വന്യജീവി ആക്രമണത്തിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും

മണ്ണാര്‍ക്കാട്: വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാനുതകുന്ന ഒരു നയം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കുകയും, കൃഷിഭൂമിയില്‍ പ്രവേശിച്ച് കാര്‍ഷികവിളകള്‍ക്ക് നാശനഷ്ടം വരുത്തുന്ന വന്യമൃഗങ്ങളില്‍ നിന്നും കൃഷിഭൂമി സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും ഉള്ളതുപോലെ കേരളത്തിലെ കര്‍ഷകര്‍ക്കും നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലേയ്ക്ക് കര്‍ഷക പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നവംബര്‍ 19 ചൊവ്വാഴ്ച രാവിലെ 10-ന് നടത്തുന്നു.

കാട്ടാന, പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങള്‍ എടത്തനാട്ടുകര, തിരുവിഴാംകുന്ന്, കണ്ടമംഗലം, മൈലാംപാടം, തത്തേങ്ങലം, മെഴുകുംപാറ, ആനമൂളി, അട്ടപ്പാടി, പൂഞ്ചോല, ഇരുമ്പകച്ചോല, പാലക്കയം, മൂന്നേക്കര്‍, കല്ലടിക്കോട് തുടങ്ങിയ ജനവാസ മേഖലകളില്‍ നിരന്തരം കാടിറങ്ങി വന്ന് കര്‍ഷകരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുന്നു. നിരവധി ആളുകള്‍ക്ക് വന്യജീവികളുടെ ആക്രമണം മൂലം ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഈ മേഖലകളിലെ ജനങ്ങള്‍ക്ക് വന്യമൃഗങ്ങളെ ഭയന്ന് രാത്രികാലങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും വീടിനു പുറത്തിറങ്ങാന്‍ കഴിയുന്നില്ല.

വന്യമൃഗങ്ങളുടെ ആക്രമണഭീതി മൂലം പുലര്‍ച്ചെയുള്ള റബ്ബര്‍ ടാപ്പിംഗ് നടത്തുവാന്‍ കഴിയാതെ കര്‍ഷകര്‍ ദുരിതത്തിലാണ്. വന്യജീവികളായ ആന, പുലി, കടുവ, പന്നി, കുരങ്ങ് തുടങ്ങിയവയുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. കര്‍ഷകവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന കപട പരിസ്ഥിതിവാദികളും, കപട മൃഗസ്‌നേഹികളും മനുഷ്യജീവികളായ കര്‍ഷകരുടെ മനുഷ്യാവകാശങ്ങള്‍ തിരിച്ചറിയണം. ജനങ്ങള്‍ക്ക് ഭക്ഷണത്തിനാവശ്യമായ വിഭവങ്ങള്‍ ഉല്പാദിപ്പിക്കുകയും പ്രകൃതിയോട് ഇണങ്ങിക്കഴിയുകയും പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുന്ന കര്‍ഷകരെ അവഗണിക്കുകയും നീതി നിഷേധിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണ്.

കര്‍ഷകര്‍ ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ച് വളര്‍ത്തിയെടുത്ത ഉപജീവന മാര്‍ഗ്ഗങ്ങള്‍ വന്യജീവികള്‍ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. കര്‍ഷകരുടെ ഈ ദുരവസ്ഥ മൂലം ഭാവിതലമുറയില്‍ നിന്ന് ആരും തന്നെ കാര്‍ഷികമേഖലയിലേയ്ക്ക് കടന്നുവരുവാന്‍ തയ്യാറാകുകയില്ല.

മനുഷ്യജീവന് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ സംരക്ഷണം മൃഗങ്ങളുടെ ജീവന് നല്കുന്നത് മനുഷ്യകുലത്തോടു കാണിക്കുന്ന ക്രൂരതയാണ്. മലയോര മേഖലകളിലെ വന്യമൃഗശല്യം തടയുവാന്‍ വേണ്ടി നിലവില്‍ ഉപയോഗപ്പെടുത്തുന്ന പ്രതിരോധ സംവിധാനങ്ങള്‍ പലതും ബന്ധപ്പെട്ടവരുടെ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു. നടപ്പിലാക്കിയവയില്‍ത്തന്നെ പലതും കൃത്യമായി സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നില്ല.

വന്യജീവി ആക്രമണത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒലവക്കോട് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസിലേയ്ക്ക് വന്‍ കര്‍ഷക പ്രതിഷേധറാലിയും ധര്‍ണ്ണയും നടത്തുകയും ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ. ആര്‍. അഡലരാസന് നിവേദനം സമര്‍പ്പിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ജില്ലയില്‍ ആന, പുലി, കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വ്യാപകമായി ജനവാസമേഖലകളിലേയ്ക്ക് കടന്നുവരുന്നതിനുള്ള യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ശാസ്ത്രീയപഠനം നടത്തണമെന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആവശ്യം ഗൗരവമായി പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഫലപ്രദമായ നടപടികള്‍ ഒന്നും തന്നെ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാനുതകുന്ന ഒരു നയം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കുക, ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാന്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുക, ഓരോ പ്രദേശത്തെയും പ്രശ്നം സമഗ്രമായി പഠിക്കാന്‍ കര്‍ഷകരെക്കൂടി ഉള്‍പ്പെടുത്തി വിദഗ്ദ സമിതികളെ നിയമിക്കുക, വന്യജീവികളുടെ ആക്രമണം മൂലം വിളനാശം സംഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം കാര്‍ഷികവിളകളുടെ ഉല്പാദന കാലയളവും ഉല്പാദനക്ഷമതയും കണക്കിലെടുത്തുകൊണ്ട് കാലാനുസൃതമായി പുതുക്കി നിശ്ചയിക്കുക, നഷ്ടപരിഹാരം നിര്‍ണ്ണയിക്കാനും വിതരണം ചെയ്യാനും ഓരോ ജില്ലയിലും സ്വതന്ത്രചുമതലയുള്ള ജുഡീഷ്യല്‍ അധികാരത്തോടു കൂടിയ ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുക, കുടിയേറ്റ കര്‍ഷകരെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന വനംവകുപ്പിന്റെ മനോഭാവം അവസാനിപ്പിക്കുക, കൃഷിഭൂമിയില്‍ പ്രവേശിച്ച് കാര്‍ഷികവിളകള്‍ക്ക് നാശനഷ്ടം വരുത്തുന്ന വന്യമൃഗങ്ങളില്‍ നിന്നും കൃഷിഭൂമി സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും ഉള്ളതുപോലെ കേരളത്തിലെ കര്‍ഷകര്‍ക്കും നല്കുക, പ്രതിരോധ സാമഗ്രികളുടെ ഗുണനിലവാരം അടിയന്തിരമായി ഉറപ്പ് വരുത്തുക, സൗരോര്‍ജ്ജ വൈദ്യുതവേലിയില്‍ മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാക്കാന്‍ മതിയായ തരത്തിലുള്ള സൗരോര്‍ജ്ജ പാനലുകള്‍ പ്രദേശങ്ങളില്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലേയ്ക്ക് കര്‍ഷക പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്.

മണ്ണാര്‍ക്കാട് കെ.ടി.എം ഹൈസ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിക്കുന്ന കര്‍ഷക പ്രതിഷേധമാര്‍ച്ചിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം കത്തോലിക്കാ കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി നിര്‍വ്വഹിക്കും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സെക്രട്ടറി ശ്രീ. ജോര്‍ജ്ജ് കോയിക്കല്‍ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍, രൂപതാ ഭാരവാഹികള്‍ ധര്‍ണ്ണാ സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും. സമരസമിതി ചെയര്‍മാന്‍ ജോമി മാളിയേക്കല്‍, വൈസ് ചെയര്‍മാന്‍ സോണി പ്ലാത്തോട്ടത്തില്‍, കണ്‍വീനര്‍ ജോസ് കാട്രുകുടിയില്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ ലാലു താന്നിപ്പൊതിയില്‍, ഡേവിസ് ചാലിശ്ലേരി, മണ്ണാര്‍ക്കാട് ഫൊറോന പ്രസിഡന്റെ് ജോജി പടിപ്പുരയ്ക്കല്‍, കാഞ്ഞിരപ്പുഴ ഫൊറോന പ്രസിഡന്റെ് ബാബു പ്രാക്കുഴിയില്‍, പൊന്നംകോട് ഫൊറോന പ്രസിഡന്റെ് ബെന്നി ചിറ്റേട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കും.

കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി യോഗം ഉദ്ഘാടനം ചെയ്തു. രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപതാ ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, ട്രഷറര്‍ മാത്യു കല്ലടിക്കോട്, ഗ്ലോബല്‍ സെക്രട്ടറി മോഹന്‍ ഐസക്, സെക്രട്ടറി ജോസ് വടക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.