ഫിലിപ്പീൻസിൽ രോഗികൾക്ക് മരുന്നിനൊപ്പം ഈശോയെ പകർന്ന് ഒരു മലയാളി വൈദികൻ

സി. സൗമ്യ DSHJ

ഒരു കത്തോലിക്കാ രാജ്യമാണ് ഫിലിപ്പീൻസ്. വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടാൻ ആഗ്രഹിക്കുന്ന, തീക്ഷണതയുള്ള ഒരു സമൂഹമാണ് ഇവിടെ ഉള്ളത്. അവിടെ ക്ലിനിക്കൽ സൈക്കോളജിയിൽ എം എ പഠിക്കുന്ന മലയാളിയായ ഒരു വൈദികനുണ്ട് – ഫാ. സെബാസ്റ്റ്യൻ പോളേത്തറ MCBS. എന്നാൽ, അദ്ദേഹം പഠനത്തോടൊപ്പം അവിടുത്തെ തന്നെ വലിയ ആശുപത്രികളിൽ ഒന്നായ മക്കാത്തി മെഡിക്കൽ സെന്ററിൽ ചാപ്ലയിനായും ശുശ്രൂഷ ചെയ്യുന്നു. രോഗികൾക്ക് മരുന്നിനൊപ്പം ഈശോയേയും പകർന്നു നല്കാൻ ശ്രമിക്കുകയാണ് ഈ വൈദികൻ.

മക്കാത്തി മെഡിക്കൽ സെന്ററിൽ ചാപ്ലയിനായ, ഫാ. സെബാസ്റ്റ്യൻ യാഥാർത്ഥത്തിൽ ഇരുപത്തിനാല് മണിക്കൂറും സേവന സന്നദ്ധനാണ്. രോഗീലേപന ശുശ്രൂഷക്കായോ കുമ്പസാരത്തിനായോ തന്നെ സമീപിക്കുന്ന ആരെയും അദ്ദേഹം നിരാശപ്പെടുത്തി അയക്കാറില്ല. രോഗീലേപനം കൊടുക്കുവാനോ മറ്റ് കൂദാശകൾ സ്വീകരിക്കുവാനോ ആയി പകലും രാത്രിയും ആളുകൾ സമീപിക്കാറുണ്ട്. രോഗികൾക്കായുള്ള ഇത്തരം ആവശ്യങ്ങൾക്ക് അച്ചൻ ഏതുസമയവും  റെഡിയാണ്.

എല്ലാ ദിവസവും മൂന്ന് വിശുദ്ധ കുർബാന ഉണ്ടാകാറുണ്ട് ഇടവക ദൈവാലയത്തിൽ. ഇപ്പോൾ കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് രണ്ടു കുർബാനകൾ മാത്രമേ ഉള്ളൂ. ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ ആശ്രയകേന്ദ്രമാണ് അനുദിനമുള്ള ഈ വിശുദ്ധ കുർബാന. അവർ ഒത്തിരി വിശ്വാസത്തോടെയാണ് വി. കുർബാനയിൽ പങ്കെടുക്കുകയും കുർബാന സ്വീകരിക്കുകയും ചെയ്യുന്നത്. ഇടയ്ക്കിടയ്ക്ക് കുമ്പസാരിക്കുകയും ചെയ്യും. അങ്ങനെ എല്ലാവിധത്തിലും വിശ്വാസ ജീവിതത്തോട് വളരെയധികം ആഭിമുഖ്യം പുലർത്തുന്ന ഒരു വിശ്വാസ സമൂഹമാണ് ഇവിടെയുള്ളത്. മരിച്ചശേഷം അവസാന ആശീർവാദം എന്ന ഒരു രീതിയും ഇവരുടെ ഇടയിലുണ്ട്. മരിച്ച വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരു ചടങ്ങാണിത്.

മരിക്കാറായ രോഗികൾക്ക് രോഗീലേപന കൂദാശ സ്വീകരിക്കുവാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നു. അതോടൊപ്പം തന്നെ അവരെ കുമ്പസാരത്തിനും ഒരുക്കുന്നു. ഡോക്ടർ മരണം ഉറപ്പ് പറഞ്ഞിട്ടുള്ളവരെ നല്ല കുമ്പസാരത്തിനും മരണത്തിനുമായി ഒരുക്കുന്നു. കൂദാശകൾ സ്വീകരിച്ച് സന്തോഷത്തോടെ മരിക്കുവാൻ അവരെ മാനസികമായി ഒരുക്കുന്നു. കാരണം പലർക്കും മരണത്തെ ഭയമാണ്. ഇങ്ങനെ മരണത്തിനായി ആത്മീയമായും മാനസികമായും ഒരുങ്ങുന്നവർ ‘ഇനി മരിക്കാം, ഞാൻ തയ്യാറാണ്‌’ എന്ന ഒരു മനോഭാവത്തിലേക്ക് പോസിറ്റീവായ  രീതിയിൽ സജ്ജമാകും. കാരണം, അവർ തങ്ങളുടെ രോഗാവസ്ഥയെ ഓർത്ത് വേദനയിലൂടെയും വിഷമത്തിലൂടെയും കടന്നു പോകുന്നവരും മരണഭയം പേറി ജീവിക്കുന്നവരുമായിരുന്നു അന്നുവരെ. ഈ ഒരു സന്തോഷം, മരണത്തിന് ഒരുക്കിയ രോഗികളുടെ മുഖത്ത് നിന്നും സംസാരത്തിൽ നിന്നും വ്യക്തമാകുമ്പോൾ ഒരു വൈദികനെന്ന നിലയിൽ കൂടുതൽ അഭിമാനം തോന്നിയിട്ടുണ്ടെന്നും സെബാസ്ററ്യൻ അച്ചൻ പറയുന്നു.

ഒരു സംഭവം അച്ചൻ വിവരിച്ചു. “അഞ്ചു മക്കളുള്ള 39 വയസുള്ള ഒരു സ്ത്രീ കാൻസർ ബാധിതയായി. മരണത്തിന് ദിവസങ്ങൾ മാത്രമേ ഡോക്ടർമാർ പറഞ്ഞിട്ടുള്ളു. ഈ ഒരു അവസ്ഥയിൽ മാനസികമായി ആ സ്ത്രീ മരിക്കാൻ തയ്യാറല്ലായിരുന്നു. തന്റെ കുഞ്ഞു മക്കളുടെ കൂടെ ജീവിച്ച് കൊതി തീർന്നിട്ടില്ലായിരുന്നു ആ അമ്മയ്ക്ക്. ഈ സാഹചര്യത്തിൽ അവർക്ക് രോഗീലേപനം കൊടുത്തു. ആ അമ്മയോട് സംസാരിച്ചു. അപ്പോൾ അവർക്ക് കിട്ടിയത് വലിയ ഒരു സ്വാതന്ത്ര്യം ആയിരുന്നു. അതിനെക്കുറിച്ച് പിന്നീട് അവർ പങ്കുവെക്കുകയും ചെയ്‌തു. അതിന് ശേഷം ഒത്തിരി സന്തോഷത്തോടെയാണ് ഈ സഹോദരി മരിച്ചത്.” -ഫാ. സെബാസ്ററ്യൻ പറയുന്നു.

രോഗീലേപനം സ്വീകരിച്ച ശേഷം ആ സ്ത്രീയുടെ ബന്ധുക്കളും അവർക്കുണ്ടായ മാറ്റത്തെക്കുറിച്ച് അച്ചനോട് സംസാരിക്കുകയുണ്ടായി. മരിക്കാൻ ഭയപ്പെട്ടിരുന്ന ആ സ്ത്രീ മരണ സമയം വളരെ സന്തോഷത്തോടെയാണ് കാണപ്പെട്ടത് എന്ന്. ഇപ്രകാരം, വിശ്വാസമുള്ള ഒരു കൂട്ടം നല്ല മനുഷ്യരെ ഈ സമൂഹത്തിൽ കണ്ടെത്തുവാൻ കഴിഞ്ഞു. കോവിഡിന്റെ ഈ സാഹചര്യത്തിലും അന്തിമ ആശീർവാദം ഓൺലൈൻ വഴിയായി കൊടുക്കുന്നുണ്ട് അച്ചൻ. വിശുദ്ധ കുർബാനയെ കുറിച്ചും കൂദാശകളെക്കുറിച്ചുമൊക്കെ വലിയ ആദരവും ബഹുമാനവും വിശ്വാസവും വച്ചുപുലർത്തുന്ന ഒരു സമൂഹമാണ് ഇവിടെയുള്ളത്.

എല്ലാ ദിവസവും മുടങ്ങാതെ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്ന നിരവധി ഡോക്ടർമാരും ഇവിടെയുണ്ട്. അത് വളരെ എടുത്ത് പറയേണ്ട ഒരു പ്രത്യേകതയായി അച്ചൻ കാണുന്നു. കാരണം, പലപ്പോഴും ഇവിടുത്തെ ഡോക്ടർമാർ ചികിത്സയോടൊപ്പം തന്നെ രോഗികൾക്ക് പ്രാർത്ഥനയും സൗഖ്യം നൽകുന്ന ഒന്നാണെന്ന് തിരിച്ചറിഞ്ഞവർ ആണ്. സീരിയസായ രോഗികൾക്ക് രോഗീലേപനം കൊടുക്കുവാൻ ബന്ധുക്കൾ ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ ഡോക്ടർമാർ ആവശ്യപ്പെടുന്ന കാഴ്ചയാണ് ഇവിടെ കാണുവാൻ കഴിയുന്നത്. ഡോക്ടർമാർ തന്നെ നേരിട്ട് അച്ചനെ വിളിച്ചു രോഗീലേപനം ആവശ്യപ്പെടുന്ന സാഹചര്യമാണ് ഇവിടുത്തെ ഒരു പ്രത്യേകത. 

ഒരിക്കൽ വിശ്വാസമില്ലാത്ത ഒരു മനുഷ്യൻ ആശുപത്രിയിൽ അഡ്മിറ്റായി. രോഗീലേപനം കൊടുക്കുവാനായി അദ്ദേഹത്തിന്റെ സഹോദരി സെബാസ്റ്റ്യൻ അച്ചനോട് ആവശ്യപ്പെട്ടു. അച്ചൻ പോകുവാൻ തയ്യാറെടുക്കുന്നതിടെ മറ്റൊരു കാര്യവും കൂടി അവർ സൂചിപ്പിച്ചു. “അച്ചാ, അദ്ദേഹത്തിന് ഒട്ടും ദൈവവിശ്വാസം ഇല്ല. അച്ചൻ അദ്ദേഹത്തിന് രോഗീലേപനം കൊടുക്കുമ്പോൾ ചിലപ്പോൾ മോശമായ രീതിയിൽ അദ്ദേഹം പെരുമാറും.” അച്ചൻ ഈ രോഗിക്ക് വി. കുർബാന കൊടുക്കുവാൻ തിരുവോസ്തിയുമായി ആശുപത്രിയിലേക്ക് ചെന്നു. മുറി തുറന്നപ്പോഴേ രോഗിയായ അദ്ദേഹത്തോട് അച്ചൻ പറഞ്ഞു “ഈശോ സ്നേഹിക്കുന്നുണ്ട്” എന്ന്. അദ്ദേഹത്തെക്കൊണ്ട് മറ്റ് വിശ്വാസപരമല്ലാത്ത കാര്യങ്ങൾ പറയുവാൻ അച്ചൻ അനുവദിച്ചില്ല. അദ്ദേഹത്തിന്റെ വിശേഷങ്ങൾ, രോഗ വിവരം എല്ലാം ചോദിച്ചറിഞ്ഞു. ഇടയ്ക്കിടയ്ക്ക് ‘ഈശോ സ്നേഹിക്കുന്നുണ്ട്, സ്നേഹിക്കുന്നുണ്ട്’ എന്നിങ്ങനെ പറയുകയും ചെയ്തു.

പിന്നീട്, അദ്ദേഹത്തോട് രോഗീലേപന ശുശ്രൂഷയുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞു. “ഈ കൂദാശ നമ്മുടെ പാപങ്ങൾ ക്ഷമിക്കും. രോഗത്തിൽ നിന്നും സൗഖ്യം തരും. അതിനാൽ, രോഗീലേപനം സ്വീകരിക്കാമോ? അദ്ദേഹം വേഗം തന്നെ സമ്മതിച്ചു. “ഞാൻ സ്വീകരിച്ചോളാം” എന്ന് മറുപടിയും പറഞ്ഞു. രോഗീലേപനം സ്വീകരിച്ചു. അങ്ങനെ ആ രോഗിക്കും സന്തോഷവും സമാധാനവും അനുഭവിക്കാൻ സാധിച്ചു. കൂദാശ പരികർമ്മം ചെയ്ത സെബാസ്റ്റ്യൻ അച്ചനും സന്തോഷം തോന്നി. പിന്നീട് വിളിച്ച് വിശേഷങ്ങൾ തിരക്കിയ സഹോദരിയും വിശ്വാസത്തിൽ നിന്നും അകന്നു ജീവിച്ച അയാൾ, സന്തോഷത്തോടെ രോഗീലേപനം സ്വീകരിച്ചു എന്ന് കേട്ട് അത്ഭുതപ്പെടുകയും ചെയ്തു.

ഫിലിപ്പീൻസിലെ വിശ്വാസ സമൂഹത്തോടൊപ്പം ആയിരിക്കുന്ന സെബാസ്റ്റ്യൻ അച്ചൻ, ഈ സമൂഹത്തിന്റെ കൂടെ ആയിരിക്കുന്നതിലും അവർക്ക് ആത്മീയ ശുശ്രൂഷ ചെയ്യുന്നതിലും സന്തോഷവാനാണ്. മരണാസന്നരായ രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും കൂദാശകൾ നൽകുവാനും ചിലപ്പോൾ ഒരു ദിവസത്തിൽ തന്നെ എട്ടോ പത്തോ പേരുവരെ ഉണ്ടാകും. ദൈവം തന്നെ ഇപ്പോൾ ഭരമേല്പിച്ചിരിക്കുന്ന ദൗത്യമാണ് ഇതെന്ന ബോധ്യത്തോടെ ഈ വൈദികൻ ഏതു സമയവും കർമ്മനിരതനാണ്.

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

  1. കാത്തോലിക്ക സഭക്ക് ഇത് പോലെ ഉള്ള പുരോഹിതർ ഒരു പുണ്യം ആണ്, ഇനിയും ധാ രാളം ആത്മാക്കളെ നേടാൻ ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.