നോത്രെ ദാം കത്തീഡ്രലിനെ വിഴുങ്ങിയ അഗ്നിയെ അതിജീവിച്ച് പ്രശസ്ത റോസ് വിന്‍ഡോ

നോത്രെ ദാം കത്തീഡ്രലിനെ വിഴുങ്ങിയ അഗ്നിയെ അതിജീവിച്ച് ദേവാലയത്തിലെ പ്രശസ്തമായ റോസ് വിന്‍ഡോ. കത്തീഡ്രലിന്റെ പ്രധാനപ്പെട്ട ആകര്‍ഷക ഘടകങ്ങളില്‍ ഒന്നായ റോസ് വിന്റോകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്ന് ഫ്രാന്‍സിലെ അധികൃതര്‍ വ്യക്തമാക്കി.

മൂന്നു റോസ് വിന്റോകളാണ് ദേവാലയത്തില്‍ ഉണ്ടായിരുന്നത്. ഗോഥിക് ശില്പകലയുടെ തനത് സൗന്ദര്യം വെളിപ്പെടുത്തുന്ന റോസ് വിന്‍ഡോകള്‍ ഈ ദേവാലയത്തിന്റെ പ്രത്യേകതയായിരുന്നു. ഗോഥിക് നിര്‍മ്മാണശൈലിയുടെ അമൂല്യസമ്പത്ത് എന്ന് വിശേഷിപ്പിച്ചിരുന്ന റോസ് വിന്‍ഡോസ്  ആയിരക്കണക്കിന് ഗ്ലാസ് കഷണങ്ങള്‍ കൊണ്ടാണ് തീര്‍ത്തിരിക്കുന്നത്. തീ പടര്‍ന്നപ്പോള്‍ ഈ റോസ് വിന്‍ഡോകള്‍ തകര്‍ന്നു എന്ന് ഉറപ്പിച്ചിരുന്ന അധികൃതര്‍ രാത്രിയോടെ ഇവ മൂന്നും സുരക്ഷിതമാണെന്നും കേടുപാടുകള്‍ ഒന്നുംതന്നെ സംഭവിച്ചിട്ടില്ല എന്നും വെളിപ്പെടുത്തുകയായിരുന്നു.

ദേവാലയത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് ദിശകളിലായി സ്ഥിതി ചെയ്തിരുന്ന ഈ റോസ് വിന്‍ഡോകള്‍ ദേവാലയത്തിന്റെ കിരീടം കണക്കെ പ്രതിഫലിച്ചിരുന്നു. ഫ്രഞ്ച് വിപ്ലവത്തെയും രണ്ടു ലോകമഹായുദ്ധങ്ങളെയും അതിജീവിച്ച റോസ് വിന്‍ഡോകള്‍ ഇപ്പോള്‍ ഭീകരമായ അഗ്‌നിയെയും അതിജീവിച്ചിരിക്കുകയാണ്.