പത്ത് മക്കളില്‍ ഏഴ് പേരും വിന്‍സെന്‍ഷ്യന്‍ സഭയിലൂടെ സമര്‍പ്പിത ജീവിതത്തില്‍! മാതൃക നല്‍കി കടന്നുപോയ ഒരു കുടുംബം

വലിയ കുടുംബങ്ങളുടെ, അതായത് ധാരാളം മക്കളുള്ള കുടുംബങ്ങളുടെ പ്രത്യേകതയാണ് അവിടെ സഹോദരങ്ങള്‍ തമ്മിലുള്ള ഐക്യവും സ്‌നേഹവും. വഴക്കുകളും സൗന്ദര്യപ്പിണക്കങ്ങളും തീര്‍ച്ചയായും ഉണ്ടാവാമെങ്കിലും അവര്‍ തമ്മില്‍ എപ്പോഴും സ്‌നേഹമായിരിക്കും. ഒന്നിച്ചായിരിക്കാന്‍ ആഗ്രഹിക്കുന്നവരുമായിരിക്കും. ഇത്തരം ഒരു കുടുംബമായിരുന്നു ഹിന്നെബുച്ച് എന്ന കുടുംബം.

പത്തില്‍ ഏഴ് സഹോദരങ്ങളും വൈദിക-സമര്‍പ്പിത ജീവിതത്തിലേയ്ക്ക് പ്രവേശിച്ചു എന്നത് മാത്രമല്ല, ഏഴുപേരും ഒരേ സഭയിലെ – വിന്‍സെന്‍ഷ്യന്‍ സഭയിലെ അംഗങ്ങളുമാണ്. പത്ത് പേരില്‍ മൂത്ത മകനായ വില്യത്തിന്റെ പാത പിന്തുടര്‍ന്നാണ് ബാക്കി ആറ് സഹോദരങ്ങളും ദൈവവിളി സ്വീകരിച്ചതും വിന്‍സെന്‍ഷ്യന്‍ സഭയില്‍ തന്നെ ചേര്‍ന്നതും.

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് സ്വന്തമാക്കിയ ഫാ. വില്യം, അറിയപ്പെടുന്ന ചരിത്രകാരനുമായിരുന്നു. ഡൊമിനിഷ്യന്‍ സഭയെക്കുറിച്ചു തന്നെ അനേകം ചരിത്രഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ഫാ. ഫ്രെഡും അറിയപ്പെടുന്ന വാഗ്മിയും എഴുത്തുകാരനുമായിരുന്നു.

ഇവരുടെ മറ്റൊരു സഹോദരനായ ഫാ. പോളും (1917-2002) സഹോദരങ്ങളുടെ പാത പിന്തുടരുന്നതായി അവരുടെ അമ്മയോട് പറഞ്ഞപ്പോള്‍ “നീ എന്നോടത് പറയേണ്ട കാര്യമില്ല. എനിക്കിത് നേരത്തെ തന്നെ അറിയാവുന്ന കാര്യമായിരുന്നു. ഈ കാലങ്ങളിലൂടെ ഞാന്‍ മനസിലാക്കിയ കാര്യമാണ് നിങ്ങളെല്ലാവരും സമര്‍പ്പിത ജീവിതം സ്വീകരിക്കുമെന്ന്” എന്നാണ് അവര്‍ പറഞ്ഞത്. ഇദ്ദേഹവും പ്രഭാഷകനും ആത്മീയ എഴുത്തുകാരനുമായിരുന്നു.

സഹോദരരില്‍ ഫാ. ആല്‍ബര്‍ട്ട് മാത്രമാണ് വാര്‍ദ്ധക്യം എത്തുന്നതിന് മുമ്പ് 46-ാം വയസില്‍ മരണമടഞ്ഞത്. ഇവരുടെ പിന്നാലെയാണ് മൂന്ന് സഹോദരിമാരും വിന്‍സെന്‍ഷ്യന്‍ സഭയുടെ ഭാഗമായത്. സി. ക്ലെയറും സി. റെജീന ആനും, സി. ഡോറോത്തിയുമാണ് ആ മൂന്ന് പേര്‍.

പത്ത് പേരിലെ ബാക്കി മൂന്ന് പേര്‍ റെയ്മണ്ട്, ജോസഫ്, മേരി എന്നിവര്‍ വിവാഹിതരാണ്.

കഴിഞ്ഞ ഡിസംബറില്‍ ഫാ. ഫ്രെഡിന്റെ മരണത്തോടെ ഹിന്നെബിച്ച് കുടുംബത്തിലെ ആ തലമുറ അവസാനിക്കുകയും ചെയ്തിരിക്കുന്നു. എങ്കിലും സഭയ്ക്ക് വലിയ മുതല്‍ക്കൂട്ടും സമൂഹത്തിന് വലിയ പ്രചോദനവും മാതൃകയും നല്‍കി കടന്നുപോയ കുടുംബമായിരുന്നു അത്.