മാതാവിന്റെ തിരുനാളുകൾ

ഷെർലക്ക് ലാഖിഷ്

1. ദൈവമാതാവ്/ കന്യകാമാതാവ്

ജനുവരി 01: എ.ഡി. 431 -ലെ എഫെസോസ് സാർവ്വത്രിക സൂനഹദോസിൽ വച്ച് മറിയത്തിന്റെ ദൈവമാതൃത്വം ഒരു വിശ്വാസ സത്യമായി സഭ പ്രഖ്യാപിച്ചു. എ.ഡി. 649 -ലെ ലാറ്ററൽ കൗൺസിലിൽ വച്ച് വി. മാർട്ടിൻ ഒന്നാമൻ മാർപാപ്പ നിത്യകന്യകാത്വം ഒരു ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചു.

2. ശുദ്ധീകരണ തിരുനാൾ

ഫെബ്രുവരി 02: “മോശയുടെ നിയമമനുസരിച്ച് ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ അവർ യേശുവിനെ കർത്താവിന് സമർപ്പിച്ചു” (ലൂക്കാ 2: 21-38).

3. ലൂർദ്ദ് മാതാവ്

ഫെബ്രുവരി 11: ഫ്രാൻസിലെ ലൂർദ്ദ് എന്ന ഗ്രാമത്തിൽ 1858 -ൽ ബർണദീത്ത എന്ന പെൺകുട്ടിക്ക് മാതാവ് പ്രത്യക്ഷപ്പെട്ടു.

4. മംഗളവാർത്ത

മാർച്ച് 25: ദൈവത്താൽ അയക്കപ്പെട്ട ഗബ്രിയേൽ ദൂതൻ യേശുവിന്റെ ജനനത്തെക്കുറിച്ച് മറിയത്തെ അറിയിക്കുന്നു (ലൂക്കാ 1: 26-38).

5. ഫാത്തിമ മാതാവ്

മെയ് 13: ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരയാതനകൾ ലോകമെല്ലാം  അനുഭവിച്ചു കൊണ്ടിരുന്ന കാലത്ത് 1917 മെയ് പതിമൂന്നാം തീയതി ദൈവമാതാവ് പോർച്ചുഗല്ലിലെ ഫാത്തിമയിൽ ലൂസി, ജസീന്താ, ഫ്രാൻസിസ് എന്നീ ഇടയകുട്ടികൾക്ക് പ്രത്യക്ഷയായി. ഒക്ടോബർ മാസം വരെ ഓരോ മാസവും 13 -ന് മാതാവ് അവർക്ക് പ്രത്യക്ഷയായി.

6. ക്രിസ്ത്യാനികളുടെ അമ്മ  സഭയുടെ മാതാവ്

മെയ് 24: പെന്തക്കോസ്താ കഴിഞ്ഞുവരുന്ന തിങ്കളാഴ്ച പരിശുദ്ധ അമ്മയുടെ ഓർമ്മ ആചരിച്ചുകൊണ്ട് മറിയം സഭയുടെ മാതാവ് എന്ന തിരുനാൾ ആഘോഷിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ 2018 -ൽ പ്രഖ്യാപിച്ചു. രണ്ടാം വത്തിക്കാൻ സൂനഹദോസിൽ പോൾ ആറാമൻ മാർപാപ്പയാണ്, ‘പരിശുദ്ധ മറിയം സഭയുടെ മാതാവ്’ എന്ന തലക്കെട്ട് ഔദ്യോഗികമായി നൽകിയത്.

7. സന്ദർശന തിരുനാൾ

മെയ് 31: മറിയം സക്കറിയായുടെ വീട്ടിൽ എലിസബത്തിനെ അഭിവാദനം ചെയ്യുന്നു. എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി ഉദ്ഘോഷിച്ചു: “നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്; നിന്റെ ഉദരഫലവും അനുഗ്രഹീതം” (ലൂക്കാ 1: 39-45).

8. മറിയത്തിന്റെ വിമല ഹൃദയം

ഈശോയുടെ തിരുഹൃദയ തിരുനാളിന്റെ പിറ്റേന്ന് ഈശോയുടെ തിരുഹൃദയ ഭക്തിയുടെ ഉജ്ജ്വലപ്രേഷിതയായ മാർഗരറ്റ് മേരി അലകോക്കിന് 16,888 തവണ  വിമലഹൃദയം ഈശോയുടെ തിരുഹൃദയത്തോടൊപ്പം പ്രത്യക്ഷപ്പെട്ടു.

9. നിത്യസഹായ മാതാവ്

ജൂൺ 27: നിത്യസഹായ മാതാവിന്റെ അത്ഭുതചിത്രം സുവിശേഷകനായ വി. ലൂക്കാ വരച്ചു എന്നാണ് പാരമ്പര്യവിശ്വാസം. ബാല്യകാലത്തിലെ ഒരു സംഭവമാണ് ഈ ചിത്രം അനുസ്മരിപ്പിക്കുന്നത്. പതിനഞ്ചാം ശതാബ്ദത്തിന്റെ അന്ത്യത്തോടു കൂടി ഈ ചിത്രം ക്രീറ്റ ദ്വീപിൽ നിന്നും റോമിലേക്ക് കൊണ്ടുവരപ്പെടുകയും നിത്യസഹായമാതാവ് എന്ന പേരിൽ വണങ്ങപ്പെടുകയും ചെയ്തു.

10. റോസാമിസ്റ്റിക്ക മാതാവ്

ജൂലൈ 13: 1947 മുതൽ 1976 വരെ പരിശുദ്ധ അമ്മ ഇറ്റലിയിലെ മോഡി
ചിയാരി എന്ന സ്ഥലത്ത് പിയറി നാഗിലീ എന്ന നഴ്സിന് റോസാമിസ്റ്റിക്ക എന്ന പേരിൽ ദർശനം നൽകുകയുണ്ടായി. ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ, രൂപത്തിൽ നിന്ന് രക്തക്കണ്ണീർ, തേൻ എന്നിവ ഒഴുകുന്നു.

11. കർമ്മല മാതാവ്

ജൂലൈ 16: 1251 ജൂലൈ പതിനാറാം തീയതി അർദ്ധരാത്രി സൈമൺസ്റ്റോക്ക് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ മാനവഗണങ്ങളുടെ അകമ്പടിയോടു കൂടി കർമ്മലമാതാവ് കർമ്മലോത്തരീയം നൽകി.

12. സ്വർഗ്ഗാരോപിത മാതാവ്

ആഗസ്റ്റ് 15: 1950 നവംബർ ഒന്നാം തീയതി മുനീഫിചെന്തിസിമൂസ് ദേവൂസ് (പരമ കാരുണികനായ ദൈവം) എന്ന തിരുവെഴുത്തു വഴി പന്ത്രണ്ടാം പീയൂസ് മാർപാപ്പ മറിയത്തിന്റെ സ്വർഗ്ഗാരോപണം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചു.

13. ലോകരാജ്ഞിപദ തിരുനാൾ

ആഗസ്റ്റ് 22: പരിശുദ്ധ ദൈവമാതാവ് സ്വർലോക – ഭൂലോകങ്ങളുടെ രാജ്ഞിയായി സ്വർഗ്ഗത്തിൽ മുടി ധരിപ്പിക്കപ്പെട്ടു. പന്ത്രണ്ടാം പീയൂസ് പാപ്പാ മരിയൻ വത്സരത്തിന്റെ അവസാനത്തിൽ ‘സ്വർഗ്ഗറാണി’ എന്ന ചാക്രികലേഖനത്തിലൂടെ 1954 -ൽ കാലത്തിന്റെ രാജാ-രാജ്ഞിതാപദ തിരുനാൾ പ്രഖ്യാപിച്ചു.

13. മാതാവിന്റെ ജനനത്തിരുനാൾ

സെപ്റ്റംബർ 8: അന്ന ഗർഭിണിയായി കാലം തികഞ്ഞപ്പോൾ അവൾ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിനെ പ്രസവിച്ചപ്പോൾ അന്നക്ക് തന്റെ വിശുദ്ധി നിമിത്തം ഒരു വേദനയും അനുഭവപ്പെട്ടില്ല. മറിച്ച് പാപമില്ലാത്ത അവളെ വഹിച്ചതിന്റെ ആനന്ദപാരവശ്യം അനുഭവിച്ചു.

14. വേളാങ്കണ്ണി മാതാവ്

സെപ്റ്റംബർ 8: ഇന്ത്യയിലെ ഏറ്റവും വലിയ മാതൃ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി, തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നത്. ഈ തീർത്ഥാടന കേന്ദ്രത്തിന്റെ ഉൽപത്തിയെപ്പറ്റി ചരിത്രപരമായ തെളിവുകൾ ഇല്ലെങ്കിലും ഏതാണ്ട് 16-17 നൂറ്റാണ്ടുകളിൽ സംഭവിച്ച രണ്ട് ദർശനങ്ങളാണ് ഇതിന്റെ സ്ഥാപനകാരണം  ആയിത്തീർന്നത്.

15. മാതാവിന്റെ നാമകരണ തിരുനാൾ

സെപ്തംബർ 12: അന്ന കുഞ്ഞിനെ പ്രസവിച്ച ഒമ്പതാം ദിവസം കുടുംബാംഗങ്ങളെല്ലാം യോവാകീമിന്റെ ഭവനത്തിൽ സമ്മേളിച്ചു. ദൂതൻ അറിയിച്ച പ്രകാരം യൊവാകീം കുഞ്ഞിന് മറിയം എന്ന് പേരിട്ടു.

16. വ്യാകുലമാതാവ്

സെപ്റ്റംബർ 15: 1727 ഏപ്രിൽ 22 -ന് പതിമൂന്നാം ബെനഡിക്ട് പാപ്പാ പ്രസിദ്ധപ്പെടുത്തിയ ഡിക്രി പ്രകാരം മറിയത്തിന്റെ ഏഴ് വ്യാകുലങ്ങളോടുള്ള ഭക്തിക്ക് പൊതുവായ അംഗീകാരവും പ്രചാരവും സിദ്ധിച്ചു. ഏഴാം പിയൂസ് മാർപാപ്പയാണ് 1814 -ൽ വ്യാകുലമാതാവിന്റെ തിരുനാൾ സാർവ്വത്രികസഭയിൽ സ്ഥാപിച്ചത്.

17. കാരുണ്യ മാതാവ്/ വിമോചകനാഥാ

സെപ്റ്റംബർ 24: 1218 -ൽ വി. പീറ്റർ നൊളാസ്കോ, വിറൈമൂന്ത് പെന്തപോർട്, ജെയിംസ് രാജാവ് എന്നിവർക്ക് പരിശുദ്ധ കന്യക പ്രത്യക്ഷയായി. അന്ന് സ്പെയിൻ രാജ്യത്തിന്റെ ഭൂരിഭാഗവും കയ്യടക്കി വച്ചിരുന്ന മൂർ വർഗ്ഗത്തിന്റെ ക്രൂരമായ ബന്ധനത്തിൽ നിന്നും ക്രിസ്ത്യാനികളെ മോചിപ്പിക്കാൻ ഒരു ഭക്തസഭ സ്ഥാപിക്കാൻ കൽപിച്ചു.

17 a. വല്ലാർപാടത്തമ്മ

സെപ്റ്റംബർ 24: ബന്ധനവിമോചകയായ ദൈവജനനിയുടെ ചിത്രത്തിന്റെ ഏഴ് പ്രതികൾ പോർച്ചുഗീസുകാർ 1524 -ൽ കേരളത്തിലേക്ക് കൊണ്ടുവരികയും, അവയിൽ അമ്മയുടെ പ്രതി വല്ലാർപാടത്ത് സ്ഥാപിക്കുകയും പിന്നീട് അത് വല്ലാർപാടത്തമ്മ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. 2004 സെപ്റ്റംബർ 12 -ന് വല്ലാർപാടം പള്ളി ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.

18. ജപമാല രാജ്ഞിയുടെ തിരുനാൾ

ഒക്ടോബർ 7: പതിനാറാം നൂറ്റാണ്ടിൽ, പിയൂസ് അഞ്ചാമന്റെ കാലത്ത് (ലെപ്പാന്റായിൽ വച്ച് ച തുർക്കികളുമായി ഉണ്ടായ കുരിശുയുദ്ധത്തിൽ വിജയം വരിച്ചതിന്റെ വാർഷികദിനത്തിൽ) ഒക്ടോബർ 7 ജപമാല രാജ്ഞിയുടെ തിരുനാളായി സഭ ആഘോഷിച്ചു തുടങ്ങി. പരിശുദ്ധ മറിയം ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട് പാപികളുടെ മാനസാന്തരത്തിനായി ജപമാല ചൊല്ലാൻ ആവശ്യപ്പെടുന്നു.

19. കൊരട്ടി മുത്തി

ഒക്ടോബർ പത്താം തീയതി കഴിഞ്ഞു വരുന്ന ഞായർ: എറണാകുളം അങ്കമാലി അതിരൂപതയുടെ വടക്കേ അറ്റത്ത് തൃശൂർ ജില്ലാ അതിർത്തിയിലാണ് കൊരട്ടി ഫൊറോന പള്ളി സ്ഥിതിചെയ്യുന്നത്. കൊരട്ടിമുത്തി എന്നപേരിലാണ് പരിശുദ്ധ കന്യകാമറിയം കൊരട്ടിയിലും സമീപപ്രദേശങ്ങളിലും അറിയപ്പെടുന്നത്. കൊരട്ടിമുത്തിയുടെ മദ്ധ്യസ്ഥതശക്തിയാൽ സംഭവിച്ചിട്ടുള്ളതും സംഭവിച്ചു കൊണ്ടിരിക്കുന്ന അത്ഭുതങ്ങൾ നിരവധിയാണ്. കൊരട്ടിമുത്തിക്കുള്ള നേർച്ചകളിൽ ഏറ്റവും പ്രധാനപ്പെട്ടത് പൂവൻകുലയാണ്.

20. മാതാവിന്റെ സമർപ്പണത്തിരുനാൾ

നവംബർ 21: മറിയത്തിന് മൂന്നു വയസ്സ് കഴിഞ്ഞപ്പോൾ യൊവാക്കിമും അന്നയും അവളെയും കൂട്ടിക്കൊണ്ട് ദേവാലയത്തിലേക്ക് പോയി. അന്നയുടെ ഇളയ സഹോദരി എലിസബത്തും അവരുടെ കൂടെ ഉണ്ടായിരുന്നു. എലിസബത്തിന്റെ ഭർത്താവ് സക്കറിയയും ആചാര്യന്മാരും മറ്റ് അന്തേവാസികളും ചേർന്ന് മറിയത്തെ
സസന്തോഷം സ്വീകരിച്ച് ദൈവത്തെ സ്തുതിച്ചു.

21. അത്ഭുത കാശുരൂപ മാതാവ്

നവംബർ 27: 1830 -ൽ പാരീസിലെ റൂദുബാക് എന്ന സ്ഥലത്ത് വിൻസെൻഷ്യൻ സന്യാസി സമൂഹത്തിലെ അംഗമായിരുന്ന സിസ്റ്റർ കാതറിൻ ലെബോറയ്ക് അത്ഭുത കാശുരൂപ മാതാവിന്റെ ദർശനം മൂന്നു പ്രാവശ്യം ഉണ്ടായി.

22. അമലോത്ഭവ മാതാവ്

ഡിസംബർ 8: 1854 ഡിസംബർ എട്ടാം തീയതി ഒമ്പതാം പീയൂസ് മാർപാപ്പ “ഇനെഫാബിലിസ് ദേവൂസ്” എന്ന തിരുവെഴുത്തു വഴി മറിയത്തിന്റെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. ഡിസംബർ എട്ടാം തീയതി അമലോത്ഭവ തിരുനാളായി നിശ്ചയിക്കുകയും ചെയ്തു.

ഷെർലക്ക് ലാഖിഷ്
പള്ളിത്തോട് മതബോധന വിദ്യാർത്ഥി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.