എന്താണ് എഫ്.സി.സി. (ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍)?

വിശുദ്ധ അല്‍ഫോന്‍സാമ്മയെയും റാണി മരിയയെയും ലോകത്തിന് സമ്മാനിച്ച സഭയാണ് എഫ്.സി.സി. (ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍). പക്ഷേ, ഈ അടുത്തകാലത്ത് ഈ സഭയുടെ പേര് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പരാമര്‍ശിക്കപ്പെട്ടത് അതിന്റെ പേരില്‍ ആയിരുന്നില്ല; നിറംകെട്ട മറ്റു ചില കാര്യങ്ങളുടെ പേരില്‍ ആയിരുന്നുഎന്നത് സങ്കടകരമായ കാര്യമാണ്. എങ്കിലും ആ സന്യാസ സഭ അറിയപ്പെടെണ്ടത് അതിന്റെ വിശുദ്ധിയുടെ പേരില്‍ തന്നെയാണ്. ഇക്കാര്യങ്ങളെക്കുറിച്ചു വിവരമില്ലാതെ ചാനല്‍ ചര്‍ച്ച നയിക്കുന്നവരും മറ്റു മാധ്യമങ്ങളില്‍ അധമ താല്പര്യങ്ങളോടെ എഴുതുന്നവരും വായിച്ചറിയണം ഈ എഫ്.സി.സി. എന്നാല്‍ എന്താണ് എന്ന്.

സീറോ മലബാര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയിലെ ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ സംക്ഷിപ്ത ചരിത്രം

അസ്സീസിയിലെ വി. ഫ്രാന്‍സീസ് സുവിശേഷാത്മകമായ ജീവിതം സമാശ്ലേഷിച്ചു കൊണ്ട് ദരിദ്രനും വിനീതനുമായ ക്രിസ്തുനാഥന് സാക്ഷ്യം വഹിക്കുന്ന ഒരു നവീന ജീവിതപാത സമുദ്ഘാടനം ചെയ്തു. അദ്ദേഹം ലൗകീകവസ്തുക്കളും ലോകത്തിന്റേതായ എല്ലാ സുഖഭോഗങ്ങളും പൂര്‍ണ്ണമായും സന്തോഷത്തോടെയും പരിത്യജിച്ചു കൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ തന്റെ ജീവിത സര്‍വ്വസ്വവുമായി സ്വീകരിച്ചു. അങ്ങനെ, ‘എന്റെ ദൈവം എന്റെ സമസ്തവും’ എന്ന് ഹൃദയപൂര്‍വ്വം ഉദ്‌ഘോഷിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ ദരിദ്രവും വിനീതവുമായ ജീവിതവും വിശ്വസാഹോദര്യവും തീക്ഷ്ണമായ പ്രേഷിതപ്രവര്‍ത്തനങ്ങളും അക്കാലത്തെ ക്രൈസ്തവരുടെ ജീവിതത്തില്‍ ഒരു പുത്തനുണര്‍വ് സൃഷ്ടിച്ചു.

കേരളത്തിലെ ഫ്രാന്‍സിസ്‌ക്കന്‍ ക്ലാര സമൂഹം  

പതിമൂന്നാം നൂറ്റാണ്ടില്‍ അസ്സീസിയിലും പ്രാന്തപ്രദേശങ്ങളിലും പരിമളം പരത്തിയ ഫ്രാന്‍സീസ്ക്കന്‍ ചൈതന്യം 19-ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ കേരളത്തിലേക്കും പ്രസരിച്ചു. 1875 മുതല്‍ പാലാ ഇടവകയില്‍ ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭയുടെ ഒരു ഭ്രാതൃത്വം സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പ്രസ്തുത മൂന്നാം സഭാംഗങ്ങളില്‍ ഏതാനും ഭക്തസ്ത്രീകള്‍ തീക്ഷ്ണമായ ദൈവസ്‌നേഹത്താല്‍ പ്രചോദിതരായി കണ്ണാടിയുറുമ്പ് എന്ന സ്ഥലത്ത് സമൂഹജീവിതം നയിച്ചിരുന്നു. യഥാര്‍ത്ഥവും സമ്പൂര്‍ണ്ണവുമായ ഫ്രാന്‍സിസ്‌ക്കന്‍ ജീവിതം നയിക്കുവാനുള്ള ഇവരുടെ തീവ്രമായ അഭിലാഷത്തിന്റെ പൂര്‍ത്തീകരണമാണ് കേരളത്തിലെ ഫ്രാന്‍സിസ്‌ക്കന്‍ ക്ലാര സമൂഹം. പ്രസ്തുത ആഗ്രഹം സഫലമാകുവാന്‍ അവര്‍ക്ക് കുറെക്കാലം പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കേണ്ടി വന്നു.

ചങ്ങനാശ്ശേരി ആസ്ഥാനമാക്കുന്നു  

1888 ജൂലൈ 4-ാം തീയതി, അന്ന് കോട്ടയം വികാരി അപ്പസ്‌തോലിക്കയായിരുന്ന റൈറ്റ് റവ. ഡോ. ചാള്‍സ് ലവീഞ്ഞ്, പാലാ ഇടവക സന്ദര്‍ശിച്ച അവസരത്തില്‍ അവര്‍ തങ്ങളുടെ ചിരകാലാഭിലാഷം അദ്ദേഹത്തെ അറിയിച്ചു. അത് സഫലമാക്കുവാന്‍ ഏറെ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം മനസ്സിലാക്കി. എങ്കിലും നിരവധി പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് ഫ്രാന്‍സിസ്‌ക്കന്‍ കുടുംബത്തില്‍ ഒരു പുതിയ ശാഖയ്ക്ക് ജന്മം നല്‍കുവാന്‍ അദ്ദേഹം സഹായിച്ചു. അങ്ങനെ 1888 ഡിസംബര്‍ 14-ാം തീയതി ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ചങ്ങനാശ്ശേരി ആസ്ഥാനമാക്കി രൂപം കൊണ്ടു. പ്രാര്‍ത്ഥനാചൈതന്യം, അദ്ധ്വാനപൂര്‍ണ്ണമായ ജീവിതം, അനാഥസംരക്ഷണം, സാധുജനസേവനം എന്നിവ, ഈ കോണ്‍ഗ്രിഗേഷന്റെ സവിശേഷതകളായിരുന്നു. ക്രമേണ, മതബോധനം, വിദ്യാഭ്യാസം എന്നിവ അതിന്റെ പ്രവര്‍ത്തന പരിപാടിയില്‍ ഉള്‍പ്പെടുത്തി.

ഏകീകൃത സന്യാസിനി സഭ 

അഭിവന്ദ്യ ലവീഞ്ഞ് പിതാവിന്റേയും അദ്ദേഹത്തിന്റെ പിന്‍ഗാമികളുടെയും പൈതൃക പരിപാലനയില്‍ പുഷ്ടി പ്രാപിച്ച ഈ സന്യാസിനീ സമൂഹം പിന്നീട് കേരളത്തിലെ വിവിധ രൂപതകളില്‍ സ്വതന്ത്രശാഖകളായി, രൂപതാ സന്യാസ സമൂഹങ്ങളായി വളര്‍ന്നു വികസിച്ചു. രണ്ടാം വര്‍ത്തിക്കാന്‍ കൗണ്‍സിലിന്റെ ആഹ്വാനമനുസരിച്ച് നവീകരണത്തിന്റെയും അനുരൂപണത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ നീങ്ങിയ ഈ സന്യാസിനീ സമൂഹം, ക്രമേണ ഏകീകരണത്തിന്റെ പാതയിലെത്തി. സഭാ സംയോജനത്തിനുള്ള തങ്ങളുടെ ആഗ്രഹം സഭാംഗങ്ങള്‍ ശ്ലൈഹിക സിംഹാസനത്തെ അറിയിച്ചു. 1970 മാര്‍ച്ച് 12-ാം തീയതി ശ്ലൈഹീക സിംഹാസനം സസന്തോഷം അതിന് അനുമതി നല്‍കുകയും വെരി. ഫാ. ഹിപ്പോളിറ്റസ് കുന്നുങ്കല്‍ OFM Cap അവര്‍കളെ പേപ്പല്‍ ഡെലിഗേറ്റായി നിയമിക്കുകയും ചെയ്തു. സംയോജനത്തിന്റെ പ്രാരംഭം കുറിച്ചുകൊണ്ട് 1970 ഒക്‌ടോബര്‍ 10-ാം തീയതി പ്രഥമ സുപ്പീരിയര്‍ ജനറലായി റവ. മദര്‍ മാവുരൂസ് (മദര്‍ ജനറല്‍ ചങ്ങനാശ്ശേരി) തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് യൂണിറ്റുകളില്‍ നിന്നുള്ള മേജര്‍ സുപ്പീരിയേഴ്‌സിനെ കൗണ്‍സിലേഴ്‌സായി നിശ്ചയിച്ചു കൊണ്ട് ജനറല്‍ കൂരിയായും രൂപവല്‍ക്കരിക്കപ്പെട്ടു. 1973 മാര്‍ച്ച് 1-ാം തീയതി ശ്ലൈഹീക സിംഹാസനം പുതിയ നിയമാവലിക്ക് അംഗീകാരം നല്‍കിക്കൊണ്ട് സഭയെ പൊന്തിഫിക്കല്‍ പദവിലേയ്ക്ക് ഉയര്‍ത്തി.

അംഗസംഖ്യയില്‍ ഒന്നാമത്   

ഭാരതത്തിലെ രണ്ടാമത്തെ ഏകദ്ദേശീയ സന്യാസ സമൂഹമായ ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ഇന്ന് അംഗസംഖ്യയില്‍ ഒന്നാമത് എത്തിനില്‍ക്കുന്നു. വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ പലതും കടന്ന് ഈ സന്യാസ സമൂഹം അതിന്റെ സംഭവബഹുലമായ ചരിത്രത്തില്‍ 130 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഇപ്പോള്‍ 7000-ല്‍പരം അംഗങ്ങളും 832 ഭവനങ്ങളും ഉള്ള ഈ സന്യാസ സമൂഹം, ലോകമെമ്പാടും വിവിധങ്ങളായ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായിരിക്കുന്നു. ഇതിന് ഇപ്പോള്‍ 24 പ്രോവിന്‍സുകളും 3 റീജയനുകളുമുണ്ട്.

1960-ല്‍ ആഗ്രയില്‍ ആരംഭിച്ച മിഷന്‍ പ്രവര്‍ത്തനം ഭാരത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ എന്നല്ല, വിദേശ രാജ്യങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ 145 മിഷന്‍ കേന്ദ്രങ്ങളിലായി 934 സിസ്റ്റേഴ്‌സ് പ്രേഷിതപ്രവര്‍ത്തനം ചെയ്തുവരുന്നു. ഇറ്റലി, ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റസര്‍ലണ്ട്, യു.എസ്.എ., സൗത്ത് ആഫ്രിക്ക, കെനിയ, തായ്‌വാന്‍, മലാവി, പപ്പുവാ, ന്യൂഗിനിയാ, സ്‌പെയിന്‍, ടാന്‍സാനിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലായി 140 സിസ്റ്റേഴ്‌സും പ്രേഷിതവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

വി. അല്‍ഫോന്‍സായും റാണി മരിയയും 

ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന് സ്വര്‍ഗ്ഗീയ പിതാവ് നല്‍കിയ വിലപ്പെട്ട സമ്മാനമാണ് വി. അല്‍ഫോന്‍സാ.

മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ രൂപതയില്‍ ഉദയനഗറില്‍ നിരക്ഷരരും ദരിദ്രരും ചൂഷിതരുമായ ഗ്രാമീണരുടെ സമുദ്ധാരണത്തിനായി, വെല്ലുവിളികളെ നേരിട്ടുകൊണ്ട് അക്ഷീണയത്‌നം നടത്തിക്കൊണ്ടിരിക്കുന്ന സിസ്റ്റര്‍ റാണി മരിയ 1995 ഫെബ്രുവരി 25-ാം തീയതി കുടിലശത്രുക്കളുടെ കഠാരയ്ക്ക് ഇരയായിത്തീര്‍ന്നു. സത്യത്തിനും നീതിയ്ക്കും സ്‌നേഹത്തിനും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഈ ധീരകന്യക ഈ കോണ്‍ഗ്രിഗേഷനിലെ പ്രഥമ രക്തസാക്ഷിണി ആണ്. സിസ്റ്റര്‍ റാണി മരിയായ്ക്ക് കര്‍ത്താവിനോടും അവിടുത്തെ പാവപ്പെട്ടവരോടും ഉണ്ടായിരുന്ന തീക്ഷ്ണമായ സ്‌നേഹവും സാധുജന സേവനതല്‍പരതയും നമുക്കെന്നും മാതൃകയും പ്രചോദനവും പകരുന്നവയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.