ഗൂഗിള്‍ മീറ്റില്‍ കുടുംബ കൂട്ടായ്മ: വിജയമാതൃകയുമായി പോളച്ചന്‍

കീര്‍ത്തി ജേക്കബ്

കോവിഡ്-19 എന്ന മഹാമാരി ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് സംഹാരതാണ്ഡവമാടാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ലോകമാസകലം ജീവിതത്തിന്റെ സമസ്ത മേഖലകളേയും ഇതുപോലെ നിശ്ചലമാക്കിയ അനുഭവവും മാനവരാശിക്ക് പുതിയതാണ്. കോവിഡിന്റെ രണ്ടാം തരംഗം നമ്മുടെ രാജ്യത്ത് സൃഷ്ടിച്ച ആഘാതം വളരെ വലുതുമായിരുന്നു; പ്രത്യേകിച്ച് കേരളത്തില്‍. കൂടുതല്‍ ആളുകള്‍ രോഗികളാവുകയും രോഗികളുമായി സമ്പര്‍ക്കത്തിലാവുകയും ചെയ്തതോടെ കേരളം രണ്ടാം ഘട്ട ലോക്ക് ഡൗണിലേയ്ക്കും നീങ്ങി. പതിവുപോലെ ദേവാലയങ്ങളും അടച്ചിടപ്പെട്ടു. ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ലാത്തതിനാല്‍ പല ഇടവകകളിലേയും കുടുംബ കൂട്ടായ്മകളേയും അതു ബാധിച്ചു.

ഒന്നര വര്‍ഷത്തിലേറെയായി ഇടവകകളില്‍ കുടുംബ കൂട്ടായ്മകള്‍ നടത്തിയിട്ട്. എന്നാല്‍ വിദ്യാഭ്യാസം അടക്കമുള്ള പല മേഖലകളും വിര്‍ച്ച്വല്‍ കൂട്ടായ്മകളിലേയ്ക്ക് ചുവടുവച്ചപ്പോള്‍ കുടുംബ കൂട്ടായ്മയുടെ കാര്യത്തിലും എന്തുകൊണ്ട് ഒരു ഓണ്‍ലൈന്‍ പരീക്ഷണം നടത്തിക്കൂടാ എന്ന് കേരളത്തിലെ പല വൈദികരും ചിന്തിക്കുകയും അതിനായി മുന്നിട്ടിറങ്ങുകയും ആ പദ്ധതി വിജയിപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ ഗൂഗിള്‍ മീറ്റ് വഴിയായി ഓണ്‍ലൈന്‍ കുടുംബ കൂട്ടായ്മ എന്ന ആശയം ഇടവകയില്‍ അവതരിപ്പിച്ചു വിജയിപ്പിച്ചതിന്റെ അനുഭവവും സന്തോഷവും പങ്കുവയ്ക്കുകയാണ് എറണാകുളം ചക്കരപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. പോള്‍ പാറേക്കാട്ടില്‍.

ആളുകളുടെ സജീവ പങ്കാളിത്തം

ഓണ്‍ലൈന്‍ കുടുംബ കൂട്ടായ്മ എന്ന ആശയം ആദ്യമായല്ല ഇടവകകളില്‍ നടപ്പിലാക്കുന്നതെങ്കിലും ചക്കരപ്പറമ്പ് ഇടവകയില്‍ വളരെ സജീവമായാണ് ഇത് നടപ്പിലാക്കുന്നത് എന്നതാണ് പ്രത്യേകത. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സമയത്താണ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിള്‍ മീറ്റിലൂടെ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. ജപമാലയും ഓണ്‍ലൈനായി നടത്തിയിരുന്നു. മേയ് 16 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് ഏഴര മുതല്‍ എട്ടര വരെ ഇടവകയിലെ എല്ലാ കുടുംബങ്ങളും 30-35 പേരടങ്ങുന്ന അവരവരുടെ യൂണിറ്റുകളില്‍ ഓണ്‍ലൈനായുള്ള കൂട്ടായ്മയില്‍ പങ്കെടുത്തു പ്രാര്‍ത്ഥിക്കുകയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യം.

മീറ്റിംഗില്‍ പ്രവേശിക്കാനുള്ള ലിങ്ക് ഓരോ യൂണിറ്റിനും പ്രത്യേകം നല്‍കിയിരുന്നു. വികാരിയച്ചനും മീറ്റിംഗില്‍ പങ്കെടുത്ത് ഇടവകയിലെ പൊതുകാര്യങ്ങളും അറിയിപ്പുകളും നല്‍കും. ഇടവകാംഗങ്ങള്‍ ഈ വിര്‍ച്ച്വല്‍ മീറ്റിംഗിനോട് താല്‍പര്യം അറിയിച്ചതോടെ തുടര്‍ന്നും എല്ലാ മാസവും ഓണ്‍ലൈനായി കൂട്ടായ്മ നടത്താനാണ് പോളച്ചന്റെയും ഇടവകാംഗങ്ങളുടേയും തീരുമാനം. എല്ലാവര്‍ക്കും പരസ്പരം കാണാനും സംസാരിക്കാനും ബന്ധങ്ങള്‍ നഷ്ടപ്പെട്ടുപോകാതെ ദൃഢമാക്കാനുമുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

മാസ്‌കില്ലാതെ മുഖം കാണാമല്ലോ

മഹാമാരിക്കിടയിലും പരസ്പരം കാണാനും സംസാരിക്കാനും സന്തോഷം പങ്കുവയ്ക്കാനും സാധിച്ചത് സന്തോഷകരമായി എന്നതിലപ്പുറം എല്ലാവരേയും മാസ്‌കില്ലാതെ കാണാമല്ലോ എന്നതും ഗൂഗിള്‍ മീറ്റില്‍ പങ്കെടുക്കാന്‍ പ്രചോദനമായതായി പലരും അഭിപ്രായപ്പെട്ടു. അതോടൊപ്പം പരസ്പരം കരുതേണ്ടതിന്റെയും പ്രാര്‍ത്ഥിക്കേണ്ടതിന്റെയും പ്രസക്തിയും മീറ്റിംഗില്‍ ഓര്‍മ്മപ്പെടുത്തലായി. കൂടാതെ, ഓരോ വീട്ടുകാരും അവരവരുടെ വീടുകളില്‍ നടന്നതോ നടക്കാനിരിക്കുന്നതോ ആയ വിശേഷങ്ങളും ആഘോഷങ്ങളും മറ്റു കുടുംബങ്ങളുമായി പങ്കുവയ്ക്കുക, മറ്റുള്ളവര്‍ അവര്‍ക്ക് ആശംസകളും പ്രാര്‍ത്ഥനകളും നേരുക, അതുപോലെ തന്നെ എന്തെങ്കിലും തരത്തിലുള്ള പ്രതിന്ധികള്‍ നേരിടുന്നവര്‍ക്ക് അവ പങ്കുവയ്ക്കാനും ഈ മീറ്റിംഗ് വേദിയാകുന്നുണ്ട്.

സാമൂഹികവും മാനസികവുമായ ഉണര്‍വ്വ്

പ്രതിസന്ധികള്‍ നിറഞ്ഞ ഈ കാലത്ത് ശാരീരികവും മാനസികവും സാമ്പത്തികവുമായ പലവിധ ഞെരുക്കങ്ങളിലൂടെയാണ് ആളുകള്‍ കടന്നുപോകുന്നത്. പരസ്പരം കാണാനും സംസാരിക്കാനും കഴിയാത്ത അവസ്ഥ കൂടിയായതിനാല്‍ മനുഷ്യരുടെ സമൂഹജീവിതത്തെയും ഈ പ്രത്യേക അവസ്ഥ സാരമായി ബാധിച്ചു. ഇതിനെല്ലാം പരിഹാരം കൂടിയാണ് ഇത്തരത്തിലുള്ള വിര്‍ച്ച്വല്‍ മീറ്റിംഗെന്ന് ഫാ. പോളും അദ്ദേഹത്തിന്റെ ഇടവകാംഗങ്ങളും ഒരേ സ്വരത്തില്‍ പറയുന്നത്. പ്രത്യേകിച്ച് പ്രായാധിക്യത്തെ തുടര്‍ന്ന് വീടുകളില്‍ മാത്രമായി കഴിഞ്ഞിരുന്നവരും വളരെ സന്തോഷത്തോടെയാണ് ഈ പുതിയ സംരഭത്തെ ഏറ്റെടുത്തിരിക്കുന്നത്. വിവിധ അസുഖങ്ങളുടെ പേരില്‍ കിടപ്പിലായവര്‍, വികലാംഗര്‍ തുടങ്ങിയവര്‍ക്കും ഈ വിര്‍ച്ച്വല്‍ കുടുംബ കൂട്ടായ്മ പുതിയ അനുഭവമാണ് സമ്മാനിച്ചത്. അയല്‍ക്കാര്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലുമുള്ള ഐക്യവും ഇതിലൂടെ കൂടുതല്‍ ദൃഢമാകുന്നു.

കൂട്ടായ്മയിലൂടെ കാരുണ്യപ്രവാഹം

ഗൂഗിള്‍ മീറ്റിലൂടെ കുടുംബങ്ങള്‍ പരസ്പരം കണ്ടുമുട്ടുകയും വിശേഷങ്ങളും വിഷമങ്ങളും പങ്കുവയ്ക്കുകയും ചെയ്തതിലൂടെ പരസ്‌നേഹത്തിന്റെ മാതൃകയായും ഇടവകാംഗങ്ങള്‍ മാറി. മറ്റ് കുടുംബങ്ങളിലെ ആവശ്യമറിഞ്ഞ് സഹായം നല്‍കാനും അവര്‍ക്ക് താങ്ങും തണലുമായി നിന്ന് ആശ്വാസം പകരാനും അവര്‍ ശ്രമിച്ചു. അങ്ങനെ വിര്‍ച്ച്വല്‍ കുടുംബ കൂട്ടായ്മ വിജയമായതോടൊപ്പം തന്നെ ഇടവകയിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഊര്‍ജ്ജസ്വലമായി.

കൊറോണ ഉള്‍പ്പെടെയുള്ള ഏതെങ്കിലും രോഗത്തിനുള്ള ചികിത്സ ആവശ്യമുള്ളവര്‍, ക്വാറന്റീനും ലോക്ക് ഡൗണും കാരണം വരുമാനം മുടങ്ങിയവര്‍, എല്ലാവരും രോഗബാധിതരായ കുടുംബങ്ങള്‍, പഠനസഹായം ആവശ്യമുള്ള കുട്ടികള്‍ തുടങ്ങി പണമായോ ഭക്ഷണമായോ വാഹനസൗകര്യമായോ ആവശ്യമുള്ളവര്‍ക്കെല്ലാം എല്ലാ വിധത്തിലുള്ള സഹായവും കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നല്‍കിപ്പോരുന്നു.

പതിനഞ്ച് ലക്ഷത്തോളം രൂപ ഇതിനോടകം ആവശ്യക്കാരുടെ കൈകളില്‍ എത്തിച്ചുകഴിഞ്ഞു. ബ്രെയിന്‍ ഓപ്പറേഷന്‍ ആവശ്യമായി വന്ന ഒരു കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായി വന്ന അഞ്ച് ലക്ഷം രൂപയും അപകടത്തെ തുടര്‍ന്ന് ചികിത്സ വേണ്ടിവന്ന വ്യക്തിയ്ക്ക് ആറ് ലക്ഷം രൂപയും ഇടവകാംഗങ്ങള്‍ ചേര്‍ന്നാണ് നല്‍കിയത്. സഹായം ചോദിക്കാന്‍ മടിയുള്ള, എന്നാല്‍ സഹായം അത്യാവശ്യമായിട്ടുള്ള കുടുംബങ്ങളില്‍ ആരുമറിയാതെ പണം എത്തിച്ചുനല്‍കുകയും ചെയ്യുന്നു. കൂട്ടായ്മയിലൂടെ ഉളവാകുന്ന നന്മയാണ് ഇതിലൂടെയെല്ലാം പ്രകടമാകുന്നതെന്ന് പോളച്ചന്‍ പറയുന്നു.

പ്രത്യാശയുടെ ചെറു തിരിവെട്ടം

സിറ്റി നിവാസികളും ഫ്ലാറ്റുകളില്‍ താമസിക്കുന്നവരുമാണ് ഇടവകയില്‍ ബഹുഭൂരിഭാഗവും എന്നതിനാല്‍ തന്നെ പ്രത്യാശ നശിക്കുന്ന ഈ സമയത്ത് വലിയ ആശ്വാസമാണ് പലരും ഈ വിര്‍ച്ച്വല്‍ മീറ്റിംഗിലൂടെ അനുഭവിച്ചറിഞ്ഞതെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഏകാന്തതയ്ക്കും മുഷിച്ചിലിനും വലിയ രീതിയില്‍ ശമനം വന്നുവെന്നും പലരും പറയുന്നു. നമുക്ക് കേള്‍ക്കാനും നമ്മെ കേള്‍ക്കാനും ആളുണ്ട് എന്ന തോന്നലാണല്ലോ ഇക്കാലത്ത് ഏറ്റവും വലുത്. അതുകൊണ്ടു തന്നെ ഇനിയും ഓണ്‍ലൈനായി എല്ലാ മാസവും കുടുംബങ്ങള്‍ ഒത്തുചേരാമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ഫാ. പോള്‍ പാറേക്കാട്ടിലും ഇടവകാംഗങ്ങളും.

“അവര്‍ അപ്പസ്തോലന്മാമാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കല്‍, പ്രാര്‍ത്ഥനാ എന്നിവയില്‍ സദാ താല്‍പര്യപൂര്‍വ്വം പങ്കുചേര്‍ന്നു. വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും ചെയ്തു. അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു. അവര്‍ ഏകമനസ്സോടെ താല്‍പര്യപൂര്‍വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്തു. രക്ഷ പ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു” എന്ന അപ്പസ്‌തോല പ്രവര്‍ത്തനങ്ങളിലെ തിരുവചനമാണ് ഇത്തരം കൂട്ടായ്മകളിലൂടെ അന്വര്‍ത്ഥമാകുന്നത്.

കീര്‍ത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.