ജപമാല മധുരം ഒക്ടോബർ 21: ഫാത്തിമാജപം

ഫാത്തിമാജപം

ഫാ. അജോ രാമച്ചനാട്ട്

“ഓ എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ. നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങ് സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗത്തിലേക്ക് ആനയിക്കേണമെ.”

വാഴ നനഞ്ഞോട്ടെ, കൂടെ ചീരയും..

1916 മുതൽ പോർച്ചുഗലിലെ ഫാത്തിമയിൽ നടക്കുന്ന പരി. കന്യാമാതാവിൻെറ പ്രത്യക്ഷപ്പെടലുകളെപ്പറ്റി അറിവുള്ളതാണല്ലോ. ഫാത്തിമയിൽ നൽകപ്പെട്ട അഞ്ച് ജപങ്ങൾ ആണ് ഫാത്തിമപ്രാർത്ഥനകൾ എന്നറിയപ്പെടുന്നത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഫാത്തിമജപം എന്ന പേരിൽ അറിയപ്പെടുന്ന, ജപമാലയും ഉൾപ്പെടുത്തിയിട്ടുള്ള, ഓരോ രഹസ്യത്തിന്റെയും ഇടയിൽ ചൊല്ലുന്ന പ്രാർത്ഥന.

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടിയാണ് പ്രധാനമായും ഈ ജപം. 1916 – ൽ സ്വർഗം ഭൂമിയ്ക്ക് പരി. അമ്മവഴി നൽകിയ ഉൾക്കാഴ്ചയാണ്, ശുദ്ധീകരണസ്‌ഥലത്തിലെ ആത്മാക്കൾക്ക് നമ്മുടെ പ്രാർത്ഥന ആവശ്യമുണ്ടെന്ന് !

നിയോഗങ്ങളൊക്കെ വയ്ക്കും നമ്മൾ. പക്ഷേ അവയൊക്കെ എന്റെ വീട്, എന്റെ ആരോഗ്യം, എന്റെ മക്കൾ, എന്റെ ഭാവി… അങ്ങനെ പോവുന്ന ആഗ്രഹങ്ങൾ മാത്രം. എനിക്ക് പുറമേ മറ്റൊരാൾക്ക് ദൈവകൃപ ആവശ്യമുണ്ടെന്ന് ചിന്തിക്കാനേ നമുക്ക് കഴിയുന്നില്ല !

ഫാത്തിമജപം ഓർമ്മപ്പെടുത്തുന്നത് എന്താണ്? വാഴ നനഞ്ഞോട്ടെ, ഒപ്പം ചില ചീരകളും കൂടി നനയാനുണ്ടെന്ന് !
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ നമ്മുടെ പരിഗണന ലഭിക്കാത്തവരിൽ ഒന്നു മാത്രം. ഈ ഭൂമിയിൽ തന്നെ നമ്മുടെ സ്നേഹവും, കരുതലും, പ്രാർത്ഥനയും ആവശ്യമുള്ള എത്രയോ പേരുണ്ട്, നമുക്കു ചുറ്റും !

ചെറിയ ചെറിയ പരിഗണനകൾ മതി, ചില മനുഷ്യർക്ക്. അവരങ്ങു നിലനിന്നു പൊക്കോളും. ഒന്നിനോടും നിർബന്ധങ്ങളില്ലാത്ത, ചെറിയ സ്വപ്നങ്ങളുമായി ജീവിക്കുന്ന ഒരുപാട് മനുഷ്യർ ഇൗ ഭൂമിയിലുണ്ട്.

ദൈവമേ, ഞങ്ങളുടെ അറിവില്ലായ്മ കൊണ്ട് വാടിപ്പോയ കുഞ്ഞു ചീരച്ചെടികളെ യോർത്ത് മാപ്പ്, ഹൃദയത്തിൽനിന്ന്.

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവ്വം..

ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ