വ്യാജവാർത്തകളുടെ പിടിയിൽ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രവും: സത്യം വെളിപ്പെടുത്തി സെഹിയോൻ മിനിസ്ട്രീസ്  

വിദേശത്ത് നേഴ്‌സിംഗ് ജോലി വാങ്ങിനൽകാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ അട്ടപ്പാടി ധ്യാനകേന്ദ്രത്തിന് യാതൊരു പങ്കുമില്ല എന്ന് വെളിപ്പെടുത്തി ധ്യാനകേന്ദത്തിന്റെ അഡ്‌മിനിസ്‌ട്രേറ്റർ റെജി അറയ്ക്കൽ. നേഴ്‌സിംഗ് ജോലി വാങ്ങിത്തരം എന്ന് വാഗ്ദാനം നൽകി നിരവധി ആളുകളിൽ നിന്ന് കോടിക്കണക്കിനു രൂപ തട്ടിയതായി തേവര പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിലാണ്, സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ പേരും പരാമർശിക്കപ്പെട്ടത്. ഇതേ തുടർന്നാണ് ധ്യാനകേന്ദ്രം അധികൃതർ വിശദീകരണം നൽകിയത്.

“അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന് ഈ കേസുമായി യാതൊരു ബന്ധവുമില്ല. ആരെങ്കിലും ചെയ്യുന്ന കാര്യത്തിന് ധ്യാനകേന്ദ്രം ഉത്തരവാദിയല്ല.” – റെജി അറയ്ക്കൽ വ്യക്തമാക്കി. കുറച്ചു നാളുകൾക്കു മുമ്പു തന്നെ, സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ പേരിൽ വാട്സാപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ധ്യാനകേന്ദ്രത്തിന്റെ പേരിലായതിനാൽ ധാരാളം വിശ്വാസികൾ ഈ ഗ്രൂപ്പിൽ അംഗമാകുന്നത് ശ്രദ്ധയിൽപ്പെട്ട ധ്യാനകേന്ദ്രം അധികൃതർ, ഈ ഗ്രൂപ്പുകൾ ധ്യാനകേന്ദ്രമായോ അതിന്റെ പ്രവർത്തനങ്ങളുമായോ ഒരു തരത്തിലും ബന്ധപ്പെട്ടു നിൽക്കുന്നതല്ല എന്ന് അറിയിക്കുകയും ഇതു സംബന്ധിച്ച വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഇതു കഴിഞ്ഞ് രണ്ടു വർഷങ്ങൾക്കു ശേഷമാണ് ഇത്തരത്തിലുള്ള ഒരു ആരോപണം ഉയര്‍ന്നിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.