വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഓര്‍മ്മിപ്പിക്കുന്ന മൂന്നു കാര്യങ്ങള്‍

ഫാ. പോള്‍ കുഞ്ഞാനയില്‍

സെപ്തംബര്‍ 14 തിരുസഭാമാതാവ് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളായാണ് കൊണ്ടാടുന്നത്. ഏവര്‍ക്കും ഈ തിരുനാളിന്റെ നല്ല മംഗളങ്ങള്‍ നേരുന്നു.

വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് നമ്മെ അനുസ്മരിപ്പിക്കുക. ഒന്നാമതായി, ഏതാണ്ട് ഏ.ഡി. 327-നോടടുത്ത് കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലെനാ രാജ്ഞി യേശുവിന്റെ കുരിശ് കണ്ടെടുത്തതാണ്. തീക്ഷ്ണമതിയും ക്രൈസ്തവ വിശ്വാസിയുമായ ഹെലെനാ രാജ്ഞി വിശുദ്ധനാട്ടില്‍ ദേവാലയങ്ങള്‍ പണിയാനുള്ള അതിയായ ആഗ്രഹത്തോടെയാണ് ജറുസലെമില്‍ എത്തിച്ചേര്‍ന്നത്. ഈ ആഗ്രഹസാഫല്യത്തിനായി അന്നത്തെ ജറുസലെം മെത്രാനായിരുന്ന മക്കാരിയൂസിന്റെ പിന്തുണ ഏറെ സഹായകരമായിരുന്നു. യേശുവിനെ കുരിശില്‍ തറച്ച കാല്‍വരിമലയും, അവിടുത്തെ സംസ്‌ക്കരിച്ച കല്ലറയും ഉള്‍പ്പെടുന്ന പ്രദേശത്ത് ഏ.ഡി.135-ല്‍ ഹദ്രിയന്‍ ചക്രവര്‍ത്തി വീനസ് ദേവിയ്ക്കായി ഒരു അമ്പലം നിര്‍മ്മിച്ചിരുന്നു. ആ അമ്പലം തകര്‍ത്ത് അവിടെ പരിശോധന നടത്തിയ ഹെലെനാ രാജ്ഞി യേശുവിനെ തറച്ച കാല്‍വരിമലയോട് ചേര്‍ന്ന്, പാറ വെട്ടിയെടുത്തപ്പോള്‍ ഉണ്ടായ ഒരു കുഴിയില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നതായും, ആ മാലിന്യങ്ങള്‍ക്കിടയില്‍ കുറ്റവാളികളെ ശിക്ഷിക്കാനായി ഉപയോഗിച്ചിരുന്ന പല കുരിശുകളും കണ്ടെത്തി. ആ കുരിശുകള്‍ക്കിടയില്‍ യേശുവിനെ തറക്കാന്‍ ഉപയോഗിച്ചിരുന്ന വിശുദ്ധ കുരിശ് ഉണ്ടെന്ന് ഹെലെനാ രാജ്ഞി മനസ്സിലാക്കി. ഒരു വലിയ ക്രിസ്തുവിശ്വാസിയായിരുന്ന രാജ്ഞി, ക്രിസ്തുവിന്റെ കുരിശിന് വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയുണ്ട് എന്ന് വിശ്വസിച്ചു. അതിനാല്‍ അവിടെ കണ്ടെത്തിയ കുരിശുകളില്‍ ഒരു യുവാവിന്റെ മൃതശരീരം കിടത്തിനോക്കി. യേശു മരിച്ച കുരിശില്‍ കിടത്തിയപ്പോള്‍ ആ മൃതശരീരം ജീവനുള്ളതായി മാറി എന്ന് ജെറുസലേമിലെ ആദിമക്രൈസ്തവ പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ ഹെലെനാ രാജ്ഞി, യേശുവിന്റെ യഥാര്‍ത്ഥ കുരിശ് കണ്ടെത്തിയതാണ് വിശുദ്ധ കുരിശിന്റെ തിരുനാളിന്റെ ആദ്യചിന്താവിഷയം.

രണ്ടാമതായി, ഏ.ഡി. 335-ല്‍ യേശുവിന്റെ കാല്‍വരിയും, കല്ലറയും ഉള്‍പ്പെടുന്ന സ്ഥലത്ത് കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച ദേവാലയത്തിന്റെ സമര്‍പ്പണമാണ്. ഈ ദേവാലയം, യേശുവിന്റെ ‘തിരുക്കല്ലറയുടെ പള്ളി’ എന്നാണ് അറിയപ്പെടുന്നത്.

പേര്‍ഷ്യക്കാര്‍ ഏ.ഡി. 614-ല്‍ ജറുസലെം ആക്രമിച്ച് കീഴടക്കി ബലപ്രയോഗത്തിലൂടെ എടുത്തുകൊണ്ടുപോയ യേശുവിന്റെ വിശുദ്ധ കുരിശ് ഏ.ഡി. 629-ല്‍ ഹെരാക്ക്‌ളിയൂസ് ചക്രവര്‍ത്തി വീണ്ടെടുത്ത് ജറുസലെമിലേക്ക് തിരിച്ചുകൊണ്ടുവരുന്നതാണ് ഈ തിരുനാളിന്റെ മൂന്നാമത്തെ ചിന്താവിഷയം.

തിരുസഭാമാതാവ് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ വചനവിചിന്തനത്തിനായി നല്‍കുക വി. ലൂക്കാ സുവിശേഷകന്‍ എമ്മാവൂസിലേക്ക് പോയ ശിഷ്യരെക്കുറിച്ച് നല്‍കുന്ന വിവരണങ്ങളാണ്. ഈ ശിഷ്യന്മാര്‍ ദുഃഖവെള്ളിയാഴ്ച ജറുസലെമില്‍ നടന്ന ഈശോയുടെ പീഡാസഹനവും, മരണവും കണ്ട് മനസ്സ് മടുത്തവരായിരുന്നു. അവരെക്കുറിച്ചാണ് സുവിശേഷകന്‍ പറയുക ‘അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു’, ‘അവര്‍ മ്ലാനവദരായിരുന്നു’ എന്നൊക്കെയാണ്. കൂടെനടക്കുന്ന യേശുവിനെ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അവരുടെ കണ്ണുകള്‍ തുറക്കാന്‍, മ്ലാനത അകറ്റാന്‍ യേശു ഉപയോഗിക്കുന്നത് രണ്ട് മാര്‍ഗ്ഗങ്ങളാണ്. ആദ്യം മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും തന്നെക്കുറിച്ച് വിശുദ്ധ ലിഖിതങ്ങളില്‍ വ്യാഖ്യാനിച്ചിട്ടുള്ളതിനെ വിശദീകരിച്ചു കൊടുക്കുന്നു. അതിനുശേഷം അവര്‍ക്ക് വേണ്ടി അപ്പമെടുത്ത് ആശീര്‍വദിച്ച് മുറിച്ച് കൊടുക്കുന്നു. വചനവും, വി. കുര്‍ബ്ബാനയും സ്വീകരിച്ച ശിഷ്യര്‍ പിന്നീട് കണ്ണുകള്‍ തുറക്കപ്പെട്ട് തിരിച്ചറിവുള്ളവരായിത്തീരുകയാണ്.

വിശുദ്ധ കുരിശിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ഇന്നും നമുക്ക് സഹായകമാകുന്നത് തിരുവചനങ്ങളാണ്. തന്റെ തന്നെ കുരിശുമരണത്തെക്കുറിച്ച് യേശു പറയുന്നത് യോഹന്നാന്റെ സുവിശേഷം 3:14-ല്‍ നാം കാണുന്നു. ”മോശ മരുഭൂമിയില്‍ വച്ച് സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ തന്നില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.” യേശു കുരിശില്‍ തറയ്ക്കപ്പെട്ടതിനാലാണ് മനുഷ്യര്‍ക്ക് നിത്യജീവന്‍ ഉണ്ടായത്. യേശു കുരിശില്‍ തറയ്ക്കപ്പെടുക എന്നുള്ളത് തിരുവചനത്തിലൂടെ വെളിപ്പെട്ട ദൈവഹിതമായിരുന്നു. ആ ദൈവഹിതത്തിന് തന്നെത്തന്നെ സമര്‍പ്പിച്ചുകൊണ്ടുള്ള യേശുവിന്റെ കുരിശിലെ സമര്‍പ്പണമാണ് മനുഷ്യമക്കള്‍ക്ക് രക്ഷ നല്‍കിയത്. ”അവര്‍ എന്റെ കൈകാലുകള്‍ കുത്തിതുളച്ചു” എന്നുള്ള 22-ാം സങ്കീര്‍ത്തനം 16-ാം വചനം, യേശുവിന്റെ കുരിശുമരണത്തിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

”ജറുസലേം പട്ടണത്തിലൂടെ കടന്നുപോകുക ആ നഗരത്തില്‍ നടമാടുന്ന മ്ലേച്ഛതയോര്‍ത്ത് കരയുകയും വിലപിക്കുകയും ചെയ്യുന്നവരുടെ നെറ്റിയില്‍ അടയാളമിടുക” എന്ന എസെക്കിയേല്‍ പ്രവചനത്തെ സഭാപിതാവായ വിശുദ്ധ ജെറോം മനസ്സിലാക്കുക കുരിശിനെക്കുറിച്ചുള്ള പരാമര്‍ശമായിട്ടാണ്. ഇവിടെ നെറ്റിയില്‍ ഇടുന്ന അടയാളം കുരിശടയാളമായി അദ്ദേഹം വ്യാഖ്യാനിക്കുന്നു. നാം ഓരോ പ്രാവശ്യവും നെറ്റിയില്‍ കുരിശടയാളം വരയ്ക്കുമ്പോഴും ദൈവസംരക്ഷണത്തിന് നമ്മെത്തന്നെ സമര്‍പ്പിച്ചുകൊടുക്കുകയാണ് ചെയ്യുന്നത് എന്ന ബോധ്യം നമുക്കുണ്ടാകണം.

നൂറ്റാണ്ടുകളായി മനുഷ്യന്‍ ഭീതിയോടെ കണ്ട കുരിശിന് പുതിയ അര്‍ത്ഥതലങ്ങള്‍ ഈശോ നല്‍കി. ശിക്ഷയുടെ അടയാളമായിരുന്ന കുരിശിനെ ക്രിസ്തു രക്ഷയുടെ അടയാളമായി രൂപാന്തരപ്പെടുത്തി. ചെറുതും വലുതുമായ സഹനങ്ങളുടെ രൂപത്തില്‍ കുരിശ് വഹിക്കാനും കുരിശില്‍ തറക്കപ്പെടാനും പലപ്പോഴും നിര്‍ബന്ധിതരാകുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ സഹനങ്ങള്‍ക്ക് അതില്‍ തന്നെ യാതൊരു അര്‍ത്ഥവുമില്ല. എന്നാല്‍ ക്രിസ്തുവിനോട് ചേര്‍ന്ന് സഹിക്കുമ്പോള്‍ അത് രക്ഷാകരമായിത്തീരുന്നു. ജറുസലെമില്‍ വരുന്ന വിശ്വാസികള്‍ ‘കുരിശിന്റെ വഴി’ പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍, വലിയ കുരിശുകള്‍ വാടകയ്ക്ക് എടുത്ത്, അതും ചുമന്നുകൊണ്ടാണ് പ്രാര്‍ത്ഥന ചൊല്ലാറുള്ളത്. ആ കുരിശും ചുമന്നുകൊണ്ട് യേശു നടന്ന കുരിശിന്റെ വഴിയിലൂടെ നടക്കുമ്പോള്‍ അത് അവര്‍ക്ക് വെറുമൊരു മരക്കഷണമല്ല, മറിച്ച് യേശുവിന്റെ കുരിശിന്റെ സജീവസാന്നിധ്യവും, ശക്തിയും പകര്‍ന്നുനല്‍കുന്ന ചാലകങ്ങളായി മാറുന്നു. ഇങ്ങനെ ഉപയോഗിക്കുന്ന കുരിശ് ‘കുരിശിന്റെ വഴി’ പ്രാര്‍ത്ഥനയ്ക്ക് ശേഷം ‘തിരുക്കല്ലറയുടെ പള്ളി’യോട് ചേര്‍ന്നുള്ള 9-ാം സ്ഥലത്ത് തീര്‍ത്ഥാടകര്‍ വച്ചിട്ട് പോകുന്നു. ഈ കുരിശുകള്‍ തിരിച്ച് ഉടമസ്ഥരുടെ കൈയില്‍ എത്തിക്കുക അവരുടെ ജോലിക്കാരാണ്. എന്നാല്‍, ഇത് അവര്‍ക്ക് വെറും ഒരു ജോലി മാത്രമാണ്. അതേ, യേശുവിനോടൊത്ത് സഹിക്കുമ്പോള്‍ കുരിശുകള്‍ രക്ഷാകരവും, ദൈവീകവുമായി മാറുന്നു. എന്നാല്‍ യേശുവില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ കുരിശിന് യാതൊരു അര്‍ത്ഥവുമില്ല, പ്രസക്തിയുമില്ല. ”നാശത്തിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ, അത് ദൈവത്തിന്റെ ശക്തിയത്രേ” എന്ന് വി. പൗലോസ്ശ്ലീഹാ കോറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനം 1-ാം അധ്യായം 18-ാം വാക്യത്തില്‍ പറയുന്നു.

ജീവിതത്തിലെ കുരിശുകളുടെ അര്‍ത്ഥം മനസ്സിലാക്കുവാന്‍, കുരിശുകളെ സ്‌നേഹിക്കാന്‍ നമുക്ക് ശക്തി തരുന്നത് വി. കുര്‍ബ്ബാനയാണ്. കുരിശിലെ സഹനങ്ങളിലൂടെ നടന്ന് ഉയിര്‍പ്പിന്റെ മഹിമയിലേക്ക് പ്രവേശിച്ച അതെ ക്രിസ്തു തന്നെയാണ് വിശുദ്ധ കുര്‍ബ്ബാനയായി നമ്മുടെ നാവിലേക്കും, ഹൃദയങ്ങളിലേക്കും, ജീവിതങ്ങളിലേക്കും ഇറങ്ങിവരുന്നത്. ക്രിസ്തുവിന്റെ വചനങ്ങളാലും, ശരീരങ്ങളാലും ശക്തിപെട്ട് നമ്മുടെ ജീവിതങ്ങളിലെ സഹനങ്ങളെ നമുക്ക് രക്ഷാകരമാക്കി തീര്‍ക്കാം. ഏവര്‍ക്കും തിരുനാളിന്റെ മംഗളങ്ങള്‍ ഒരിക്കല്‍ കൂടി നേരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.