നോമ്പുകാലം അനുതാപത്തോടെ കുമ്പസാരിക്കുവാന്‍ സഹായിക്കുന്ന സങ്കീര്‍ത്തനം 

നോമ്പ് – പാപത്തില്‍ നിന്നും പാപാവസ്ഥകളില്‍ നിന്നും അകന്ന്, കര്‍ത്താവിന്റെ ഉത്ഥാനത്തിനായി നമ്മെത്തന്നെ ഒരുക്കുന്ന സമയം. നമ്മുടെ പാപാവസ്ഥകളെക്കുറിച്ച് അനുതപിച്ച് കര്‍ത്താവിന്റെ കാരുണ്യം യാചിച്ചുകൊണ്ട് കുമ്പസാരക്കൂട്ടിലേയ്ക്ക് കടന്നുവരുന്ന സമയം. നല്ലൊരു കുമ്പസാരത്തിലേയ്ക്ക് കടക്കണമെങ്കില്‍, പാപത്തെക്കുറിച്ചുള്ള പാശ്ചാത്താപം ആവശ്യമായ ഒരു ഘടകമാണ്. ദൈവമേ, ഞാന്‍ പാപിയാണല്ലോ എന്ന ഹൃദയത്തില്‍ നിന്നുള്ള വേദനയാണ് ഒരുവനെ യഥാര്‍ത്ഥമായ കുമ്പസാരത്തിലേയ്ക്ക് നയിക്കുന്നത്.

നോമ്പിന്റെ ഈ സമയം നല്ലൊരു കുമ്പസാരം നടത്തുവാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവര്‍ ഒരുപാടുണ്ട്. ഇങ്ങനെയുള്ളവരെ നല്ല കുമ്പസാരത്തിനായി ഒരുക്കുന്ന ഒരു സങ്കീര്‍ത്തനഭാഗം ആണ് അന്‍പത്തിയൊന്നാം സങ്കീര്‍ത്തനം. സ്വന്തം പാപങ്ങളുടെ തീച്ചൂളയില്‍ വെന്തെരിയുന്ന ഒരു ആത്മാവിന്റെ പശ്ചാത്താപ ചിത്രമാണ് ഈ സങ്കീര്‍ത്തനം. ദൈവകാരുണ്യത്തിന്റെ ക്യാന്‍വാസില്‍ മാത്രമാണ് ഈ ചിത്രം തെളിയുന്നത്. ശരിയായ അനുതാപത്തിലേയ്ക്ക് നയിക്കുന്ന അന്‍പത്തിയൊന്നാം സങ്കീര്‍ത്തന ഭാഗത്തിലൂടെ നമുക്കും കടന്നുപോകാം. നല്ലൊരു കുമ്പസാരത്തിനായി ഒരുങ്ങാം.

ദൈവമേ കനിയണമേ

1. ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചു കളയണമേ!

2. എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ! എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!

3. എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്.

4. അങ്ങേയ്ക്കെതിരായി അങ്ങേയ്ക്കു മാത്രം എതിരായി ഞാന്‍ പാപം ചെയ്തു; അങ്ങയുടെ മുന്‍പില്‍ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചു; അതുകൊണ്ട് അങ്ങയുടെ വിധിനിര്‍ണ്ണയത്തില്‍ അങ്ങ് നീതിയുക്തനാണ്; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്.

5. പാപത്തോടെയാണ് ഞാന്‍ പിറന്നത്; അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ്.

6. ഹൃദയപരമാര്‍ത്ഥതയാണ് അങ്ങ് ആഗ്രഹിക്കുന്നത്; ആകയാല്‍, എന്റെ അന്തരംഗത്തില്‍ ജ്ഞാനം പകരണമേ!

7. ഈസോപ്പ് കൊണ്ട് എന്നെ പവിത്രീകരിക്കണമേ! ഞാന്‍ നിര്‍മ്മലനാകും; എന്നെ കഴുകണമേ! ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്മയുള്ളവനാകും.

8. എന്നെ സന്തോഷഭരിതനാക്കണമേ! അവിടുന്ന് തകര്‍ത്ത എന്റെ അസ്ഥികള്‍ ആനന്ദിക്കട്ടെ!

9. എന്റെ പാപങ്ങളില്‍ നിന്നു മുഖം മറയ്ക്കണമേ! എന്റെ അകൃത്യങ്ങള്‍ മായിച്ചുകളയണമേ!

10. ദൈവമേ, നിര്‍മ്മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്ഷേപിക്കണമേ!

11. അങ്ങയുടെ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ!

12. അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്ക് വീണ്ടും തരണമേ! ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!

13. അപ്പോള്‍ ഞാന്‍, അതിക്രമികളെ അങ്ങയുടെ വഴി പഠിപ്പിക്കും; പാപികള്‍ അങ്ങയിലേക്കു തിരിച്ചുവരും.

14. ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ, രക്തപാതകത്തില്‍ നിന്ന് എന്നെ രക്ഷിക്കണമേ! ഞാന്‍ അങ്ങയുടെ രക്ഷയെ ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും.

15. കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ! എന്റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും.

16. ബലികളില്‍ അങ്ങ് പ്രസാദിക്കുന്നില്ല; ഞാന്‍ ദഹനബലി അര്‍പ്പിച്ചാല്‍ അങ്ങ് സന്തുഷ്ടനാവുകയുമില്ല.

17. ഉരുകിയ മനസ്സാണ് ദൈവത്തിന് സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല.

18. അങ്ങ് പ്രസാദിച്ച് സീയോന് നന്മ ചെയ്യണമേ! ജറുസലെമിന്റെ കോട്ടകള്‍ പുതുക്കിപ്പണിയണമേ!

19. അപ്പോള്‍ അവിടുന്ന് നിര്‍ദ്ദിഷ്ട ബലികളിലും ദഹനബലികളിലും സമ്പൂര്‍ണ്ണ ദഹനബലികളിലും പ്രസാദിക്കും; അപ്പോള്‍ അങ്ങയുടെ ബലിപീഠത്തില്‍ കാളകള്‍ അര്‍പ്പിക്കപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.