വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

എല്ലാവര്‍ക്കും വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ മംഗളങ്ങള്‍ ഒത്തിരി സ്‌നേഹത്തോടെ ആശംസിക്കുന്നു.

തിരുവചനമാകുന്ന കണ്ണാടിയില്‍ അന്നക്കുട്ടി തന്നെത്തന്നെയൊന്നു നോക്കി. അവള്‍ ഇപ്രകാരം വായിച്ചു: “ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും” (യോഹ. 12:24).

ഫ്രാന്‍സിസ് അസീസ്സിയും ക്ലാര പുണ്യവതിയും ഡോണ്‍ ബോസ്‌കോയും ഡൊമിനിക് സാവിയോയും കൊച്ചുത്രേസ്യായും തോമാശ്ലീഹായുമെല്ലാം കേള്‍വിയിലും വായനയിലും നമുക്ക് പരിചിതരായ ചില വിശുദ്ധരാണ്. എന്നാല്‍ വി. അല്‍ഫോന്‍സാമ്മയെ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാക്കുന്നത് അവള്‍ നമ്മുടെ നാട്ടില്‍ ജനിച്ച്, നാം കഴിക്കുന്ന കഞ്ഞിയും കപ്പയുമെല്ലാം കഴിച്ച്, നമ്മുടെ പള്ളിക്കൂടത്തില്‍ പഠിച്ച്, നമ്മുടെ മലയാളഭാഷ സംസാരിച്ച് സഭയുടെ യശസ്സുയര്‍ത്തി വിശുദ്ധയായി എന്നതു തന്നെയാണ്.

ജ്ഞാനം 6:10-ല്‍ ഇപ്രകാരം പറഞ്ഞുവയ്ക്കുന്നു: “വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്ഷ കണ്ടെത്തും.” വി. മദര്‍ തെരേസ ഇപ്രകാരം പറയുമായിരുന്നു: “ജീവിച്ചിരിക്കുമ്പോഴാണ് നാം വിശുദ്ധരാകേണ്ടത്. മരണശേഷം ആരും വിശുദ്ധരായിട്ടില്ല. വിശുദ്ധരായി പേര് വിളിക്കപ്പെട്ടിട്ടേയുള്ളൂ. ഓരോ ക്രിസ്ത്യാനിയും മാമ്മോദീസായിലൂടെ വിശുദ്ധിയിലേയ്ക്ക് വിളിക്കപ്പെട്ടവരാണ്. ക്രിസ്തുവിന്റെ പ്രേഷിതദൗത്യത്തില്‍ പങ്കുചേരപ്പെട്ടവരാണ്.”

“അയയ്ക്കപ്പെട്ടവന്‍ അയച്ചവന്റെ ജീവിതത്തിലേയ്ക്കും ദൗത്യത്തിലേയ്ക്കും പ്രവേശിച്ച് സ്വയം ശൂന്യമാക്കി എല്ലാവര്‍ക്കും എല്ലാമായിക്കൊണ്ട് തന്റെ ആജീവനാന്ത വിളിയില്‍ സ്ഥിരമായി നിന്നുകൊണ്ട് ഇതുവരെ സ്വന്തമെന്നു കരുതിയവയെല്ലാം പരിത്യജിച്ച് സാക്ഷാല്‍ സുവിശേഷാനുസൃത ജീവിതം വഴി സ്വരക്തം ചിന്തിക്കൊണ്ട് സ്വനാഥന് സാക്ഷ്യം വഹിക്കുന്നവനാണ് യഥാര്‍ത്ഥ പ്രേഷിതന്‍” എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു.

എ.ഇ. അന്ന എന്ന പെണ്‍കുട്ടി കന്യാമഠത്തില്‍ പ്രവേശിച്ച് സി. അല്‍ഫോന്‍സയായി, സി. അല്‍ഫോന്‍സ അയച്ചവന്റെ ജീവിതത്തിലേയ്ക്കും ദൗത്യത്തിലേയ്ക്കും പ്രവേശിച്ചു. പരിമിതികളില്ലാതെ സ്‌നേഹിച്ചുകൊണ്ട്, പരാതികളില്ലാതെ സഹിച്ചുകൊണ്ട് അവള്‍ സ്വയം ശൂന്യമാക്കി. എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്ന് അല്‍ഫോന്‍സ അമ്മയായി തന്റെ ആജീവനാന്തവിളിയില്‍ അവള്‍ സ്ഥിരമായി നിന്നു. “ഞാന്‍ മഠത്തില്‍ പ്രവേശിച്ചത് പുണ്യവതിയാകാനാണ്. പുണ്യവതിയായില്ലെങ്കില്‍ എന്റെ ജീവിതം കൊണ്ട് എന്ത് അര്‍ത്ഥമാണുള്ളത്?” എന്ന് സ്വയം ചോദിച്ചുകൊണ്ട് സ്വരക്തം ചിന്തി സ്വനാഥന് അവള്‍ സാക്ഷ്യം വഹിച്ചു. ഇന്നും നമ്മുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായി അനേകരെ ക്രിസ്തുവിലേയ്ക്കടുപ്പിച്ച് അവള്‍ തന്റെ പ്രേഷിതദൗത്യം തുടരുകയാണ്.

ജീവിച്ചിരുന്ന കാലത്ത് മഠത്തിന്റെ മതിലുകള്‍ക്കപ്പുറത്ത് അവള്‍ അറിയപ്പെട്ടിരുന്നില്ല. ലോകത്തിന്റേതായ മായികപ്രഭയോ പകിട്ടോ അവള്‍ വകവച്ചില്ല. ലോകത്തിന്റെ മാനദണ്ഡമനുസരിച്ച് പരിഗണനാര്‍ഹമായ ഒന്നും അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിലില്ലായിരുന്നു. തന്റെ ശാരീരികസൗന്ദര്യത്തേക്കാള്‍ അവള്‍ ഇഷ്ടപ്പെട്ടത് ആന്തരീകസൗന്ദര്യമായിരുന്നു. അവളുടെ മരണം പത്രങ്ങളില്‍ വാര്‍ത്തയായില്ല. അവളുടെ ശവസംസ്‌കാരം പരിസരവാസികളുടെ ശ്രദ്ധയെപ്പോലും ആകര്‍ഷിച്ചില്ല. അവള്‍ ഒരു സാധാരണക്കാരിയായിരുന്നു. രഹസ്യമായിരുന്ന അവളുടെ വിശുദ്ധി വളരെ കുറച്ചുപേര്‍ക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. നിഷ്‌കളങ്കരായ സ്‌കൂള്‍ കുട്ടികളിലൂടെയാണ് അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥ്യശക്തി ലോകം തിരിച്ചറിഞ്ഞത്.

അല്‍ഫോന്‍സാമ്മ പറയുമായിരുന്നു: “ഗോതമ്പുമണികള്‍ പൊടിച്ചുണ്ടാക്കുന്ന വെണ്മയേറിയ മാവ് വീണ്ടും അഗ്നിയാല്‍ പുടപാകം ചെയ്യപ്പെട്ട് ഓസ്തിയാകുന്നു. അഴിയാനും പൊടിയാനും ഞെരുക്കത്തിന്റെ വഴിയിലൂടെ നടന്നുനീങ്ങാനും തയ്യാറായാല്‍ മാത്രമേ നമ്മില്‍ ഈശോയുടെ മുഖച്ഛായ പതിയൂ. കര്‍ത്താവ് തരുന്ന കാസ അതിന്റെ മട്ടു വരെ കുടിച്ചിറക്കണം. കുരിശുകള്‍ തന്നാണ് ഈശോ നമ്മെ സ്‌നേഹിക്കുന്നത്.” ഉറങ്ങാന്‍ സാധിക്കാത്ത രാത്രികളില്‍ നീ എന്തുചെയ്യുന്നുവെന്ന കാളാശ്ശേരി പിതാവിന്റെ ചോദ്യത്തിന് അവളുടെ ഉത്തരം ഇപ്രകാരമായിരുന്നു: ‘ഞാന്‍ സ്‌നേഹിക്കുകയാണ്.’ സഹനങ്ങളിലൂടെ ക്രിസ്തുവിനെ പ്രണയിച്ച മാലാഖയായിരുന്നു വി. അല്‍ഫോന്‍സാമ്മ.

“സ്വര്‍ഗ്ഗത്തില്‍ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്. ഭൂമിയിലും അങ്ങയെ അല്ലാതെ ഞാന്‍ ആരെയും ആഗ്രഹിക്കുന്നില്ല” (സങ്കീ. 73:25) എന്ന സങ്കീര്‍ത്തകന്റെ വചനങ്ങള്‍ അവളുടെ ഹൃദയത്തെ ഭരിച്ചിരുന്നു. ബോബിയച്ചന്റെ വാക്കുകള്‍ കടമെടുത്തു പറയുമ്പോള്‍, കലഹിക്കാനും പരിഭവം പറയാനും സങ്കടപ്പെടാനും അണച്ചുപിടിക്കാനും തന്നെ സ്വന്തമാക്കിയ ക്രിസ്തുവിന്റെ കുരിശുകളോട് അവള്‍ ഒട്ടിച്ചേര്‍ന്നിരുന്നു. വേദനയുടെ മുള്ള് ഒടിഞ്ഞുപോകുന്നത് അതില്‍ സ്‌നേഹം കലര്‍ത്തുമ്പോഴാണെന്ന തത്വം തന്റെ ദൈവ-സഹോദരസ്‌നേഹത്തിലൂടെ അവള്‍ അന്വര്‍ത്ഥമാക്കി. തന്റെ സഹോദരിമാര്‍ക്കുവേണ്ടി അവള്‍ സൂക്ഷിച്ചുവച്ച കൊച്ചുമെഴുകുതിരികള്‍ പോലെ അവളുടെ ജീവിതവും നിസ്സാരതയില്‍ എത്രയോ സുന്ദരമായിരുന്നു.

വേദനകളും തകര്‍ച്ചകളുമുണ്ടാകുമ്പോള്‍ നാം അറിയാതെ ദൈവത്തെ വിളിച്ചുപോകും. കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ പ്രിയപ്പെട്ടവരും സമ്പത്തുമെല്ലാം നഷ്ടപ്പെടുമെന്ന ഭീതിയില്ലെങ്കിലും പ്രാര്‍ത്ഥിക്കാത്തവര്‍ പോലും ദൈവത്തെ വിളിച്ചു. ‘നിപ’ വൈറസ് നമ്മുടെ നാടിനെ ഭീതിയിലാഴ്ത്തിയപ്പോള്‍ ‘ദൈവമേ’ എന്നുവിളിച്ച് ഒതുങ്ങിജീവിക്കാന്‍ മാത്രമേ നമുക്കാകുമായിരുന്നുള്ളൂ. ഇന്ന് കോവിഡ്-19 എന്ന ഒരു വൈറസ് ലോകം മുഴുവനെയും ആശങ്കയിലാഴ്ത്തുമ്പോള്‍ പ്രതിസന്ധികളുടെ നടുവില്‍ നാമെല്ലാവരും ചേര്‍ന്ന് ദൈവത്തെ വിളിക്കുന്നു. ഇങ്ങനെ വിഷമസന്ധികളുടെയും സഹനങ്ങളുടെയും പോരായ്മകളുടെയും നടുവില്‍ ദൈവത്തെ വിളിക്കുന്ന നമുക്കു മുമ്പില്‍ ‘തനിക്ക് സഹനങ്ങള്‍ തരണമേ’ എന്നു പ്രാര്‍ത്ഥിച്ച ഈ വിശുദ്ധ നമുക്കൊരു മാതൃകയാണ്.

ഷോപ്പനോര്‍ എന്ന നിരീശ്വരവാദിയായ തത്വചിന്തകന്‍ മരണക്കിടക്കയില്‍ വച്ച് ഇപ്രകാരം പറഞ്ഞു: “ദൈവമേ, എന്നു വിളിക്കുമ്പോള്‍ മാത്രമേ എനിക്കല്‍പ്പം ആശ്വാസം ലഭിക്കുന്നുള്ളൂ.” വി. അല്‍ഫോന്‍സാമ്മയെ സംബന്ധിച്ചിടത്തോളം ക്രൂശിതനായ മിശിഹായെ കണ്ടുമുട്ടാനുള്ള വേദികളായിരുന്നു അവളുടെ സഹനങ്ങള്‍.

പ്രിയമുള്ളവരേ, ദൈവത്തെ കണ്ടുമുട്ടാനുള്ള വേദികളാക്കി നമുക്ക് നമ്മുടെ സഹനങ്ങളെ മനസ്സിലാക്കാം. രോഗപീഡകളിലും സാമ്പത്തിക തകര്‍ച്ചകളിലും കുറ്റപ്പെടുത്തലുകളിലുമെല്ലാം ദൈവവും നമ്മുടെ കൂടെയുണ്ടെന്ന് നമുക്ക് തിരിച്ചറിയാം. പ്രത്യേകിച്ച് ഈ കോവിഡ് കാലഘട്ടം ദൈവാശ്രയബോധത്തില്‍ വളരാനുള്ള ഒരു ദൈവാനുഭവത്തിന്റെ കാലമായിത്തീരട്ടെ. വി. തോമസ് മൂറിന്റെ വാക്കുകളില്‍ “ജീവിതത്തില്‍ സംഭവിക്കുന്ന യാതൊന്നിനെക്കുറിച്ചും നാം ഭയപ്പെടേണ്ടതില്ല. കാരണം, ദൈവം അറിയാതെ നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ല.”

പത്രോസ് ശ്ലീഹാ തന്റെ ഒന്നാം ലേഖനത്തിലൂടെ നമ്മെ ഉദ്ബോധിപ്പിക്കുകയാണ്: “പ്രിയപ്പെട്ടവരേ, നിങ്ങളെ പരീക്ഷിക്കാനായി അഗ്നിപരീക്ഷകളുണ്ടാകുമ്പോള്‍ അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്. ക്രിസ്തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആ ഹ്ലാദിക്കുവിന്‍. അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും” (1 പത്രോസ് 4:12-13). സഹങ്ങളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തിയ അല്‍ഫോന്‍സാമ്മയിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് അവളെ ദൈവം ഈ ലോകത്തില്‍ മഹത്വപ്പെടുത്തി.

വിശുദ്ധിയുടെ ഭാഷ അന്യമായ ബാബേല്‍ ഗോപുരങ്ങളായി അഭിരമിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ ദൈവത്തിന്റെ വചനം വസിക്കുന്ന കൂടാരമാണ് ഓരോ വിശുദ്ധനും വിശുദ്ധയും. സാധാരണ ജീവിതചര്യകള്‍ അസാധാരണമായി ചെയ്ത് വിശുദ്ധി പ്രാപിച്ച അല്‍ഫോന്‍സാമ്മയെപ്പോലെ നമുക്കും നന്മകള്‍ ചെയ്ത് സഹനങ്ങളെ കൃപയുടെ അവസരങ്ങളാക്കി ദൈവത്തെ മഹത്വപ്പെടുത്താം.

മുളന്തണ്ടില്‍ നിന്നും സംഗീതത്തിലേയ്ക്കുള്ള ദൂരം ഏഴ് മുറിവുകളുടേതാണ്. ജോര്‍ജ് മാറ്റിസണ്‍ എന്ന ആംഗലേയ കവി പ്രണയഗാനങ്ങളെഴുതുമ്പോള്‍ അദ്ദേഹം ഒരു യുവതിയെ പ്രണയിച്ചിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, വിവാഹത്തലേന്ന് അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെട്ടു. ആ യുവതി വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. അന്ന് അയാള്‍ ദൈവത്തോട് ഇപ്രകാരം പറഞ്ഞു: “ദൈവമേ, നീ എന്റെ പ്രണയത്തിന്റെ ചില്ലുടച്ചത് നിന്റെ ദര്‍ശനം തരാന്‍ വേണ്ടിയായിരുന്നു.”

വികലമായ ദര്‍ശനങ്ങളെ വിശുദ്ധമാക്കാന്‍ ദൈവം ഒരുക്കിത്തന്നിരിക്കുന്ന അവസരങ്ങളാണ് സഹനങ്ങള്‍.
സഹനത്തിന്റെ നിമിഷങ്ങളില്‍ അല്‍ഫോന്‍സാമ്മ ക്രൂശിതനിലേയ്ക്കു നോക്കി. ക്രൂശിതന്‍ സ്‌നേഹത്തോടെ അവളെയും നോക്കി. ആ നോട്ടം അവളെ വിശുദ്ധിയിലേയ്ക്കു നയിച്ചു. സഹനത്തിന്റെ മാലാഖയായ അല്‍ഫോന്‍സാമ്മ തന്റെ നിത്യസമ്മാനം സന്തോഷപൂര്‍വ്വം സ്വീകരിച്ച് സ്വര്‍ഗ്ഗത്തിലേയ്ക്കു യാത്രയായി. എന്നാല്‍ ഇന്നും ഈശോയ്ക്ക് തന്നോടുകൂടെ സഹിക്കാന്‍ മനുഷ്യരെ ആവശ്യമുണ്ട്. അത് നമ്മളൊക്കെയാണ്. പെസഹാക്കുഞ്ഞാടായ മിശിഹാ ഓരോ വിശുദ്ധ ബലിയിലും തന്റെ ശരീരവും രക്തവും നമുക്ക് നല്‍കുമ്പോള്‍ ഇതില്‍ നിന്നും ശക്തി സംഭരിച്ചുകൊണ്ട് നമുക്കും നമ്മുടെ സഹനങ്ങളെ വിശുദ്ധമാക്കാം.

ബ്ര. ജിയോ വര്‍ഗ്ഗീസ് പുത്തന്‍പുരയ്ക്കല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.