ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകദിനാചരണം സംഘടിപ്പിക്കുന്നു

കോട്ടയം അതിരൂപതയുടെ ഹൈറേഞ്ച് മേഖലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചിങ്ങം 1, കര്‍ഷകദിനത്തോട് അനുബന്ധിച്ച് കര്‍ഷക സ്വാശ്രയസംഘാംഗങ്ങള്‍ക്കുള്ള കര്‍മ്മപദ്ധതികളുടെ ഉദ്ഘാടനവും കര്‍ഷകദിനാചരണവും ആഗസ്റ്റ് 17 ബുധനാഴ്ച രാവിലെ 11 മണിക്ക് തടിയമ്പാട് മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്നു. കോട്ടയം അതിരൂപതാ വികാരി ജനറാളും ജിഡിഎസ് പ്രസിന്റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍, കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ദിനാചരണം ഉദ്ഘാടനം ചെയ്യും. ഹൈറേഞ്ചിലെ കര്‍ഷകരെ കോര്‍ത്തിണക്കി സംഘടിപ്പിക്കുന്ന ദിനാചരണത്തോടനുബന്ധിച്ച് കര്‍ഷക സ്വാശ്രയസംഘാംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന കര്‍മ്മപദ്ധതികളുടെ ഉദ്ഘാടനവും നടത്തപ്പെടും.

മലയോര കര്‍ഷകജനതയുടെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍സമിതി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍ ക്ലാസ്സ് നയിക്കും. പടമുഖം ഫൊറോന വികാരി ഫാ. ഷാജി പൂത്തറ, ജി.ഡി.എസ് സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, കെ.സി.സി പടമുഖം ഫൊറോന പ്രസിഡന്റ് അഭിലാഷ് പതിയില്‍, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിസി കുര്യന്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് സ്റ്റെഫി ടോമി, പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധി ഷാജി കണ്ടച്ചാംകുന്നേല്‍, ജി.ഡി.എസ് അനിമേറ്റര്‍ ഗ്രേസി പീറ്റര്‍ എന്നിവര്‍ പ്രസംഗിക്കും.

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ വിവിധ പ്രവര്‍ത്തനഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകപ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുക്കും. കര്‍ഷക അവകാശസംരക്ഷണ കൂട്ടായ്മയും വിവിധയിനം നടീല്‍ വസ്തുക്കളുടെ വിതരണവും ദിനാചരണത്തോടനുബന്ധിച്ചു നടത്തപ്പെടും.

ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.