അച്ഛ(ച്ച)ൻമാരുടെ ധർമ്മസങ്കടങ്ങൾ

”ഇന്നു ഫാദറിനെ കണ്ടിട്ടു പോയാ മതിയച്ഛാ…” വൈകിട്ടു സ്കൂൾ കഴിഞ്ഞു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ വന്ന അച്ഛന്റെ കൈവിരൽത്തുമ്പിൽ പിടിച്ചു വലിച്ച് ഒന്നാം ക്ലാസുകാരി മാളവിക കൊഞ്ചാൻ തുടങ്ങി.

“മോളേ… ഫാദർ ഇന്നു നല്ല തിരക്കിലാ. എന്നും പോയി ബുദ്ധിമുട്ടിക്കുന്നതെന്തിനാ? നമുക്കു നാളെ വരുമ്പോ കാണാം.” മാളവികയുടെ അച്ഛൻ മടങ്ങിപ്പോകാൻ തിരക്കു കൂട്ടി.

”ഇല്ല… ഇല്ല… ഞാനിന്നു ഫാദറിനെ കണ്ടിട്ടേ വരൂ…” അസന്ദിഗ്ദമായി തന്റെ തീരുമാനം പ്രഖ്യാപിച്ച്, എന്റെ ഓഫീസിനു നേരെ പ്രതീക്ഷയോടെ നോക്കിക്കൊണ്ട്, അച്ഛന്റെ ബൈക്കിൽ കയറാതെ അവൾ പിണങ്ങി അൽപ്പം മാറി നിന്നു.

“എങ്കിൽ നീ തന്നെ പോയിട്ടു വാ. ഞാനിവിടെ നിൽക്കാം” അവളുടെ അച്ഛന്റെ ശബ്ദം കനത്തു.

“അതു പറ്റില്ല… അച്ഛനും കൂടി വരണം…” ദേഷ്യവും സങ്കടവും കലർന്ന മുഖം ഇരുവശത്തേക്കും വെട്ടിച്ചു കൊണ്ട് അവൾ അയാളുടെ ഷർട്ടിൽ പിടിച്ചു വലിക്കാൻ തുടങ്ങി.

“എന്താ മാളൂ ഇത്… ഇങ്ങനെ നിർബന്ധം പിടിക്കല്ലേ… തീരെ ചെറിയ കുട്ടിയാന്നാ വിചാരം?” മറ്റുള്ളവർ ശ്രദ്ധിക്കുന്നതു കണ്ടപ്പോൾ അയാൾക്കു ചെറുതായി ദേഷ്യം വരാൻ തുടങ്ങിയിരുന്നു.

ഒടുവിൽ അവളുടെ നിർബന്ധത്തിനു വഴങ്ങി, ബൈക്ക് മുറ്റത്തൊരു കോണിൽ ഒതുക്കി വച്ച്, അയാൾ അവളെയും കൂട്ടി എന്റെ ഓഫീസിലേക്കു നടന്നു.

ചുരുങ്ങിയ അനുഭവത്തിന്റെ മങ്ങിയ വെളിച്ചത്തിൽ പറയട്ടെ, സ്കൂളിൽ ഏറ്റവും ചെറിയ കുട്ടികളാണ് ഏറ്റവും വേഗത്തിൽ എന്നെ ഇഷ്ടപ്പെടാനും ഭയപ്പെടാനും തുടങ്ങിയത്. അതിനു കാരണങ്ങൾ പലതുണ്ടായിരുന്നു.

ഒന്നാമത്തേത് കാഴ്ചയിലുള്ള പ്രത്യേകത തന്നെയാണ്. സ്വന്തം അമ്മയെപ്പോലെ സാരിയുടുത്ത ടീച്ചർമാരിലും അച്ഛനെപ്പോലെ വസ്ത്രം ധരിക്കുന്ന ഗൗരവക്കാരായ മാഷുമ്മാരിലും അവർക്കെന്തു പുതുമ തോന്നാനാണ്! എന്നാൽ കഴുത്തു മുതൽ പാദം വരെയെത്തുന്ന, അലക്കിത്തേച്ച് പളപളാ മിന്നുന്ന, തൂവെള്ളക്കുപ്പായത്തിന്റെ ഊടും പാവും താളവും വേഗവുമൊക്കെ ആ കുഞ്ഞിക്കണ്ണുകളിലും ഇളം മനസ്സിലും കൗതുകം ജനിപ്പിക്കാൻ പോന്നതാണ്. അങ്ങനെ അധികം പേരെ കണ്ടിട്ടുണ്ടാവില്ലല്ലോ പാവം കുഞ്ഞുങ്ങൾ!

ഒരുപക്ഷേ മുത്തശ്ശിക്കഥകളിലോ കാർട്ടൂൺ പരമ്പരകളിലോ മാത്രം കണ്ടിട്ടുള്ള മന്ത്രവാദികളെയോ മാലാഖമാരെയോ സാന്താക്ലോസുമാരെയോ സർക്കസിലെ വ്യത്യസ്തരായ കോമാളികളെയോ ഒക്കെ ഒരു വൈദികന്റെ വേഷഭൂഷാദികളിൽ അവർ ഓർമ്മിച്ചെടുത്തേക്കാം. ആ ഓർമ്മയിൽ നിന്നാവണം ഇത്തിരി ഇഷ്ടങ്ങൾ വളരുന്നത്. അതിരുകളില്ലാത്ത ഭാവനയുടെ ലോകത്ത് അവർ മേഞ്ഞുനടക്കട്ടെ!
രണ്ടാമത് കുഞ്ഞുങ്ങളുടെ മനസ്സിൽ ഒരു ‘ഫാദർ ഫിഗർ’ സൃഷ്ടിക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക് ‘ശ്ലാഘനീയ’മാണ് എന്നു പറയാതെ വയ്യ! സ്കൂൾ മാനേജരോ പ്രിൻസിപ്പലോ ആയ ഫാദർ, ക്ലാസിൽ വരുമ്പോഴും പോകുമ്പോഴും എന്തു ചെയ്യണം, എന്തു പറയണം, എങ്ങനെ പെരുമാറണം, എങ്ങനെ നോക്കണം, എങ്ങനെ ഇരിക്കണം തുടങ്ങി ഒട്ടനേകം ചോദ്യോത്തരങ്ങൾ നിരന്തരം കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ കഠിനാധ്വാനം ചെയ്യുന്ന അധ്യാപകരെ കാണുമ്പോൾ കണ്ണുനിറഞ്ഞു പോകും! പിന്നെ ക്ലാസിൽ വരുന്ന ഫാദറിനോട് അധ്യാപകർ പ്രകടിപ്പിക്കുന്ന അതിഭാവുകത്വം കലർന്ന സ്നേഹ വിനയപ്രകടനങ്ങൾ കാണുന്ന കുഞ്ഞുങ്ങൾ കണ്ണുമിഴിക്കും. ‘കടുവയെ പിടിക്കുന്ന കിടുവയാണല്ലോ’ ഈ ഫാദർ എന്നോർത്ത് അവരുടെ ‘തബുളാ റാസാ’ ഹൃദയത്തിൽ അദ്ഭുതാദരവുകൾ കരകവിഞ്ഞൊഴുകും.

അടുത്ത രംഗം വീട്ടിലാണ്. വീട്ടിൽ ‘കുത്തിയിരുന്നു’ പഠിക്കാതെ, കുസൃതി കാട്ടി, അലഞ്ഞു നടക്കുന്ന കുട്ടിയെ ചില മാതാപിതാക്കളെങ്കിലും വിരട്ടുന്നത് സ്കൂളിൽ പോയി ഫാദറിനോടു പറയുമെന്ന ഭീഷണി മുഴക്കിയാണ്. ചിലപ്പോഴൊക്കെ അതു ഫലം കാണാറുമുണ്ട്.

പിന്നെ സ്കൂളിലെ സുപ്രീം കോടതിയാണ് ഫാദറിന്റെ ഓഫീസ്! നിലവിലുള്ള നിയമങ്ങൾക്കെല്ലാം മാനുഷിക പരിഗണന മുൻനിർത്തി, ദയവോടെ പഴുതുകൾ അനുവദിക്കാൻ കടപ്പെട്ട ആളെന്ന നിലയിൽ, കാരുണ്യത്തിന്റെ മൂർത്തീമദ്ഭാവമായിരിക്കണം ‘ഫാദർ’ എന്നാണ് മാതാപിതാക്കളുടെ ഒരു ‘ആഗ്രഹം’! അതുകൊണ്ടു തന്നെ അധ്യാപകരുടെ കീഴ്ക്കോടതികളിൽ പരാജയപ്പെട്ട കേസുകൾക്ക് അപ്പീൽ പോകുന്നത് അവിടെയാണ്.

ചുരുക്കത്തിൽ എന്തിനും ഏതിനും ഒരവസാന വാക്കു പറയാൻ വിധിക്കപ്പെട്ട ഫാദർ ഒരു ‘സംഭവം’ തന്നെയാണ് കൊച്ചു കുഞ്ഞുങ്ങൾക്ക്!

എന്നാൽ മാളവികയ്ക്ക് എന്നോട് സ്നേഹം തോന്നിയതിന് മറ്റൊരു കാരണമുണ്ട്. അതൊരൽപ്പം ‘മധുര’മുള്ള കഥയാണ്! മിക്ക ദിവസങ്ങളിലും ക്ലാസുകളിൽ നടത്തപ്പെടുന്ന ലഘുവായ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വിതരണം ചെയ്യപ്പെട്ടിരുന്ന മിഠായികളുടെ ഒരു നല്ല ഭാഗം, മാനേജർ എന്ന പരിഗണനയിൽ മുടങ്ങാതെ എനിക്കും ലഭിക്കാറുണ്ടായിരുന്നു. കുപ്പായക്കീശയിൽ കുന്നുകൂടിക്കിടന്നിരുന്ന ആ മധുരമിഠായികൾ, മുന്നിൽ എന്തെങ്കിലുമൊക്കെ ആവശ്യങ്ങൾക്കു വന്നെത്തുന്ന കുട്ടികൾക്കു വിതരണം ചെയ്ത്, ‘കുഞ്ഞുങ്ങളോടു സ്നേഹമുള്ള ഫാദറെ’ന്നെ സൽപ്പേരു സമ്പാദിക്കാൻ ഞാൻ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുമായിരുന്നു.
മാളവികയുടെ അച്ഛൻ എന്റെ ഒരു സുഹൃത്തായിരുന്നതിനാൽ മിക്ക ദിവസങ്ങളിലും ഞങ്ങൾ തമ്മിൽ കാണുമായിരുന്നു; കാണുമ്പോഴൊക്കെ ഉപചാരമര്യാദയുടെ പേരിൽ മാളുവിന് കൈനിറയെ മിഠായികളും ഞാൻ നൽകാറുണ്ടായിരുന്നു! എന്റെയടുക്കൽ വന്നാൽ മിഠായികൾ കിട്ടുമെന്ന തിരിച്ചറിവാണ് അവൾക്ക് എന്റെയടുക്കൽ വീണ്ടും വീണ്ടും വരാൻ പ്രേരണയായത്.

കുഞ്ഞിക്കൈ തുറന്ന് മിഠായികൾ വാങ്ങുമ്പോൾ ആ മിഴികൾ സന്തോഷം കൊണ്ടു വിടർന്നിരുന്നു. ആത്മാർത്ഥമായൊരു പുഞ്ചിരി സമ്മാനിച്ച് അച്ഛനൊപ്പം മടങ്ങുമ്പോൾ നിഷ്ക്കളങ്കയായ ഒരു മാലാഖയുടെ മുഖമായിരുന്നു അവൾക്ക്. ആ ദിവസത്തിന്റെ എല്ലാ കുഞ്ഞു സങ്കടങ്ങളും മറക്കാൻ ആ മിഠായികൾ അവൾക്കു ധാരാളം മതിയായിരുന്നു.

അന്ന് മാളവികയും അച്ഛനും എന്നെ കാണാനെത്തുമ്പോൾ ഞാൻ ഓഫീസിന്റെ മുറ്റത്തു തന്നെയുണ്ടായിരുന്നു. എന്നെക്കണ്ട് അവൾ അച്ഛന്റെ കൈവിട്ട് ഓടിവന്നു. മേശപ്പുറത്ത് പതിവുപോലെ കുറെ മിഠായികൾ അവൾക്കായി ഞാൻ കരുതി വച്ചിരുന്നു. മിഠായികളെടുക്കാൻ അവൾ എനിക്കൊപ്പം മുറിയിലേക്കു വന്നു. മലർക്കെ തുറന്നു കിടന്ന വാതിലിനു പുറത്ത് മാളവികയുടെ അച്ഛൻ മറ്റാരോടോ അടക്കിയ ശബ്ദത്തിൽ കുശലം പറയുകയാണ്. വാതിൽപ്പഴുതിലൂടെ ഞാൻ ഒരിക്കലും കേൾക്കരുതായിരുന്ന ഒരു ഫലിതം, ഒരു പരിഹാസച്ചിരിയുടെ അകമ്പടിയിൽ, പാതി മുറിഞ്ഞ് എന്റെ കാതിലേക്കു വീണു.

“മോളകത്തുണ്ട്. ഞാനങ്ങോട്ടു ചെല്ലട്ടെ. ഫാദറാണെങ്കിലും വിശ്വസിക്കാൻ പറ്റില്ല. സൂക്ഷിക്കണം…!”

ആലില പോലെ വിറച്ച എന്റെ നീട്ടിയ കരങ്ങളിൽ നിന്ന് മിഠായികൾ കവർന്നെടുത്ത്, പൊട്ടിച്ചിരിച്ച് മാളവിക പുറത്തേക്കോടി. രണ്ടായി കീറി മുറിഞ്ഞു രക്തം കിനിഞ്ഞ എന്റെ ഹൃദയത്തിലേക്ക് പിന്നീടൊരിക്കലും അവൾക്കു തിരിച്ചു വരാൻ കഴിഞ്ഞില്ല!

(പേരുകൾ സാങ്കൽപ്പികവും അനുഭവം വ്യക്തിപരവുമാണ്. സാമാന്യവത്കരിക്കുന്നത് ഉചിതമല്ല)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.