ഫാത്തിമയിലെ ലൂസിയയുടെ നാമകരണ നടപടികള്‍ക്കായി 15,000 പേജുള്ള സാക്ഷ്യങ്ങൾ

ഫാത്തിമയിലെ പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായ സി. ലൂസിയായയുടെ നാമകരണ നടപടികൾ 2008 -ൽ  ആരംഭിച്ചിരുന്നു. ഇതേ തുടർന്ന് ലൂസിയായുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുതങ്ങൾ ശേഖരിക്കുവാൻ തുടങ്ങിയിരുന്നു.  ശേഖരിച്ച തെളിവുകളുടെ എണ്ണം നാമകരണ നടപടികൾക്ക്  നേതൃത്വം നൽകിയ അധികൃതരെ പോലും അത്ഭുതപ്പെടുത്തി. കാരണം അവയെല്ലാം കൂടി കൂട്ടിയാൽ ഏകദേശം പതിനയ്യായിരത്തിൽ ഏറെ വരും.

ഈ കത്തുകൾ എല്ലാം വിലയിരുത്തുവാൻ ഏകദേശം എട്ടു വർഷത്തോളം എടുക്കും എന്നും ഇതിൽ അറുപതോളം ആളുകളുടെ വ്യക്തിപരമായ അനുഭവങ്ങളും സാക്ഷ്യങ്ങളും  ഇതിൽ ഉൾപ്പെടുന്നു എന്നും കോംബ്രേയിലെ ബിഷപ്പ് വിർഗിലിയോ ആന്റ്യൂൻസ് പറയുന്നു. കോയിംബ്രയിലെ ലൂസിയാസ് കോൺവെന്റിൽ ഒരു ചടങ്ങിനിടെ പ്രദർശിപ്പിച്ച ഈ കത്തുകൾ അതിനു ശേഷം റോമിലെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന് കൈമാറി. ഈ കത്തുകൾ ഫ്രാൻസിസ് പാപ്പ പരിശോധിച്ച് ബോധ്യപ്പെട്ടാൽ നാമകരണ നടപടികൾ  അടുത്ത ഘട്ടത്തിലേക്കു കടക്കും.

മാതാവിന്റെ പ്രത്യക്ഷീകരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫാത്തിമായിലെ മരിയൻ സംഭവം. 1917 മേയ് 13-ന് ഫ്രാൻസിസ്കോ, ജസീന്ത, ലൂസിയ എന്നിവർ കൊന്ത ചൊല്ലി പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് മാതാവ് പ്രത്യക്ഷപ്പെടുന്നത്. തുടർന്ന് ഒക്ടോബർ മാസം വരെയുള്ള എല്ലാ പതിമൂന്നാം തിയതികളിലും മാതാവിന്റെ പ്രത്യക്ഷപ്പെടലുകൾ ഉണ്ടായി. മനസ്തപിക്കുവാനും അനേകരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുവാനും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഈ പ്രത്യക്ഷപ്പെടലുകൾ ഒക്കെ.

മരിയൻ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു ഫ്രാൻസിസ് പാപ്പ ഫാത്തിമ സന്ദർശിച്ചിരുന്നു. വളരെ ചെറിയ പ്രായത്തിൽ മരിച്ച ഫ്രാൻസിസ്‌കോയെയും ജസീന്തയെയും 2000 ൽ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു. 2005 ൽ തന്റെ തൊണ്ണൂറ്റിയെഴാം വയസിലാണ് സി. ലൂസിയാ  മരിക്കുന്നത്. 2008 ഓടെ ലൂസിയയുടെ നാമകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.