പരിശുദ്ധ മറിയത്തെപ്പോലെ സന്തോഷമനുഭവിക്കാന്‍ ലോകമെമ്പാടുമുള്ള യുവജനങ്ങളെ ക്ഷണിച്ച് ബിഷപ്പ് അന്റോണിയോ മൊയ്തേയ്‌റോ

ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടതായി തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷമനുഭവിച്ച പരിശുദ്ധ കന്യകാമറിയത്തെപ്പോലെ, തിരഞ്ഞെടുക്കപ്പെട്ടവരുടെ സന്തോഷമനുഭവിക്കാന്‍ ലോകമെമ്പാടുമുള്ള യുവാക്കളെ ക്ഷണിച്ച് ബിഷപ്പ് അന്റോണിയോ മൊയ്തേയ്‌റോ. 1917 സെപ്റ്റംബര്‍ 13 -ന് ഫാത്തിമയില്‍ പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടതിന്റെ വാര്‍ഷികത്തില്‍ ഫാത്തിമയിലേക്കുള്ള അന്താരാഷ്ട്ര തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 12 -ന് വൈകുന്നേരം ജപമാലയര്‍പ്പണത്തിനു ശേഷം നടന്ന വിശുദ്ധ ബലിമദ്ധ്യേ അവെയ്റോ രൂപതയുടെ മെത്രാന്‍ ബിഷപ്പ് മൊയ്തേയ്‌റോ, പരിശുദ്ധ അമ്മയെയും ഫാത്തിമയിലെ ഇടയബാലരെയും പോലെ ദൈവത്താല്‍ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെടുന്നതിന്റെ സന്തോഷം അനുഭവിക്കാന്‍ ലോകമെമ്പാടുമുള്ള എല്ലാ യുവജനങ്ങളോടും ആഹ്വാനം ചെയ്തു.

ദൈവത്തിന്റെ വലിയ ദാനമായ വിളിലഭിച്ച പരിശുദ്ധ ‘അമ്മ, തന്റെ ആദ്യപ്രതികരണമായി ചെയ്യുന്നത് ക്രിസ്തുവിനെ സ്വീകരിക്കാനും സേവിക്കാനും മുന്നോട്ടിറങ്ങുകയായിരുന്നു എന്നും മറിയം തന്റെ ജീവിതത്തില്‍ ദൈവഹിതം നിറവേറാന്‍ തയ്യാറാകുക മാത്രമല്ല, ദൈവത്തിന്റെ ആഗ്രഹമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മറ്റുള്ളവരെ നയിക്കുക കൂടി ചെയ്യുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഫാത്തിമയിലെ ഇടയബാലന്മാര്‍ തങ്ങളെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കാമെന്ന് പരിശുദ്ധ അമ്മയ്ക്ക് നല്‍കിയ വാഗ്ദാനം ഓരോ ക്രിസ്ത്യാനിയുടെയും പ്രേരകശക്തിയായിരിക്കണമെന്നും തന്റെ പ്രസംഗത്തില്‍ ബിഷപ് മൊയ്തേയ്‌റോ പറഞ്ഞു. ഓരോ തീര്‍ത്ഥാടനവും ഒരുമിച്ചുള്ള ഒരു യാത്രയായിരിക്കണമെന്നും അത് മറ്റുള്ളവരിലേക്ക് തുറവിയുള്ളവരാകാനും അവരെ ശ്രവിക്കുവാനും ജീവിതം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും നമ്മെ സഹായിക്കണമെന്നും പറഞ്ഞ അദ്ദേഹം, എന്നാല്‍ തീര്‍ത്ഥാടനം ദൈവസ്തുതിയുടെ ഒരു നിമിഷമാണെന്നും ദൈവഹിതത്തിലേക്ക് ധൈര്യത്തോടെയും സന്തോഷത്തോടെയും സ്വയം തുറക്കാനുള്ള പ്രചോദനമാകട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.