മാനന്തവാടി രൂപതാ വൈദികൻ ഫാ. ജോസ് മുണ്ടക്കൽ നിര്യാതനായി

മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ഫാ. ജോസ് മുണ്ടക്കൽ നിര്യാതനായി. ദ്വാരക വിയാനിഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന അച്ചൻ ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്നു.

പരേതരായ മുണ്ടക്കൽ സ്റ്റീഫൻ, മറിയം ദമ്പതികളുടെ മക്കളിൽ മൂന്നാമനായി കോതമംഗലം രൂപതയിലെ നാടുകാണിയിൽ 1948 ഓക്ടോബർ 31-നാണ് ജോസച്ചൻ ജനിക്കുന്നത്. അന്നക്കുട്ടിയും അഗസ്റ്റിനും മൂത്ത സഹോദരങ്ങളും വൽസ, സിസിലി, ജോണി എന്നിവർ ഇളയ സഹോദരങ്ങളുമാണ്.

സെന്റ് തോമസ് എൽ പി സ്കൂൾ നാടുകാണി, സെന്റ് ജോർജ്ജ് ഹൈസ്കൂൾ, കോതമംഗലം, സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂൾ, കവളങ്ങാട് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം 1964 ജൂൺ മാസത്തിൽ അങ്കമാലിയിലെ വിൻസെൻഷ്യൻ മൈനർ സെമിനാരിയിൽ ചേർന്നു. 1966 മുതൽ 1973 വരെയുള്ള കാലഘട്ടത്തിൽ മംഗലപ്പുഴ സെമിനാരിയിൽ വൈദികപരിശീലനം നടത്തിയ ശേഷം 1973 ഡിസംബർ 18-ന് മംഗലപ്പുഴ സെമിനാരിയിൽ വച്ച് കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിലിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.

ഹോളിക്രോസ് ചർച്ച്, നടവയൽ (അസി. വികാരി), സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, പാടിച്ചിറ, സെന്റ് മേരീസ് ചർച്ച്, കാരക്കാമല, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, കുറുമണി, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, വിളമ്പുകണ്ടം, ക്രൈസ്റ്റ് ദ കിംഗ് ചർച്ച്, മണിമൂളി, ഫാത്തിമമാതാ ചർച്ച്, ചുങ്കക്കുന്ന്, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, വാഴവറ്റ, സെന്റ് മേരീസ് ചർച്ച്, മുള്ളൻകൊല്ലി, സെന്റ് കാതറൈൻസ് ചർച്ച്, പയ്യംപള്ളി, സെന്റ് ഫ്രാൻസിസ് അസ്സീസി ചർച്ച്, ചുള്ളിയോട്, സേക്രഡ് ഹാർട്ട് ചർച്ച്, പുൽപ്പള്ളി, ഫാത്തിമമാതാ ചർച്ച്, തെനേരി, സെന്റ് ജോസഫ് ചർച്ച് നരിവാലമുണ്ട എന്നീ ദേവാലയങ്ങളിലായിരുന്നു ബഹുമാനപ്പെട്ട ജോസ് മുണ്ടക്കലച്ചൻ അജപാലനശുശ്രൂഷ നിർവ്വഹിച്ചത്. ശാരീരികമായ അനാരോഗ്യം നിമിത്തം ജോസച്ചൻ ഏതാനും മാസങ്ങളായി ദ്വാരക വിയാനിഭവനിൽ ചികിത്സയും വിശ്രമവുമായി കഴിയുകയായിരുന്നു.

തന്റെ ശുശ്രൂഷക്ക് ഭരമേത്പിക്കപ്പെട്ട അജഗണത്തിന് വേണ്ടി ആത്മാർത്ഥമായി അത്യദ്ധ്വാനം ചെയ്ത വൈദികനാണ് ബഹുമാനപ്പെട്ട ജോസ് മുണ്ടക്കലച്ചൻ. വളരെ കാര്യക്ഷമമായ അജപാലനശുശ്രൂഷയിലൂടെ ദൈവജനത്തോടൊപ്പം ചിന്തിക്കാനും അവർക്കുവേണ്ടി ജീവിക്കാനും അച്ചന് സാധിച്ചു. ബഹളങ്ങളോ ആരവങ്ങളോ ഇല്ലാത്ത ശാന്തജീവിതമായിരുന്നു അച്ചന്റെ മുഖമുദ്ര. പുഞ്ചിരിയോടും സൗഹൃദത്തോടും കൂടെ ആളുകളോട് ഇടപെടുന്നതിനും സൗമ്യമായി അവരുടെ ആവശ്യങ്ങളിൽ സഹായമാകുന്നതിനും അച്ചന് സാധിച്ചിരുന്നു. രൂപതയുടെ പ്രധാനപ്പെട്ട പല ദേവാലയങ്ങളിലും ശുശ്രൂഷ ചെയ്ത മുണ്ടക്കലച്ചനോടൊപ്പം അസ്തേന്തിമാരായി വൈദികശുശ്രൂഷ ചെയ്ത നിരവധി വൈദികർ മാനന്തവാടി രൂപതയിലുണ്ട്. അപ്രതീക്ഷിതമായ അച്ചന്റെ ദേഹവിയോഗത്തിൽ ഏവരും വേദനിക്കുകയും അച്ചന്റെ ആത്മശാന്തിക്കായി രൂപതാകുടുംബമൊന്നാകെ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാംഭാഗം വിയാനിഭവൻ ചാപ്പലിൽ പൂർത്തിയായതിനെത്തുടർന്ന് അച്ചന്റെ ഭൗതികശരീരം പൊതുദർശനത്തിനായി ദ്വാരക പാസ്റ്ററൽ സെന്ററിന്റെ ചാപ്പലിൽ സൂക്ഷിച്ചിട്ടുണ്ട്. 8/5/2022- ഉച്ച കഴിഞ്ഞ് 2 മണിക്ക് മൃതസംസ്കാര ശുശ്രൂഷയുടെ അവസാനഭാഗത്തിന് രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം നേതൃത്വം നല്കും. ദ്വാരക പാസ്റ്ററൽ സെന്ററിനോട് അനുബന്ധമായുള്ള വൈദികരുടെ സെമിത്തേരിയിൽ മൃതസംസ്കാരം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.