തെരുവിന്റെ മക്കള്‍ക്ക് ദൈവസ്‌നേഹം പകര്‍ന്ന ആ വൈദികന്‍ ഇനിയില്ല

തെരുവിലെ കുട്ടികളില്‍ ദൈവത്തിന്റെ മുഖം ദര്‍ശിച്ച വന്ദ്യവൈദികനായിരുന്നു ആന്റണി തൈപ്പറമ്പില്‍. ഇന്ത്യയിലെ വിവിധ തെരുവുകളിലെ കുട്ടികള്‍ക്കായി ജീവിതം കാഴ്ചവെച്ച ഈ വൈദികന്‍ കര്‍ത്താവിന്റെ നിത്യസമ്മാനത്തിനായി യാത്രയായി.

സലേഷ്യന്‍ സഭംഗമായ ഫാ. ആന്റണി തൈപ്പറമ്പില്‍ തെരുവോരങ്ങളില്‍, സ്വപ്നം കാണുവാന്‍ കഴിയാതെ ഇരുളടഞ്ഞ അനേകം കുട്ടികളുടെ ജീവിതത്തിലേയ്ക്ക് പ്രകാശം പരത്തി. തെരുവിലെ കുട്ടികള്‍ക്കൊപ്പമാണ് അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ചിലവഴിച്ചത്. കുട്ടികളെ സ്‌നേഹിച്ച ആ വൈദികന്‍ ക്രിസ്തുവിന്റെ സ്‌നേഹം അനുഭവിക്കുവാന്‍ തെരുവിലെ കുട്ടികള്‍ക്കും അര്‍ഹതയുണ്ടെന്ന് പറഞ്ഞുകൊണ്ട് 33 വര്‍ഷമാണ് അവര്‍ക്കായി മാറ്റിവച്ചത്.

ഹൗറാത് റെയില്‍വേ സ്റ്റേഷനില്‍ ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുറേ കുട്ടികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നതോടെയാണ് അച്ചന്‍ തെരുവിലെ കുട്ടികള്‍ക്കായി തന്റെ ജീവിതം മാറ്റിവയ്ക്കുന്നത്. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ജീവിതം, ‘തെരുവിലെ കുട്ടികളുടെ പിതാവ്’ എന്ന പേര് അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തു. 80,000 ലധികം കുട്ടികളെ കൈപിടിച്ചു നേര്‍വഴിക്കു നടത്തുവാന്‍ ഈ പുണ്യപിതാവിനു കഴിഞ്ഞിരുന്നു.