ഫ്രാന്‍സിസ് മാര്‍പാപ്പയെ ‘ഫേക്ക്’ ആക്കുന്നവര്‍ അറിയാന്‍

ഞായറാഴ്ച രാവിലെ സോഷ്യല്‍ മീഡിയായിലൂടെ കണ്ണോടിച്ചപ്പോള്‍ ചില സുഹൃത്തുക്കളുടെ പേജുകളിലും ഞാന്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്ന ചില ഓണ്‍ലൈന്‍ പത്രങ്ങളിലും വൈറലാകുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഹോസ്പിറ്റല്‍ സന്ദര്‍ശിക്കുന്ന ഒരു ഫോട്ടോ ശ്രദ്ധയില്‍പെട്ടു, കൂടെ ഇപ്രകാരമുളള അടികുറുപ്പുകളുംഃ ‘ഫ്രാന്‍സിസ് മാര്‍പാപ്പ കൊറോണ വൈറസ് ബാധിച്ച രോഗികളെ സന്ദര്‍ശിച്ചു, പ്രാര്‍ത്ഥിച്ചു, ….നേഴ്‌സുമാരെയും ഡോക്ടര്‍മാര്‍മാരെയും ആശ്വസിപ്പിച്ചു….മഹനീയമായ മാതൃക…’

സത്യമാണ്, ഫ്രാന്‍സിസ് മാര്‍പാപ്പ ഹോസ്പിറ്റലില്‍ രോഗികളെ സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ വൈറലാകുന്ന ഫോട്ടോ എടുത്തത് കത്തോലിക്കാസഭ ദൈവകാരുണ്യവര്‍ഷമായി ആചരിച്ച 2016, സെപ്റ്റംബര്‍ 16 വെളളിഴായ്ച, റോമിലെ സാന്‍ ജൊവാനി ഹോസ്പിറ്റലും, വില്ലാ സ്‌പെരാന്‍സയും ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചപ്പോഴാണ്. മാര്‍പാപ്പയോടുളള സ്‌നേഹം മൂലമോ, അറിവില്ലായ്മകൊണ്ടോ, പബ്ലിസിറ്റിക്കുവേണ്ടിയോ ഇപ്പോള്‍ ഈ ഫോട്ടോ പങ്കുവക്കുന്നവര്‍ അറിയുക നിങ്ങള്‍ മൂലം ഒരു വ്യാജവാര്‍ത്ത പ്രചരിക്കാന്‍ അനുവദിക്കരുത്.

ബഹുഭൂരിപക്ഷം പേരും ഈ ഫോട്ടോയുടെ അടിയില്‍ മാര്‍പാപ്പയെ അഭിനന്ദിച്ചു കമന്റുകള്‍ ഇടുന്നുണ്ടെങ്കിലും അദ്ദേഹത്തെ വിമര്‍ശിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്. ഉദാഹരണത്തിന് ഒരു ഓണ്‍ലൈന്‍ പത്രത്തിലെ കമന്റ് ഇപ്രകാരമാണ്ഃ ‘കൊറോണ ഭീതിയില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിച്ച് പാപ്പ സ്വന്തം ആരോഗ്യം അപകടത്തിലാക്കരുതായിരുന്നു,’ ‘നല്ല രീതിയില്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്ന നേഴ്‌സുമാരുടെയും ഡോക്ടര്‍മാര്‍മാരുടെയും ജോലികള്‍ക്ക് മാര്‍പാപ്പയുടെ സന്ദര്‍ശനം ബുദ്ധിമുട്ടുണ്ടാക്കിയിരിക്കണം’, ‘മാര്‍പാപ്പ ചെയ്യുന്നത് എല്ലാം പബ്ലിസിറ്റിക്ക് വേണ്ടിയാണ്’…

കൊറോണ വൈറസ് അതീവഗുരുതരമായി പരക്കുന്ന ഈ അവസരത്തില്‍ വത്തിക്കാനിലിരുന്നുകൊണ്ട് ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കുന്ന മാര്‍പാപ്പയെ എന്തിനാണ് ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് തള്ളിവിടുന്നത്. ലോകത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുളള സ്വീകാര്യത എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അദ്ദേഹത്തിനെ കുറ്റപ്പെടുത്താന്‍ ഒരവസരം നോക്കിയിരിക്കുന്നവരും ഉണ്ട് എന്നതാണ് സത്യാവസ്ഥ. അതിന് ഏറ്റവും വലിയ ഉദാഹരണമാണല്ലോ കുറച്ചു നാളുകള്‍ക്ക് മുമ്പ് മാര്‍പാപ്പയുടെ പേരിലിറങ്ങിയ ഒരു ഫേക്ക് വീഡിയോ(ഈ പോസ്റ്റിന്റെ കൂടെ അതും ചേര്‍ക്കുന്നു).

വാര്‍ത്തകള്‍ പങ്കുവെയ്ക്കുന്നതിനുമുമ്പ് അതിന്റെ സ്രോതസ് (source) തിരിച്ചറിയുക, അത് എഴുതിയ തീയതി മനസ്സിലാക്കുക (Date of publication), കടപ്പാട്(courtsey) കൊടുക്കേണ്ടവര്‍ക്ക് കൊടുക്കുക, ഇത് മാധ്യമധര്‍മ്മത്തിലെ ഏറ്റവും അടിസ്ഥാനപരമായ ചില കാര്യങ്ങളാണ്. ഇവ മാധ്യമപ്രവര്‍ത്തകര്‍ മാത്രല്ല, സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന എല്ലാവരും ശ്രദ്ധിക്കേണ്ടവയാണ്, കാരണം ഇന്ന് ഓരോ വ്യക്തിയും ചെറിയ തോതിലെങ്കിലും വാര്‍ത്ത സൃഷ്ടിക്കുന്നവരാണ്(content generators), വെറും വായനക്കാരോ ഉപഭോക്താക്കളോ (consumers) മാത്രമല്ല.

കടപ്പാട്: ചിത്രം – Familia Cristiana

ഫാ. മാത്യു ( ജിന്റോ) മുര്യങ്കരിച്ചിറയില്‍