ഇത് ആ പൊറിഞ്ചുവിന്റെ പള്ളിയല്ലാട്ടോ

അജി ജോസഫ് കാവുങ്കല്‍
അജി ജോസഫ് കാവുങ്കല്‍

ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈദീകരെയും ദേവാലയങ്ങളെയും മോശമായി ചിത്രീകരിച്ചുകൊണ്ട് ഒരു പോസ്റ്റ് എഡിറ്റ്‌ ചെയ്ത് പ്രചരിക്കുന്നത് വായിക്കുവാനിടയായി. അത് വല്ലാതെ വേദനിപ്പിച്ചു. അതാണ് ഇങ്ങനെയൊരു പോസ്റ്റിടാൻ എന്നെ പ്രേരിപ്പിച്ചത്.

ഇത് ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന മുണ്ടക്കയത്തിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള ദേവാലയം. ഈ ദേവാലയത്തിനു വേണ്ടി സ്ഥലം വാങ്ങി നൽകിയതും പള്ളി പണിയുടെ മുഴുവൻ ചിലവ് വഹിച്ചതും ഉത്തമ കത്തോലിക്കാ വിശ്വാസിയായിരുന്ന മർഫി സായിപ്പായിരുന്നു. 1927 ജൂൺ ഒന്നിനാണ് ദേവാലയം ആശീർവദിക്കപ്പെടുന്നതും വിശ്വാസികൾക്ക് ആരാധനയ്ക്കായി തുറന്നു കൊടുക്കുന്നതും. ഇത് പഴയ കഥ. ആമുഖമായി പറഞ്ഞെന്നു മാത്രം.

പിന്നീടങ്ങോട്ട് വർഷങ്ങൾ കടന്നുപോയി.ഈ ദേവാലയം പാപികളുടെ സങ്കേതമെന്ന് അറിയപ്പെടാനും, പരിശുദ്ധ അമ്മയുടെ അനുഗ്രഹം തേടിയെത്തുന്ന വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹവും, തദ്ദേശീയരായ വിശ്വാസികളുടെ എണ്ണവും കൂടിവന്നു. ഒപ്പം ബസ് സ്റ്റാന്റിനടുത്ത് സ്ഥിതി ചെയ്യുന്നു എന്ന കാരണം കൊണ്ടും, വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒക്കെക്കൂടി ആയപ്പോൾ ഞായറാഴ്ചകളിലും മറ്റും വിശുദ്ധ കുർബാനയ്‌ക്കെത്തുന്ന മുഴുവൻ പേരെയും ഉൾക്കൊള്ളാൻ പള്ളിയിൽ ഇടമില്ലാതെയായി.

2008 മുതൽ വികാരിയായി സേവനമനുഷ്ഠിച്ചിരുന്നത് റവ. ഫാ. ജോബ് കുഴിവയലിൽ അച്ചനായിരുന്നു. ഇടവകയിലെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും ആഢംബരങ്ങളെയും അനാവശ്യ ചിലവുകളെയും ഒഴിവാക്കാൻ ശ്രദ്ധിച്ചിരുന്ന ജോബച്ചന്റെ അടുക്കലുള്ള, ഇടവക സമിതിയുടെ നിരന്തര സമ്മർദ്ദം മൂലം പള്ളി പുതുക്കി പണിയുകയെന്ന നിർദ്ദേശം ചർച്ചയായി. കൂടുതൽ സൗകര്യങ്ങളോടു കൂടിയ പള്ളി എന്ന ചരിത്രനിയോഗത്തിന് അങ്ങനെ തുടക്കം കുറിച്ചു. എല്ലാ വിശ്വാസികളും ഏകമനസ്സോടെ അച്ചന്റെ പിന്നിൽ അണിനിരന്നു. അവരിൽ പല റീത്തുകാരുണ്ടായിരുന്നു. ഹൈന്ദവരും മുസ്ലീങ്ങളുമുണ്ടായിരുന്നു. അംഗസംഖ്യ വച്ചു നോക്കുമ്പോൾ വലിയ ഇടവകയായിരുന്നെങ്കിലും സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നു. ഇടത്തരക്കാരും തോട്ടം തൊഴിലാളികളുമടങ്ങുന്ന വിശ്വാസി സമൂഹം.

പണികൾ കുറെയേറെ പിന്നിട്ടപ്പോൾ ഇടവക സമിതി പോലും അങ്കലാപ്പിലായി. പ്രധാന കാര്യം സാമ്പത്തികം തന്നെ. പള്ളിക്ക് സംഭാവന കൊടുത്താൽ അനുഗ്രഹമോ? ഇടവക ജനത്തെ പലതായി തിരിച്ച് സംഭാവന ശേഖരിച്ചെങ്കിലും അതൊന്നും മതിയാകാതെ വന്ന സാഹചര്യത്തിൽ സമ്മാന കൂപ്പൺ വിറ്റഴിച്ചു. ഒന്നാം സമ്മാനം ലഭിച്ച മോട്ടോർ ബൈക്ക്, സീറോ മലബാർ റീത്തിൽ അംഗമായ മനുഷ്യൻ പള്ളിക്ക് ലേലം ചെയ്യാൻ തിരികെ നൽകി. ഇന്നും ആ മനുഷ്യന് ദൈവം അനുഗ്രഹമല്ലാതെ പരാജയം സമ്മാനിച്ചതായി അറിവില്ല.

ഞായറാഴ്ചകളിൽ മതപഠനവും കഴിഞ്ഞ് ഇടവകയിലെ വീടുകൾ തോറും കയറിയിറങ്ങി ആക്രിസാമഗ്രികൾ ശേഖരിച്ച KCYM പ്രവർത്തകരെയും മതാധ്യാപകരെയും നേരിട്ടറിയാം. അവർക്കൊന്നും ഈ നിമിഷം വരെ ജീവിതത്തിൽ പരാജയം രുചിച്ചതായി അറിവില്ല. കൊടിമരവും, കട്ടിളയും, ജനലുകളും, മരവും സംഭാവനയായി നല്കിയവരെയും അറിയാം. അവരെയൊക്കെയും ദൈവം സമൃദ്ധമായി അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നതായി മാത്രമേ എനിക്കറിവുള്ളൂ. ഇതെല്ലാമറിയാവുന്ന ഈയുള്ളവനായിരുന്നു പുതിയ ദേവാലയത്തിനുള്ളിലെ ബെഞ്ചുകൾ പണിതത്.

നാല്പത് ബെഞ്ചുകൾ തീർക്കുന്നതിനായിരുന്നു അച്ചന്റെ നിർദ്ദേശം. കുടുംബത്തിന്റെ സംഭവനയ്ക്ക് പുറമേ, കൂടുതലായി എന്റെ വക ഒരു ബെഞ്ചു കൂടി പണിതു നൽകി. 2015 ഡിസംബർ 20-ന് ദേവാലയ കൂദാശ ദിനത്തിൽ എനിക്കു ലഭിച്ച കൊച്ചുസമ്മാനം പ്രിയപ്പെട്ട സെബാസ്റ്റ്യൻ പൂവത്തുങ്കൽ അച്ചനിൽ നിന്നു തന്നെ വാങ്ങി ദേവാലയത്തിൽ തിങ്ങിക്കൂടിയ വിശ്വാസികളുടെ നടുവിലൂടെ നടന്നുപോരാൻ കഴിഞ്ഞതും ഇന്ന്, ഈ നിമിഷം വരെയും ഈ വിരൽ ചലിപ്പിക്കാൻ കഴിയുന്നതുമെല്ലാം എല്ലാ അനുഗ്രഹങ്ങളും ദൈവത്തെയും ദൈവാലയത്തെയും സ്നേഹിച്ചതു കൊണ്ടാണെന്ന് ഞാൻ തീർച്ചയായും വിശ്വസിക്കുന്നു. സക്കേവൂസിനെപ്പോലെ കുറിയവനായ എനിക്ക് ഇത്രമേൽ അനുഗ്രഹം ചൊരിഞ്ഞ ദൈവവും ദേവാലയവും എന്നേക്കാൾ വലിയവരിലും ചെറിയവരിലും എത്രയോ അധികം അനുഗ്രഹം ചൊരിയുന്നുണ്ടാകും.

അതവിടെ നിൽക്കട്ടെ. ഒരു വർഷം കൂടി പിന്നിട്ടു. 2016. എട്ട് വർഷത്തെ സേവനത്തിനു ശേഷം മുണ്ടക്കയത്തെ വിശ്വാസികൾക്ക് പുതുക്കിയ പള്ളി നിർമ്മാണത്തിന് രാപ്പകലില്ലാതെ കഷ്ടപ്പെട്ട വികാരിയച്ചന് സ്ഥലം മാറ്റമായി. ഇടവക സമിതി വലിയ യാത്രയയപ്പിന് തയ്യാറെടുത്തു. അച്ചൻ അതിന് വഴങ്ങിയില്ലെന്നു മാത്രമല്ല, ഒരു പാരിതോഷികങ്ങളും സ്വീകരിക്കില്ലെന്നു കൂടി പറഞ്ഞപ്പോൾ ആ ലാളിത്യവും എളിമയും ഒരിക്കൽക്കൂടി ഇടവക ജനത്തിന് ബോധ്യമാവുകയായിരുന്നു അച്ചന്റെ അടുത്ത സേവനസ്ഥലമായ പാക്കിൽ ഇടവകയിലേയ്ക്ക് ഒരു സ്യൂട്കേസിൽ കൊള്ളുന്ന തന്റെ വസ്ത്രങ്ങളുമായി കടന്നുപോയി. ഈ അവസരത്തിൽ ജോബച്ചനെ ഒത്തിരി നന്ദിയോടെ ഓർക്കുന്നു.

പള്ളി മുണ്ടക്കയത്തിന്റെ തിലകക്കുറിയായി, പാപികളുടെ സങ്കേതമായി ഇന്നും ഇവിടെത്തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. ഈ ദേവാലയത്തിലെത്തി പരിശുദ്ധ അമ്മയോട് അപേക്ഷിക്കുന്നവർക്ക് ആശ്വാസവും ആശ്രയവുമായി തന്റെ പ്രിയസുതനോടുള്ള പ്രാർത്ഥനയോടെ അമ്മ വിശ്വാസികൾക്ക് മാദ്ധ്യസ്ഥമരുളുന്നു.

ദേവാലയം കൊണ്ടുള്ള ഗുണം ഇനിയും ആർക്ക്? അച്ചനോ? അതോ ഇടവക ജനത്തിനും വരും തലമുറയ്ക്കുമോ? പൊറിഞ്ചുവിന്റെ പഴയ വീട് ഇടിഞ്ഞു വീണെങ്കിൽ പുതിയത് പണിതു നൽകാൻ ശക്തനാണ് ദൈവം. കർത്താവിന് ഒരു പദ്ധതിയുണ്ട്. അതിനുള്ള മൂലക്കല്ല് അവിടുന്ന് നിർമ്മിച്ചു കഴിഞ്ഞു. അത് കണ്ടെത്തുക എന്നുള്ളതാണ് പൊറിഞ്ചുവിന്റെ ധർമ്മം. എന്റെയും നിങ്ങളുടെയും ധർമ്മം. അത് കണ്ടെത്താൻ ക്രിസ്തുവിലേയ്ക്ക് നോക്കണം. അയൽവാസിയായ പലിശക്കാരന്റെ മുഖത്തേയ്‌ക്കോ അവന്റെ ആഡംബര ജീവിതത്തിലേയ്ക്കോ അല്ല നോക്കേണ്ടത്. കർത്താവിന്റെ മുഖത്തേയ്ക്കു മാത്രം.

ആരോ സൃഷ്ടിച്ച പൊറിഞ്ചു എന്ന കഥാപാത്രത്തിന്റെ പേരിൽ കത്തോലിക്കാ സഭയെയും പുരോഹിതരെയും പഞ്ഞിക്കിടുകയും ദേവാലയങ്ങളിൽ കർത്താവില്ലെന്ന് മുറവിളി കൂട്ടുകയും ചെയ്യുന്നവർ പണ്ട് ഹൈന്ദവ വിശ്വാസിയായിരുന്ന, ഇന്ന് യേശുക്രിസ്തുവിലും കത്തോലിക്കാ സഭയിലും വിശ്വസിക്കുന്ന ഈയുള്ളവന്റെ വിശ്വാസത്തില്‍ ഒരംശമെങ്കിലും മുഖവിലയ്‌ക്കെടുത്തിരുന്നെങ്കിലെന്ന് വെറുതെ ആശിച്ചു പോകുന്നു!!!

അജി ജോസഫ് കാവുങ്കല്‍