ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനെ തുടർന്ന് വീട്ടു തടങ്കലിലായി ജാർഖണ്ഡിലെ ക്രൈസ്തവ കുടുംബം

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ മാസങ്ങളായി വീട്ടതടങ്കലിൽ കഴിയുകയാണ് ജാർഖണ്ഡിൽ ഒരു കുടുംബം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനെ തുടർന്ന് പൊതു സമാധാനം ലംഘിച്ചു എന്ന പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുടുംബത്തെ വീട്ടുതടങ്കലിൽ ആക്കുകയും ആയിരുന്നു. ഗർവ ജില്ലയിലെ ഖാല ഗ്രാമത്തിൽ താമസിക്കുന്ന ആശാ കോർവയ്ക്കും കുടുംബത്തിനും ആണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്.

ജനുവരി ആദ്യം ആയിരുന്നു ഈ കുടുംബം ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് കടന്നു വന്നത്. അതിനുശേഷം ആയിരുന്നു ഈ കുടുംബത്തിന് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചത്. ജനുവരി മാസം 30 -നാണ് ആദ്യ ആക്രമണം ഉണ്ടായത്. അന്ന് തങ്ങളെ അതിക്രമിച്ച ജനക്കൂട്ടത്തെ തടയുവാൻ അവിടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പോലും ശ്രമിച്ചില്ല എന്ന് രണ്ടു കുഞ്ഞു കുട്ടികളുടെ അമ്മയായ ആശ പറയുന്നു. ആക്രമണത്തിൽ ആശയ്ക്കും മക്കൾക്കും ഭർത്താവിനും പരിക്കേറ്റിരുന്നു. ഗർവ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ ആശയുടെ ഭർത്താവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ക്രിമിനൽ പ്രൊസീജ്യർ കോഡിലെ സെക്ഷൻ 107 പ്രകാരം സമാധാനവും പൊതു സമാധാനവും ലംഘിച്ചതിന് ഉത്തരവാദിയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. കൂടാതെ കുടുംബത്തെ മുഴുവൻ കസ്റ്റഡിയിൽ എടുക്കുമെന്നും ഭീഷണിപ്പെടുത്തി.

കൂടാതെ ഗ്രാമവാസികളിൽ നിന്ന് വധഭീഷണിയും ഉണ്ടായിട്ടുണ്ട്. ഇതൊക്കെ പോലീസിന്റെ മുന്നിൽ തന്നെയാണ് നടക്കുന്നതെന്നും യാതൊരു നടപടിയും അവർ സ്വീകരിച്ചില്ല എന്നും തങ്ങളെ വീട്ടു തടങ്കലിൽ ആക്കുകയായിരുന്നു എന്നും ആശയും കുടുംബവും വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.