തിരുഹൃദയ തിരുനാള്‍

ബ്ര. ടോണി മങ്ങാട്ടുപൊയ്കയില്‍ MCBS

ദിവ്യകാരുണ്യ ഇശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ മാതാപിതാക്കളേ, പ്രിയസഹോദരങ്ങളേ, ഏവര്‍ക്കും തിരുഹൃദയ തിരുനാളിന്റെ മംഗളങ്ങള്‍ ഏറെ സ്‌നേഹപൂര്‍വ്വം നേര്‍ന്നുകൊള്ളുന്നു.

“പാപത്തില്‍ നിന്നും അശുദ്ധിയില്‍ നിന്നും ദാവീദ് ഭവനത്തെയും ജറുസലേം നിവാസികളെയും കഴുകി വിശുദ്ധീകരിക്കുവാന്‍ അന്ന് ഒരു ഉറവ പൊട്ടിപ്പുറപ്പെടും” – പഴയനിയമത്തിലെ സഖറിയാ പ്രവാചകന് ലഭിക്കുന്ന ദൈവിക വെളിപാടാണിത് (സഖ. 13:1). പരിശുദ്ധ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ തന്റെ ‘നസ്രത്തിലെ യേശു’ എന്ന പുസ്തകത്തില്‍ ‘ലോകത്തിനു മുഴുവന്‍ സൗഖ്യത്തിനും ശുദ്ധീകരണത്തിനും വേണ്ടിയുള്ള ഉറവ കുരിശില്‍ വച്ച് ഹൃദയം പിളര്‍ക്കപ്പെട്ട യേശുവാണ്’ എന്ന് സാക്ഷ്യപ്പെടുത്തുന്നു. സഭയെയും ലോകത്തെയും മുഴുവന്‍ കഴുകി വിശുദ്ധീകരിക്കുന്ന തിരുരക്തവും തിരുജലവും ഒഴുകുന്ന ഉറവയായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാളാണ് നാം ഇന്ന് ആഘോഷിക്കുന്നത്. കുരിശിന്‍ചുവട്ടില്‍ നിന്ന യോഹന്നാനാണ് തന്റെ സുവിശേഷത്തിലൂടെ പിളര്‍ത്തപ്പെട്ട ഈ തിരുഹൃദയത്തെക്കുറിച്ച് ലോകത്തിനു വെളിപ്പെടുത്തിയത്.

ഈശോയുടെ ഈ ഹൃദയത്തോടുള്ള ഭക്തി സഭയില്‍ വളര്‍ന്നുവന്നതിനു പിന്നിലൊരു ചരിത്രമുണ്ട്. കത്തോലിക്കരെപ്പോലെ തന്നെ ആംഗ്ലിക്കന്‍ സഭകളിലും ലൂഥറന്‍ സഭയിലും ഒരുപോലെ കാണപ്പെടുന്നതാണ് തിരുഹൃദയത്തോടുള്ള ഭക്തി. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ഫ്രാന്‍സിസ് അസീസ്സി, ക്ലയര്‍വോയിലെ വി. ബര്‍ണാര്‍ഡ് എന്നിവരാണ് തിരുഹൃദയത്തോടുള്ള ഭക്തി ആരംഭിച്ചത്. കുരിശുയുദ്ധ കാലത്ത് യുദ്ധത്തില്‍ മുറിവേറ്റ് തിരികെവരുന്ന ആളുകള്‍ക്ക് ഈശോയുടെ തിരുമുറിവുകളോട് ഭക്തിയുണ്ടായി. തിരുമുറിവുകളോടുള്ള ഈ ഭക്തി വികാസം പ്രാപിച്ച് തിരുഹൃദയഭക്തിയായി രൂപാന്തരം പ്രാപിച്ചു.

തിരുഹൃദയഭക്തി അതിന്റെ ഉന്നതിയിലെത്തിയത് പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ജീവിച്ച വി. മാര്‍ഗരറ്റ് മേരി അലക്കോക്കിലൂടെയാണ്. ഈശോയുടെ പീഡാനുഭവങ്ങളെപ്പറ്റി നിരന്തരം ധ്യാനിച്ചിരുന്ന വിശുദ്ധയ്ക്ക് ഈശോ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു: “മനുഷ്യനെ അഗാധമായി സ്‌നേഹിക്കുന്ന എന്റെ ഹൃദയം കണ്ടാലും! സ്‌നേഹിക്കപ്പെടുവാനുള്ള ആഗ്രഹത്താല്‍ എനിക്ക് ദാഹിക്കുന്നു.” വി. മാര്‍ഗരറ്റിന്റെ അഭ്യര്‍ത്ഥനപ്രകാരം ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ മാനവകുലത്തെ മുഴുവന്‍ ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിച്ചു. അങ്ങനെയാണ് തിരുസഭയില്‍ തിരുഹൃദയ പ്രതിഷ്ഠ കടന്നുവരുന്നത്. ഈശോയുടെ ഹൃദയത്തില്‍ സമര്‍പ്പിക്കപ്പെടുന്നതിനെയെല്ലാം അവിടുന്ന് തന്റെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിച്ച് സംരക്ഷിക്കും.

ഈശോയുടെ തിരുഹൃദയത്തെപ്പറ്റി ആഴമായി ധ്യാനിക്കുകയും ആ ഹൃദയത്തെ ആഴമായി സ്‌നേഹിക്കുകയും ചെയ്തവരായിരുന്നു സഭാപിതാക്കന്മാര്‍. പരിശുദ്ധാത്മാവിന്റെ വീണ എന്നറിയപ്പെടുന്ന സുറിയാനി സഭാപിതാവായ മാര്‍ അപ്രേം, ഈശോയുടെ ഹൃദയത്തെ പറുദീസയുടെ കവാടം എന്നാണ് വിശേഷിപ്പിക്കുന്നത്. കാല്‍വരിയുടെ നെറുകയില്‍ തുറക്കപ്പെട്ട ഈശോയുടെ ഹൃദയത്തിലൂടെയാണ് ഒരുവന്‍ പറുദീസയിലേയ്ക്ക് പ്രവേശിക്കുന്നത്. ഒപ്പം ഈ തിരുഹൃദയത്തില്‍ നിന്നും ഒഴുകിയ തിരുരക്ത ജലങ്ങളെ സഭാപിതാവായ ജോണ്‍ ക്രിസോസ്‌തോം മാമ്മോദീസായില്‍ ലഭിക്കുന്ന നവജീവന്റെയും ദിവ്യകാരുണ്യത്തിലൂടെ ലഭിക്കുന്ന ദൈവീകജീവന്റെയും പ്രതീകമായി വ്യാഖ്യാനിക്കുന്നു. ക്രിസ്തീയജീവിതത്തിലേയ്ക്ക് പ്രവേശിപ്പിക്കുന്ന മാമ്മോദീസായോടും ക്രൈസ്തവജീവിതത്തിന്റെ ശക്തികേന്ദ്രമായ വിശുദ്ധ കുര്‍ബാനയോടും തിരുഹൃദയത്തില്‍ നിന്നൊഴുകിയ ജലരക്തങ്ങളെ ഉപമിക്കുമ്പോള്‍ ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും ശക്തിസ്രോതസ്സും ഈശോയുടെ തിരുഹൃദയം തന്നെയാണ് എന്ന് സഭാപിതാവ് നമ്മെ പഠിപ്പിക്കുന്നു.

തിരുഹൃദയഭക്തിയുമായി ബന്ധപ്പെട്ട് നാം ഏറ്റവും കൂടുതല്‍ ഉരുവിടുന്ന ഒരു പ്രകരണമാണ്, ‘ഈശോയുടെ തിരുഹൃദയമേ, എന്റെ ഹൃദയത്തെ അങ്ങയുടെ ഹൃദയം പോലെയാക്കണമേ’ എന്നത്. ഏറെ ആത്മീയചൈതന്യം തുളുമ്പിനില്‍ക്കുന്ന ഒരു പ്രാര്‍ത്ഥനയാണിത്. ഈ പ്രകരണത്തിന്റെ ആന്തരികചൈതന്യം ഉള്‍ക്കൊണ്ടു കൊണ്ട് ഈശോയുടെ ഹൃദയത്തിന് അനുരൂപരാകാന്‍ നമുക്ക് പരിശ്രമിക്കാം. ജീവിതത്തില്‍ വന്നുപോകുന്ന ഇടര്‍ച്ചകളെയൊക്കെ നമുക്ക് അനുതാപത്തോടെ വിശുദ്ധ കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞ് നവീകരിക്കാം. അങ്ങനെ നവീകരിക്കപ്പെട്ട ഹൃദയത്തോടെ അനുദിനം വിശുദ്ധ കുര്‍ബാനയിലൂടെ ഈശോയെ ഹൃദയത്തില്‍ സ്വീകരിക്കാം. വിശുദ്ധ കുര്‍ബാനശേഷം ഹൃദയപൂര്‍വ്വം നമുക്ക് നിരന്തരം പ്രാര്‍ത്ഥിക്കാം, ഈശോയെ, എന്റെ ഹൃദയത്തെ നിന്റെ ഹൃദയം പോലെ നിര്‍മ്മലമായി കാക്കണമേ എന്ന്.

കുടുംബപ്രാര്‍ത്ഥനകളില്‍ നമുക്ക് നമ്മുടെ ഈ തിരുഹൃദയപ്രതിഷ്ഠയെ നവീകരിക്കാം. അതോടൊപ്പം ദിവസവും ആത്മശോധന ചെയ്ത് പരിശോധിക്കാം, ഈശോയുടെ തിരുഹൃദയത്തിനു ചേര്‍ന്നതാണോ എന്റെ ഹൃദയമെന്ന്. തിരുഹൃദയനാഥന്‍ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്ന് ആശംസിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു.

ബ്ര. ടോണി മങ്ങാട്ടുപൊയ്കയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.