വിശുദ്ധ ഡോമിനിക്, ക്രിസ്തുവിന്റെ വിശ്വസ്ത ദാസന്‍: പാപ്പ 

പതിമൂന്നാം നൂറ്റാണ്ടിലെ പുരോഹിതനും , ഓര്‍ഡര്‍ ഓഫ് പ്രെസ്റ്റേഴ്‌സ് സ്ഥാപിച്ച വ്യക്തിയുമായ സെന്റ് ഡൊമിനിക്കിന്റെ തിരുന്നാള്‍ ആഘോഷിച്ചു. ജപമാലയുടെ പ്രചാരകന്‍ എന്നാണ് അദ്ദേഹത്തെ ഡൊമിനിക്കന്‍സ് വിളിച്ചിരുന്നത്.

വിശുദ്ധ ഡോമിനിക് ഗുസ്മാന്‍ ക്രിസ്തുവിന്റെയും  സഭയുടെയും വിശ്വസ്ത ദാസന്‍ ആയിരുന്നു എന്ന്  മാര്‍പാപ്പ പറഞ്ഞു. ബുധനാഴ്ച വത്തിക്കാനില്‍, പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പൊതുദര്‍ശന സമയത്ത് അനുവര്‍ഷം ആഗസ്റ്റ് 8ന് ഡൊ മിനിക്കന്‍ സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഡോമിനിക് ഗുസ്മാന്റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയായിരുന്നു പാപ്പാ. അദ്ദേഹത്തിന്റെ മാതൃക നമുക്കേവര്‍ക്കും പ്രചോദനമാകട്ടെയെന്നും പാപ്പാ ആശംസിച്ചു.

1170 ല്‍ സ്‌പെയിനിലെ കലെറുവേഗ എന്ന സ്ഥലത്ത് വിശുദ്ധ ഡോമിനിക് ഗുസ്മാന്‍ ജനിച്ചു. അഗസ്റ്റീനിയന്‍ സഭയിലെ  വൈദികനായി, പ്രഭാഷക ദൗത്യം സവിശേഷതയായുള്ള, ഡൊമിനിക്കന്‍ സന്ന്യാസസമൂഹം സ്ഥാപിക്കുകയും 1221 ഡിസമ്പര്‍ 22ന് ഹൊണോറിയൂസ് മൂന്നാമന്‍ പാപ്പാ ഈ സമൂഹത്തിന് അംഗീകാരം നല്കുകയും ചെയ്തു. വിശുദ്ധ ഡോമിനിക്കിന് പരിശുദ്ധകന്യകാമറിയത്തിന്റെ ദര്‍ശനം ഉണ്ടാകുകയും കന്യകാമറിയം അദ്ദേഹത്തിന് ജപമാല നല്കുകയും ചെയ്തതായി വിശ്വസിക്കുന്നു. ജപമാലയുടെ പ്രചാരണത്തിന് അദ്ദേഹത്തിനു പ്രചോദനം ഈ ദര്‍ശനമായിരുന്നു.

1221 ആഗസ്റ്റ് 6 ന് ഇറ്റലിയിലെ ബൊളോഞ്ഞയില്‍ വച്ച് വിശുദ്ധ ഡോമിനിക്ക് മരണമടഞ്ഞു. 1234 ല്‍ ഗ്രിഗറി ഒമ്പതാമന്‍ പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിശുദ്ധ ഡോമിനിക് ഗുസ്മാന്റെ തിരുശേഷിപ്പ് ബൊളോഞ്ഞയില്‍ സൂക്ഷിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.