പാ 1892-ല്‍ കര്‍ദിനാളായും വെനീസിലെ പാത്രിയാര്‍ക്കീസായും ഉയര്‍ത്തി. പുതിയ സ്ഥാനത്തിന്റെ ഔന്നത്യവും പ്രൗഢിയും അധികാരങ്ങളും മോണ്‍. സാര്‍ത്തോയെ പൂര്‍വാധികം വിനീതനാക്കുകയാണുണ്ടായത്. സുഖാഡംബരങ്ങളില്‍ മുഴുകിജീവിക്കാനല്ല, കര്‍ത്താവിന്റെ വിനീതദാസനായി ദൈവജനത്തെ ശുശ്രൂഷിക്കാനാണ് വൈദികന്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിനു കാട്ടിക്കൊടുത്തു.

1903-ല്‍ ലെയോ പതിമൂന്നാമന്‍ കാലം ചെയ്തപ്പോള്‍, വെനീസിലെ പാത്രിയര്‍ക്കീസായിരുന്ന സാര്‍ത്തോ, പുതിയ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. 1903 ആഗസ്റ്റ് 9-ാം തീയതി പീയൂസ് പത്താമന്‍ എന്ന പേരോടുകൂടി സ്ഥാനാരോഹണം ചെയ്തു.

സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെ വ്യക്തമായി നിര്‍വചിച്ചുകൊണ്ട് പീയൂസ് പത്താമന്‍ കല്പന പുറപ്പെടുവിച്ചു. അതാണ് അദ്ദേഹം ആദ്യമായി കൈക്കൊണ്ട നടപടി. മാര്‍പാപ്പാസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ രാഷ്ട്രങ്ങളുടെ ഇടപെടല്‍ അക്കാലം വരെ അനാരോഗ്യകരമായ ചേരിതിരിവുകള്‍ക്കും വലിയ സംഘര്‍ഷങ്ങള്‍ക്കും കളമൊരുക്കിയിരുന്നു. മാര്‍പാപ്പായുടെ പുതിയ കല്പന, അതുവരെ രാഷ്ട്രങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ടിരുന്ന പല ദുഃസ്വാതന്ത്ര്യങ്ങള്‍ക്കും കടിഞ്ഞാണിട്ടു.

അന്ന് ചിന്തകന്മാര്‍ ഉന്നയിച്ച പല അബദ്ധസിദ്ധാന്തങ്ങളെയും ഖണ്ഡിക്കാൻ അദ്ദേഹം മടിച്ചില്ല. 1907-ല്‍ പുറപ്പെടുവിച്ച ‘പഷേന്തി’ എന്ന ചാക്രികലേഖനം മുഖേന മോഡേണിസം എന്ന ചിന്താധാരയുടെ വൈകല്യങ്ങള്‍ എടുത്തുകാട്ടി. പാവങ്ങളുടെ പരിരക്ഷയ്ക്കുവേണ്ടി മാര്‍പാപ്പാ ഫലപ്രദമായ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചുനടപ്പിലാക്കി.

1914 ആഗസ്റ്റ് 20-ാം തീയതി അദ്ദേഹം മരണമടഞ്ഞു. 1954-ല്‍ പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി ഉയര്‍ത്തി.

വിചിന്തനം: ”നാം ഉപേക്ഷിക്കേണ്ടതായി ഇനിയും പലതുമുണ്ട്. അവ കലവറ കൂടാതെ ദൈവത്തെ ഏല്പിക്കുന്നില്ലെങ്കില്‍, അപേക്ഷിക്കുന്നത് നമുക്ക് ലഭിക്കുകയില്ല.”