“ഇത് ദൈവത്തോട് ചോദിച്ചുവാങ്ങിയ അവസരം”: വൃക്ക നൽകിയശേഷം ഫാ. ജോജോ സംസാരിക്കുന്നു

സി. സൗമ്യ DSHJ

“അച്ചനായ ദിവസം ദൈവത്തോട് ചോദിച്ച രണ്ട് നിയോഗങ്ങളിൽ ഒന്നായിരുന്നു, രണ്ട് വർഷത്തിനുള്ളിൽ കരളും വൃക്കയും ദാനം ചെയ്യുവാൻ സാധിക്കണമേ എന്നത്. ആ ആഗ്രഹമാണ് ഇവിടെ സഫലമായത്” -കോഴിക്കോട് മിംസ് ആശുപത്രിയിൽ ഓപ്പറേഷനു വിധേയനായ ഫാ. ജോജോ പറയുന്നു.

2014 നവംബർ 27-നായിരുന്നു ജോജോ അച്ചന്റെ പൗരോഹിത്യസ്വീകരണം. വൃക്കരോഗിക്കായി പണം സമാഹരിക്കുവാൻ വേണ്ടി നടത്തിയ ആഹ്വാനത്തിന്റെ പരിണിതഫലമാണ് പണത്തിനു പകരം, നാരായണന്‍കുട്ടിക്ക് വൃക്ക തന്നെ കൊടുക്കുവാൻ അച്ചന് പ്രചോദനമായത്. ഫണ്ട് സമാഹരിക്കുവാൻ സോഷ്യല്‍ മീഡിയയില്‍ വന്ന സന്ദേശത്തിന് അച്ചന്റെ മറുപടി ഇപ്രകാരമായിരുന്നു: “തരാൻ എന്റെ കയ്യിൽ പണമില്ല; പകരം വൃക്ക തന്നേക്കാം.”

കുര്യാക്കോസ് എന്നയാളെയാണ് ആദ്യം വൃക്ക കൊടുക്കുവാനായി പരിചയപ്പെടുന്നത്. എന്നാല്‍, ടെസ്റ്റ് നടത്തിയപ്പോള്‍ അച്ചന്റെ വൃക്ക അദ്ദേഹത്തിന് ചേരാതെ വന്നു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹം ചികിത്സ തേടിയിരുന്നത്. അവിടെ തന്നെയാണ് ജോജോ അച്ചന്‍ വൃക്ക കൊടുത്തിരുന്ന നാരായണന്‍കുട്ടിയും ചികിത്സയിലായിരുന്നത്. അങ്ങനെയാണ് നാരായണന്‍ കുട്ടിയെ പരിചയപ്പെടുന്നത്.   അദ്ദേഹത്തിന്റെ ഭാര്യ വൃക്ക കൊടുക്കാൻ തയ്യാറായിരുന്നു. എന്നാൽ, അവരുടെയും വൃക്കകൾ തമ്മിൽ മാച്ചിങ് ആയിരുന്നില്ല. ഈയൊരു സാഹചര്യത്തിൽ, കുര്യാക്കോസിന് നാരായണൻകുട്ടിയുടെ ഭാര്യയുടെ വൃക്കയും നാരായണൻകുട്ടിക്ക് ജോജോ അച്ചന്റെ വൃക്കയും നൽകുവാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ആ വൃക്കദാനം രണ്ട് പേർക്ക് ജീവൻ നൽകി. അങ്ങനെ അദ്ദേഹത്തിന് ദൈവവചനത്തിന് തന്റെ ജീവിതത്തിലൂടെ ജീവൻ കൊടുക്കാവാനുള്ള താല്‍പര്യമാണ് നിറവേറിയത്.

കപ്പൂച്ചിൻ പാവനാത്മാ പ്രോവിൻസിലെ അംഗമായ ഫാ. ജോജോ, പ്രൊവിന്‍ഷ്യാള്‍ ഫാ. സ്റ്റീഫന്‍ ജയരാജിന്റെയും കൌണ്‍സിലേഴ്സിന്റെയും അനുവാദത്തോടെയാണ് ഈ വൃക്കദാന സംരംഭത്തിന്റെ ഭാഗഭാക്കായത്. മാത്രമല്ല, വീട്ടിൽ നിന്നും മാതാപിതാക്കളുടെ ഭാഗത്തു നിന്നും നല്ല സപ്പോർട്ട് ലഭിച്ചു. വൃക്ക ദാനം ചെയ്യുന്ന കാര്യം ആരാലും അറിയപ്പെടാതെ ചെയ്യുവാനാണ് ജോജോ അച്ചൻ ആഗ്രഹിച്ചത്. എന്നാൽ, ഓപ്പറേഷന് തൊട്ടുമുൻപുള്ള ദിവസം പ്രാർത്ഥനാസഹായത്തിനായി അച്ചന്റെ ആന്റി ഒരു ബന്ധുവിനോട് ഫോണിലൂടെ ആവശ്യപ്പെട്ടു. അവർ വഴിയാണ് ഈ സംഭവം പുറംലോകം അറിയുന്നത്.

കോഴിക്കോട് മിംസ് ആശുപത്രിയിൽ ഓപ്പറേഷനുശേഷം ചികിത്സ തുടരുന്ന, വൃക്ക സ്വീകരിച്ച കുര്യാക്കോസും നാരായണൻകുട്ടിയും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഐസിയു- വിൽ നിന്നും അവരെ റൂമിലേയ്ക്ക് മാറ്റി. ജോജോ അച്ചന്റെ കൂടെ ബൈസ്റ്റാൻഡർ ആയി നിൽക്കുന്നത് കുര്യാക്കോസിന്റെ ചാച്ചനാണ്. ഞങ്ങളിപ്പോൾ അപ്പനും മോനും പോലെ ആയി എന്ന് ജോജോ അച്ചൻ പറയുന്നു. കാരണം, അത്രത്തോളം സ്നേഹവും കടപ്പാടും അവർക്ക് അച്ചനോടുണ്ട്.

സോഷ്യൽ വർക്ക് മേഖലയിൽ പ്രവർത്തിക്കാനിഷ്ട്ടപ്പെടുന്ന ജോജോ അച്ചൻ, അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ എംഎസ്ഡബ്ള്യു വിദ്യാർത്ഥിയാണ്. മാത്രമല്ല, യുവജനങ്ങളോടും കുട്ടികളോടുമൊപ്പം പ്രവർത്തിക്കാൻ അച്ചൻ ഇഷ്ട്ടപ്പെടുന്നു. അവസരം കിട്ടിയാൽ ഒരു മുസ്ലിം പെൺകുട്ടിക്ക് വൃക്ക കൊടുക്കുവാനാണ് അച്ചൻ താൽപര്യപ്പെട്ടിരുന്നത്. എന്നാൽ, ദൈവം അച്ചനായി ഒരുക്കിയത് ഈ ഒരു അവസരമാണ്. ഇരിട്ടി പട്ടാരം വിമലഗിരി ധ്യാനകേന്ദ്ര ആശ്രമത്തിലാണ് അച്ചൻ ഉള്ളത്. ആശ്രമത്തിന്റെ സുപ്പീരിയറായ വര്‍ഗീസ്‌ മുണ്ടയ്ക്കല്‍ അച്ചന്റെ സഹായവും സഹകരണവും ഈ ഒരു സാഹചര്യത്തില്‍ ജോജോ അച്ചനു വളരെയേറെ സഹായമായിട്ടുണ്ട്.

“കരൾ കൊടുക്കാനുള്ള ആഗ്രഹം ഇനിയും ബാക്കിയുണ്ട്. ഒരു അവസരം വന്നെങ്കിലും ഫാറ്റി ലിവർ ആയതിനാൽ കൊടുക്കാൻ സാധിക്കാതെവന്നു. ഒരു കാര്യം നന്മ ആകണമെങ്കിൽ മൂന്ന് കാര്യങ്ങൾ ഉണ്ടാകണം. പൂർണ്ണമായ അറിവ്, പൂർണ്ണമായ സമ്മതം, ചെയ്യുന്ന കാര്യം എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അങ്ങനെ നന്മ ചെയ്യാനുള്ള ഒരു അവസരമാണ് ഈ വൃക്കദാനത്തിലൂടെ സാധ്യമായത്. ഒപ്പം അനേകർക്ക് ഇതൊരു പ്രചോദനവുമാകണം. ദൈവം ഓരോരുത്തരെയും വിളിക്കുന്നുണ്ട്. അത് കേൾക്കാൻ പറ്റുക എന്നതാണ് വലിയ കാര്യം” – ജോജോ അച്ചൻ പറയുന്നു.

“വൃക്ക സ്വീകരിക്കുന്ന ആൾക്ക് അത് ലഭിക്കുന്നതിലൂടെ പത്ത് വർഷം കൂടി ജീവിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. വൃക്ക കൊടുക്കുമ്പോൾ ഓപ്പറേഷന്റെ ബുദ്ധിമുട്ട് ഉണ്ട്. ഒപ്പം വൃക്ക കൊടുക്കുന്ന ആൾ എല്ലാ ദിവസവും രണ്ട് ഗ്ലാസ്സ്‌ വെള്ളം കൂടുതൽ കുടിക്കണം, അത്ര മാത്രമേ ഉള്ളൂ. നല്ല ആരോഗ്യമുള്ള വ്യക്തിയിൽ നിന്നും മാത്രമേ വൃക്ക സ്വീകരിക്കുകയുള്ളൂ. വൃക്ക ദാനമായി കൊടുക്കാൻ കിട്ടിയ അവസരത്തെ വലിയ ഭാഗ്യമായി അച്ചൻ കാണുന്നു” – ഓപ്പറേഷനുശേഷം വിശ്രമത്തിലായിരിക്കുന്ന ജോജോ അച്ചൻ പറഞ്ഞുനിര്‍ത്തി.

സി. സൗമ്യ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.