ഇത് മനുഷ്യരുടെ അച്ചൻ: ഫാ. മാത്യു നൊറോണ

ചേർത്തല – ആലപ്പുഴ പ്രദേശങ്ങളിൽ ചെന്നാൽ അവിടങ്ങളിലെ വികസന പ്രവർത്തനങ്ങളിൽ പലയിടങ്ങളിലും ഫാ. മാത്യു നൊറോണ എന്ന വൈദികന്റെ അദൃശ്യകരം കാണാം. ജാതിമത ഭേദമന്യേ മനുഷ്യരുടെ വേദന അറിയാൻ അവരിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ ഓടി നടന്ന പുരോഹിതൻ. കാലത്തിനതീതമായി ലോകത്തിന് മുൻപിൽ കരുണയുടെ കാവലാകുവാൻ ഇന്നും അനേകരുണ്ട്. ഫാ. മാത്യു നൊറോണയുടെ ജീവിത വഴികൾ ഇത്തരത്തിലുള്ള ഒന്നാണ്.

ആലപ്പുഴ ജില്ലയിലെ കുന്നുമ്മ എന്ന പ്രദേശത്ത് വക്കീലായിരുന്ന ജോർജ് നൊറോണയുടെയും മേരി നൊറോണയുടെയും 11 മക്കളിൽ രണ്ടാമത്തെ മകനായി ജനിച്ച ഇദ്ദേഹം പിന്നീട് ആലപ്പുഴ രൂപതയ്ക്കുവേണ്ടി വൈദികനാകുവാൻ സെമിനാരിയിൽ ചേർന്നതും ദൈവനിയോഗത്തിൻ്റെ ഭാഗമായിരുന്നു. 1964 ൽ ബോംബെയിൽ വെച്ച് നടന്ന ദിവ്യകാരുണ്യ കോൺഫെറെൻസിൽ പങ്കെടുക്കുവാൻ എത്തിയ പോൾ ആറാമൻ മാർപാപ്പയിൽ നിന്നാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്. അതിനു ശേഷം 23 വർഷക്കാലം ചേർത്തലയിലുള്ള സെൻറ് മൈക്കിൾസ് കോളേജിന്റെ മാനേജരായി സേവനം ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കോളേജിനുള്ളിൽ മാത്രം ഒതുങ്ങി നിന്നില്ല. ആ പ്രദേശത്തിന്റെ സാമൂഹ്യപരമായ ഉന്നതിക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ട് അദ്ദേഹം തന്റെ പ്രവർത്തന മേഖല വ്യാപിപ്പിച്ചു.

അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ആ പ്രദേശത്തെ വലിയ സാമൂഹിക മാറ്റത്തിലേക്കാണ് നയിച്ചത്. അച്ചന്റെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട എട്ട് റോഡുകൾ ആ കാലഘട്ടത്തിന്റെ വലിയ വളർച്ചയുടെ ഭാഗമായി. അതിൽ രണ്ടെണ്ണം ഇന്ന് വലിയ ഗതാഗത പുരോഗതിയിലേക്ക് നയിച്ചവയാണ്. പതിനൊന്നാം മൈൽ മുതൽ അർത്തുങ്കലേക്കുള്ള റോഡും ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും കടപ്പുറം വരെയുള്ള റോഡും. ഇതുകൂടാതെ തിരുവിഴ, അർത്തുങ്കൽ,അരീപ്പറമ്പ് എന്നീ പ്രദേശങ്ങളിൽ തുടങ്ങിയ പുതിയ റോഡുകൾ വളരെയേറെ മാറ്റങ്ങൾക്ക് വഴിതെളിച്ചവയാണ്.

ആലപ്പുഴ – ചേർത്തല പ്രദേശത്ത് സാമൂഹ്യ സേവനങ്ങൾ മാത്രമല്ല അവരുടെ വിശ്വാസ വളർച്ചയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി. ചിതറി കിടന്ന കത്തോലിക്കരെ ഒരുമിച്ചു കൂട്ടി അദ്ദേഹം വിവിധ മിഷൻ സ്റ്റേഷനുകൾ ആരംഭിച്ചു. ഇവ പിന്നീട് ചേർത്തലയിലുള്ള മായിത്തറ,വടക്കൻ വയലാർ, പൊന്നാംവെളി, വനസ്വർഗം, മൂലപ്പിള്ളി എന്നീ പ്രദേശങ്ങളിൽ വലിയ വിശ്വാസ സമൂഹങ്ങളായി രൂപപ്പെട്ടു.

ലാളിത്യത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഫാ. മാത്യു നൊറോണ അച്ചൻ. സ്വന്തമായി വാഹനം ഇല്ലായിരുന്ന അദ്ദേഹം KSRTC ബസ്സിൽ ആയിരുന്നു യാത്ര മുഴുവനും. അതില്ലാതെ വരുമ്പോൾ മാത്രം പ്രൈവറ്റ് ബസ്സിനെ ആശ്രയിച്ചു. ളോഹ ധരിച്ച് മാത്രം നടക്കുന്ന ഈ പുരോഹിതനെ വഴിയിൽ എവിടെവെച്ച് കണ്ടാലും ബസ്സുകാർ കയറ്റിയിരുന്നു. സ്വന്തമായി വാഹനം ഉള്ളവർ പോലും കൃത്യ സമയത്ത് എത്തിച്ചേരുവാൻ സാധിക്കാത്ത പരിപാടികളിൽ പോലും അദ്ദേഹം കൃത്യ സമയത്ത് എത്തും.

കോളേജിൽ നിന്നും വിരമിച്ചതിന് ശേഷം ആലപ്പുഴ രൂപതയിലെ വിവിധ പള്ളികളിൽ അദ്ദേഹം വികാരിയായി സേവനം ചെയ്തിട്ടുണ്ട്. ചെറുപ്പക്കാരായ വൈദികരെപ്പോലും അതിശയിപ്പിക്കുന്ന  കാര്യങ്ങൾ ഊർജ്ജസ്വലതയോടെ അദ്ദേഹം ചെയ്യുമായിരുന്നു.  അദ്ദേഹം എല്ലാ ദിവസവും തന്റെ അജഗണങ്ങളെ അന്വേഷിച്ച് വീടുകളിൽ പോയി. തൻ്റെ ഇടവകയിലെ വീടുകൾ അദ്ദേഹം എല്ലാ വർഷവും വെഞ്ചരിച്ചു. ആരെങ്കിലും രോഗികളായാൽ അവർ എവിടെയാണെങ്കിലും അവരെ തിരക്കി ചെല്ലുകയും സുഖ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. പരീക്ഷയുടെ അവസരത്തിൽ അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കുവാൻ കുട്ടികളുടെ വീടുകളിൽ പോയി അവരോട് സംസാരിക്കുകയും പ്രാർത്ഥിച്ചു ഒരുക്കുകയും ചെയ്യുമായിരുന്നു.

വളരെ ജനസമ്മതനായ ഈ വന്ദ്യ പുരോഹിതൻ ജാതിമത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവരെ പേരുചൊല്ലി വിളിക്കുകയും ചെയ്യുവാൻ തക്കവിധം ആളുകളെ തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തി. ഇദ്ദേഹം തൻ്റെ വിശ്രമ ജീവിതത്തിലും മടുപ്പില്ലാതെ തൻ്റെ പ്രവർത്തനങ്ങൾ തുടരുന്നു. തൻ്റെ മിഷൻ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ട് പോകുവാൻ ഒരു മിഷനറി ഇന്സ്ടിട്യൂഷൻ സ്ഥാപിക്കുകയുണ്ടായി. മിഷൻ പ്രവർത്തനങ്ങളോടുള്ള തൻ്റെ തീക്ഷ്ണത ഒട്ടും കുറയാതെ തുടരുവാൻ സെൻറ്. സേവ്യഴ്സ് മിഷൻ ഇന്സ്ടിട്യൂഷനിലൂടെ അദ്ദേഹം സ്വപ്‌നം കാണുന്നു.

വിശ്രമം അറിയാതെ ക്രിസ്തുവിനു വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന ഈ വൈദികൻ സഭയുടെ അഭിമാനമാണ്, ഒപ്പം സഭാ തനയർക്കു മാർഗ്ഗദർശിയും. മാതൃകയാക്കേണ്ട ഇത്തരം ജീവിതങ്ങൾ എന്നും ലോകത്തിന് മുൻപിൽ പ്രകാശപൂരിതമാകട്ടെ.