ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു എന്ന വ്യാജവാർത്തകൾ തള്ളി കെഎസ്ഇബി

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ കെഎസ്ഇബി. ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകൾ തുറന്നുവിടുന്നു എന്ന വ്യാജവാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ഇബി വിശദീകരണവുമായി രംഗത്തെത്തിയത്.

ഇടുക്കി ഡാമിൽ വെറും മുപ്പതു ശതമാനം മാത്രമാണ് ഇന്നത്തെ ജലനിരപ്പ്. കക്കി, ഷോളയാർ, പമ്പ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ ഡാമുകളിൽ എല്ലാം കൂടി നിലവിൽ 30 % ത്തിൽ താഴെ മാത്രമേ വെള്ളം ഉള്ളൂ. ഈ ഡാമുകൾ എല്ലാം തുറന്നുവിട്ടു എന്ന നിലയിലുള്ള പ്രചാരണങ്ങളാണ് എപ്പോൾ പലയിടത്തു നിന്നും ഉയരുന്നത്. ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നിരിക്കുന്നത്. അതിനാൽ ഭയപ്പെടേണ്ട എന്നും ജാഗ്രത പാലിക്കണം എന്നും കെഎസ്ഇബി അറിയിച്ചു.